സലാ ഉണ്ടാകില്ല, ആദ്യ മത്സരത്തിന്

Posted on: June 13, 2018 6:20 am | Last updated: June 13, 2018 at 12:31 am
SHARE

ഗ്രോസ്‌നി (റഷ്യ): റഷ്യയിലെത്തിയ ഈജിപ്തിന്റെ ലോകകപ്പ് ഫുട്‌ബോള്‍ ടീം ഗ്രോസ്‌നിയിലെ അക്മാത് അറീനാ സ്റ്റേഡിയത്തില്‍ പരിശീലനം തുടങ്ങി. ഫോര്‍വേഡ് മുഹമ്മദ് സലായും പരിശീനത്തില്‍ കഴിഞ്ഞ ദിവസം പങ്കാളിയായിരുന്നു. എന്നാല്‍, ഉറുഗ്വെക്കെതിരായ ആദ്യ മത്സരത്തില്‍ ബൂട്ടണിയുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ല. ഈ മാസം 15നാണ് മത്സരം.

കഴിഞ്ഞ മാസം റയല്‍ മാഡ്രിഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ തോളെല്ലിന് പരുക്കേറ്റതാണ് സലാക്ക് കളി നഷ്ടപ്പെടാന്‍ ഇടയാക്കുന്നത്. തിങ്കളാഴ്ച അറീനാ സ്റ്റേഡിയത്തില്‍ ചെറിയ പരിശീലനം മാത്രമാണ് സലാക്ക് നല്‍കിയതെന്ന് ഈജിപ്ത് ഫുട്‌ബോള്‍ ടീം മാനേജിംഗ് ഡയറക്ടര്‍ ഇഹാബ് ലെഹിത പറഞ്ഞു. സലാ ഉറുഗ്വെക്കെതിരെ കളിക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘പരുക്ക് പതുക്കെ ഭേദമായി വരുന്നുണ്ട്. എന്നിരുന്നാലും, ആദ്യ കളിയില്‍ സലാ ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഈ ലോകകപ്പില്‍ അദ്ദേഹം കളിക്കുമെന്ന് പ്രതീക്ഷിക്കാം എന്നേ പറയുന്നുള്ളൂ’- ലെഹിത ഒഴിഞ്ഞുമാറി.

കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന് വേണ്ടി 44 ഗോള്‍ നേടിയ താരമാണ് മുഹമ്മദ് സലാ. റയല്‍ മാഡ്രിനെതിരായ മത്സരത്തിനിടെയേറ്റ പരുക്കില്‍ നിന്ന് മുക്തനായെന്ന് ഈ അടുത്ത ദിവസം വരെ സലാ തന്നെ വ്യക്തമാക്കിയിരുന്നതാണ്. പക്ഷേ, ഇതില്‍ അവ്യക്തതയുണ്ടെന്നാണ് ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നല്‍കുന്ന സൂചന. സഊദി അറേബ്യ, റഷ്യ എന്നിവര്‍ക്കെതിരെയാണ് ഈജിപ്തിന്റെ മറ്റ് ഗ്രൂപ്പ് എ മത്സരങ്ങള്‍.