Connect with us

Sports

ലോകകപ്പ്: സാധ്യതകള്‍, കണക്കു കൂട്ടലുകള്‍

Published

|

Last Updated

സൗഹൃദ മത്സരത്തില്‍ ബെല്‍ജിയത്തിന്റെ ലുകാകുവും കോസ്റ്റാ റിക്കയുടെ ഓസ്‌കാര്‍ ഡ്വാര്‍ടെയും പന്തിനായി. മത്സരം 4-1ന് ബെല്‍ജിയം നേടിസൗഹൃദ മത്സരത്തില്‍ ബെല്‍ജിയത്തിന്റെ ലുകാകുവും കോസ്റ്റാ റിക്കയുടെ ഓസ്‌കാര്‍ ഡ്വാര്‍ടെയും പന്തിനായി. മത്സരം 4-1ന് ബെല്‍ജിയം നേടി

ബെല്‍ജിയം ചെറിയ ടീമല്ല

കാല്‍പ്പന്ത് കളിയുടെ മഹാമേളക്ക് നാളെ റഷ്യയില്‍ ആരവമുയരുകയായി. കളിഭ്രാന്തന്മാരുടെ കണ്ണും കാതും പന്തോളം ചുരുങ്ങുന്ന റഷ്യയിലേക്ക് മാത്രമാകുന്നു. ഇഷ്ട താരങ്ങള്‍ക്കൊപ്പം ടീമുകളെയും നെഞ്ചോട് ചേര്‍ത്താണ് ലോകത്തെവിടെയുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ഉറക്കമുണരുന്നത് തന്നെ. പ്രവചനങ്ങള്‍ക്കും വാതുവെപ്പുകള്‍ക്കും ഒട്ടും കുറവുണ്ടാകില്ല ഇത്തവണയും. ജൂലൈ 15ന് കളിക്കളത്തില്‍ അവശേഷിക്കുന്ന രണ്ട് ടീമുകള്‍ കൊമ്പുകോര്‍ക്കാന്‍ മോസ്‌കോ ലുസ്‌നി സ്റ്റേഡിയത്തില്‍ അണിനിരക്കുമ്പോള്‍ 32 ആയി ചിതറി നിന്നിരുന്ന ആരാധകവൃന്ദം കേവലം രണ്ടിലേക്ക് ചുരുങ്ങും. അതാണ് ഫുട്‌ബോളിന്റെ മാസ്മരികത. ഉലകം ഫുട്‌ബോളില്‍ പിന്നെ ഒന്നാകും.

എന്നാലും, ഫുട്‌ബോള്‍ പ്രേമികള്‍ കണക്കുകൂട്ടലിലാണ്. ആര് നേടും? ആര് വീഴും? ഉത്തരം പറയുക അസാധ്യം. അത്രക്കും പ്രവചനാതീതമാണ് ലോകകപ്പ് ഫുട്‌ബോള്‍.

എണ്ണം പറഞ്ഞ 32 ടീമുകള്‍. ഫ്രാന്‍സ്, ജര്‍മനി, ബ്രസീല്‍, പോര്‍ച്ചുഗല്‍, അര്‍ജന്റീന, ബെല്‍ജിയം, പോളണ്ട്, റഷ്യ, പെറു, മൊറോക്കോ, ഇംഗ്ലണ്ട്, കൊളമ്പിയ, നൈജീരിയ, കോസ്റ്റാറിക്ക, സെര്‍ബിയ, സഊദി അറേബ്യ, സ്‌പെയിന്‍, ആസ്ത്രിയ, സെനഗല്‍, ദക്ഷിണ കൊറിയ, ഇറാന്‍, ഡെന്മാര്‍ക്ക്, സ്വീഡന്‍, ജപ്പാന്‍, ക്രൊയേഷ്യ, മെക്‌സിക്കോ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ടുണീഷ്യ, പാനമ, ഉറുഗ്വെ, ഈജിപ്ത്, ഐസ്‌ലാന്‍ഡ്. എല്ലാവരും അവരുടെ നിലയില്‍ കരുത്തര്‍. പക്ഷേ, വിജയം ഒരാളെ മാത്രമേ തുണക്കുകയുള്ളൂ…

ആര് നേടും?

പ്രവണതകള്‍, സ്ഥിതിവിവര കണക്കുകള്‍, പൂര്‍വ മാതൃകകള്‍ എന്നിവ കണക്കിലെടുത്ത് ഒരൂഹത്തില്‍ എത്തിച്ചേരാന്‍ സാധിക്കുമോ? വിജയം മികച്ച ടിമിനൊപ്പം മാത്രമായിരിക്കും എന്ന് ഒരിക്കല്‍ കൂടി അടിവരയിട്ടു കൊണ്ട് ആ നിഗമനത്തിലേക്ക് കടക്കാം.

ലോകകപ്പ് കളിക്കുന്ന ടീമുകളുടെ എണ്ണം 32 ആയി ഉയര്‍ത്തിയ 1998ന് ശേഷം കപ്പുയര്‍ത്തിയ ഇറ്റലി ഒഴികെയുള്ള രാജ്യങ്ങള്‍ ഇത്തവണ യോഗ്യത നേടിയിട്ടുണ്ട്. “ദൈവത്തിന്റെ കൈകയാല്‍” ഡിഗോ മറഡോണ 1986ല്‍ കപ്പ് പിടിച്ചെടുത്തുകൊടുത്ത അര്‍ജന്റീനയും ഇത്തവണ ശക്തരായുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് “ഈ കളിയില്‍” 24 ടീമുകളെ ആദ്യ ഘട്ടത്തില്‍ തന്നെ ഒഴിവാക്കാം.

ശേഷിക്കുന്നവര്‍: ഫ്രാന്‍സ്, ജര്‍മനി, ബ്രസീല്‍, പോര്‍ച്ചുഗല്‍, അര്‍ജന്റീന, ബെല്‍ജിയം, പോളണ്ട്, റഷ്യ.

(റഷ്യ മികച്ച ടീമല്ല. ലോക ഫിഫ റാങ്കിംഗില്‍ 66ാമത് നില്‍ക്കുന്ന രാജ്യമാണ്. ആതിഥേയ രാഷ്ട്രം എന്ന നിലയിലുള്ള പരിഗണനയിലാണ് അവര്‍ക്ക് “ഈ കളിയില്‍” ക്വാര്‍ട്ടര്‍ അനുവദിച്ചത്)

ആതിഥേയരാകൂ, കപ്പുയര്‍ത്തൂ…

കളിക്ക് സ്വന്തം മണ്ണ് വിട്ടുകൊടുത്ത് കപ്പടിക്കാമെന്ന് ആരും കരുതുന്നില്ല. ആതിഥേയത്വം കപ്പിലേക്കുള്ള എളുപ്പവഴിയല്ലെന്ന് ചുരുക്കം. കണക്കുകള്‍ പരിശോധിക്കാം. 1930 മുതല്‍ 1978 വരെ നടന്ന 11 എഡിഷന്‍ മത്സരങ്ങളില്‍ അഞ്ച് തവണയാണ് ആതിഥേയര്‍ കപ്പുയര്‍ത്തിയത്. കഴിഞ്ഞ ഒമ്പത് ലോകകപ്പിലാകട്ടെ ആതിഥേയരെ വിജയം കനിഞ്ഞത് ഒരേ ഒരു തവണ- 1998ല്‍ ഫ്രാന്‍സ്. അമേരിക്ക, ജപ്പാന്‍, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക… കപ്പടിക്കാത്ത ആതിഥേയരുണ്ട് ഏറെ. നാല് തവണ കപ്പുയര്‍ത്തി ബ്രസീലിന് ഒരിക്കല്‍ പോലും ആതിഥേയത്വം തുണയായതുമില്ല. 1990ല്‍ ഇറ്റലിയോ 2006ല്‍ ജര്‍മനിയോ കപ്പില്‍ ചുംബിച്ചത് സ്വന്തം മണ്ണില്‍ ചവിട്ടിനിന്നല്ല. അതുകൊണ്ട് റഷ്യയെ നിര്‍ദയം വെട്ടി പട്ടിക ഏഴായി ചുരുക്കുന്നു.

ശേഷിക്കുന്നവര്‍: ഫ്രാന്‍സ്, ജര്‍മനി, ബ്രസീല്‍, പോര്‍ച്ചുഗല്‍, അര്‍ജന്റീന, ബെല്‍ജിയം, പോളണ്ട്.

ശക്തരാകൂ, വിജയം അരികെ…

ശേഷിക്കുന്ന ഏഴ് ടീമുകളുടെ ഗോള്‍ വഴക്കം പരിശോധിക്കാം. യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ ഏറ്റവും ദുര്‍ബലമായ പ്രതിരോധമായിരുന്നു പോളണ്ടിന്റേത്. കളിയൊന്നില്‍ 1.4 ഗോള്‍ എന്നതാണ് അവരുടെ ഗോള്‍ വഴക്കത്തിന്റെ ശരാശരി. അതേസമയം, ജര്‍മനിയും പോര്‍ച്ചുഗലും 0.4 ഗോളുകള്‍ മാത്രമാണ് കളിയൊന്ന് എന്ന കണക്കില്‍ വഴങ്ങിയത്. ബെല്‍ജിയം, ഫ്രാന്‍സ് (0.6), ബ്രസീല്‍ (0.61), അര്‍ജന്റീന (0.88) ഇതാണ് ഗോള്‍ വഴക്കത്തില്‍ മറ്റ് ടീമുകളുടെ അവസ്ഥ. തമ്മില്‍ മെച്ചപ്പെട്ട അറ് ടീമുകള്‍ ശേഷിക്കും. പുറത്താകുന്നത് പോളണ്ട്.

ശേഷിക്കുന്നവര്‍: ഫ്രാന്‍സ്, ജര്‍മനി, ബ്രസീല്‍, പോര്‍ച്ചുഗല്‍, അര്‍ജന്റീന, ബെല്‍ജിയം.

ചാമ്പ്യന്മാര്‍ യൂറോപ്യനാകണം എന്നുണ്ടോ?

“ഇല്ല” എന്നുതന്നെയാണ് മുഴുവന്‍ ഫുട്‌ബോള്‍ ആവേശവും വെച്ച് വിളിച്ചു പറയാന്‍ കഴിയുക.
പക്ഷേ, ചരിത്രം? യൂറോപ്പിലേക്കോ തെക്കേ അമേരിക്കയിലേക്കോ മാത്രമേ ഇതുവരെ വിജയികളുടെ തോളിലേറി ലോകകപ്പ് സഞ്ചരിച്ചിട്ടുള്ളൂ. പൊതുവെ നിറം മങ്ങുന്ന പ്രകടനം നടത്തുന്ന യൂറോപ്യന്‍ ടീമുകള്‍ 2010ല്‍ സ്‌പെയിനിലൂടെയും 2014ല്‍ ജര്‍മനിയിലൂടെയും തിരിച്ചുവരവ് നടത്തിയിട്ടുണ്ട്.

യൂറോപ്യന്‍ വിജയങ്ങള്‍ ഭൂരിപക്ഷവും യൂറോപ്യന്‍ മണ്ണിലാണെന്നത് മറ്റൊരു ചരിത്രം. പത്ത് ലോകകപ്പുകള്‍ യൂറോപ്യന്‍ മണ്ണില്‍ നടന്നപ്പോള്‍ ഒരിക്കല്‍ മാത്രമാണ് കപ്പ് വന്‍കര കടന്നത്. അതിനാകട്ടെ 1958 വരെ പിന്തിരിഞ്ഞ് നടക്കേണ്ടി വരും. സ്വീഡനില്‍ നടന്ന ആ മാമാങ്കത്തില്‍ കപ്പ് കൊണ്ടുപോയത് തെക്കേ അമേരിക്കക്കാരായ ബ്രസീല്‍. ഊന്നിപ്പറയുന്നത്, യൂറോപ്യന്മാര്‍ മിന്നിക്കും എന്നു തന്നെയാണ്. അപ്പോള്‍ ബ്രസീലും അര്‍ജന്റീനയും പുറത്ത്.

ശേഷിക്കുന്നവര്‍: ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മനി, പോര്‍ച്ചുഗല്‍.

വല കാക്കുന്നവര്‍ ടീമിനെയും രക്ഷിക്കും?

ഗോളടിച്ചുകൂട്ടുന്നവരാണ് എന്നും ഫുട്‌ബോളിന്റെ വിജയശില്‍പ്പികളായി വാഴ്ത്തപ്പെടുന്നത്. പക്ഷേ, ചരിത്രം എത്ര വിചിത്രമാണ്. 1982ന് ശേഷം സുവര്‍ണ പാദുകം (ഗോള്‍ഡന്‍ ബൂട്ട്) നേടിയ രണ്ടേരണ്ട് കളിക്കാരുടെ ടീം മാത്രമേ അതത് വര്‍ഷം ലോക കപ്പ് നേടിയിട്ടുള്ളൂ. 2002ല്‍ റൊണാള്‍ഡോയുടെ ബ്രസീലും 2010ല്‍ ഡേവിഡ് വില്ലയുടെ സ്‌പെയിനും.

അപ്പോള്‍ ഗോളടിയന്മാരിലൂടെ ലോകകപ്പ് ജേതാക്കളെ പ്രവചിക്കുക അസാധ്യം. ഗോള്‍കീപ്പര്‍ ആയാലോ? പരിശോധിക്കാം. അവസാന അഞ്ച് ലോകകപ്പുകളില്‍ മികച്ച ഗോള്‍കീപ്പര്‍മാര്‍ക്കുള്ള “ഗോള്‍ഡന്‍ ഗ്ലൗവ്” പുരസ്‌കാരം നേടിയ നാല് പേരും അതത് വര്‍ഷം തങ്ങളുടെ ടിമിന് വേണ്ടി ലോകകപ്പ് ഉയര്‍ത്തിയവരാണ്. അങ്ങനെയെങ്കില്‍ ഈ “കണക്കിലെ കളി”യില്‍ ശേഷിക്കുക മൂന്ന് ടീമുകള്‍. മാനുവല്‍ ന്യൂവറിന്റെ ജര്‍മനി, ഹ്യൂഗോ ലോറിസിന്റെ ഫ്രാന്‍സ്, തിബൗട്ട് കോര്‍ട്ടോയിസിന്റെ ബെല്‍ജിയം.

ശേഷിക്കുന്നവര്‍: ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മനി.

അനുഭവം വിജയമാകും

മികച്ച പരിശീലനവും അനുഭവ സമ്പത്തുമുള്ള ടീമാണ് ലോകകപ്പ് നേടുക എന്നതാണ് 1998 മുതലുള്ള ചരിത്രം. അനുഭവം പ്രതിഫലമായി വരുമെന്ന് സാമ്പത്തിക തത്വം. ശേഷിക്കുന്ന ടീമുകളില്‍ ഓരോന്നിന്റെയും കളിക്കാര്‍ വാങ്ങുന്ന പ്രതിഫലത്തിന്റെ ശരാശരി പരിശോധിച്ചാല്‍ ഈ “കളി” എളുപ്പത്തില്‍ മനസ്സിലാക്കാം.
ഫ്രാന്‍സിന്റെ ഓരോ കളിക്കാരനും വാങ്ങുന്ന പ്രതിഫലത്തിന്റെ ശരാശരി 22.77 മാത്രമാണ്. നാല് വര്‍ഷം മുമ്പ് കപ്പുമായി പറക്കുമ്പോള്‍ ജര്‍മന്‍ കളിക്കാരുടെ ശരാശരി 42.21 ആയിരുന്നു.
2002ല്‍ ബ്രസീലിന്റെ കളിക്കാരുടെ പ്രതിഫല ശരാശരി 28.04 ആയിരുന്നപ്പോള്‍ 2006ല്‍ ഇറ്റലിയുടേത് 32.91ഉം 2010ല്‍ സ്‌പെയിനിന്റേത് 38.30വും ആയിരുന്നു. അപ്പോള്‍ കാര്യം വ്യക്തമായി, ഫ്രാന്‍സ് പുറത്ത്!

ശേഷിക്കുന്നവര്‍: ബെല്‍ജിയം, ജര്‍മനി.

കൈയിലെ കപ്പ് പ്രതിബന്ധം

നിലവിലെ ചാമ്പ്യന്മാരെ തുണക്കുന്ന ചരിത്രം എഴുതിച്ചേര്‍ക്കാന്‍ ലോകകപ്പ് ഫുട്‌ബോളിന് എന്നും മടിയാണ്. 1958, 1962 ലോകകപ്പുകള്‍ നേടിയ ബ്രസീല്‍ മാത്രമാണ് അതിന് അപവാദമായി തുടരുന്നത്. മാത്രമല്ല, 13 ലോക ചാമ്പ്യന്മാരില്‍ രണ്ടേ രണ്ട് ടീമുകള്‍ മാത്രമാണ് തൊട്ടടുത്ത ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കടന്നത്. 1990ല്‍ അര്‍ജന്റീനയും 1998ല്‍ ബ്രസീലും. (1974ല്‍ രണ്ട് ഗ്രൂപ്പ് ഫോര്‍മാറ്റില്‍ മത്സരം നടന്നപ്പോള്‍ ബ്രസീല്‍ നാലാം സ്ഥാനത്തെത്തിയിട്ടുണ്ട്). കഴിഞ്ഞ നാല് ലോകകപ്പുകളില്‍ മുന്‍ ചാമ്പ്യന്മാര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു.

ജര്‍മനിക്ക് മികച്ച ലോകകപ്പ് പാരമ്പര്യമാണ് ഉള്ളത്. കഴിഞ്ഞ ഒമ്പത് ടൂര്‍ണമെന്റുകളില്‍ (മൂന്ന് തവണ പശ്ചിമ ജര്‍മനി) രണ്ട് തവണ കപ്പുയര്‍ത്തുകയും മൂന്ന് തവണ ഫൈനലില്‍ പ്രവേശിക്കുകയും രണ്ട് തവണ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഇപ്പോള്‍ നമ്മള്‍ “കളിച്ചുകൊണ്ടിരിക്കുന്ന കളിയില്‍” ചരിത്രം ജര്‍മനിക്ക് അനുകൂലമല്ല. ബ്രസീലില്‍ നിന്ന് ഉയര്‍ത്തിയ ലോക കപ്പ് റഷ്യയില്‍ ഇറക്കിവെച്ചേ തീരൂ.

ശേഷിക്കുന്നത് ബെല്‍ജിയം

ലോകകപ്പ് ബെല്‍ജിയത്തിനെന്ന് പ്രഖ്യാപിക്കാന്‍ ഈ “കളി”ക്ക് ഗ്രൗണ്ട് സപ്പോര്‍ട്ട് തീരെയില്ല. കളി മൈതാനങ്ങളിലാണ് നടക്കുന്നത്. വിജയികള്‍ ഉയര്‍ന്നുവരുന്നതും അവിടെ നിന്നുതന്നെ.
കളി നാളെ തുടങ്ങുകയാണ്. കണ്ണും കാതും തുറന്നിരിക്കാം… ലോകം പന്തോളം ചുരുങ്ങുമ്പോള്‍ മാനവികത ഭൂമിയോളം വലുതാകട്ടെ…

ബെല്‍ജിയം

12 തവണ ലോകകപ്പ് യോഗ്യത നേടിയ ബെല്‍ജിയം 1986ല്‍ നാലാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. കളിച്ച പത്ത് കളികളില്‍ ഒമ്പതും വിജയിച്ചാണ് ഇത്തവണ അവര്‍ റഷ്യയിലേക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് എച്ചിലാണ് ഫിഫ റാങ്കിംഗില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കന്ന ബെ ല്‍ജിയം റഷ്യയില്‍ കളിക്കുന്നത്. 18ന് പാനമക്കെതിരെയാണ് അവരുടെ ആദ്യ കളി

ടീം

കോച്ച്: റോബര്‍ട്ടോ മാര്‍ട്ടിനസ്
ഗോള്‍കീപ്പര്‍മാര്‍: കോയെന്‍ കാസ്റ്റീല്‍സ്, തിബൗട്ട് കോര്‍ട്ടോയിസ്, സിമണ്‍ മിഗ്നോലെറ്റ്
ഡിഫന്റര്‍മാര്‍: ടോബി ആള്‍ഡര്‍വിയറെല്‍ഡ്, ഡെഡ്രിക്ക് ബൊയാട്ട, വിന്‍സന്റ് കമ്പനി, തോമസ് മ്യൂനിയര്‍, തോമസ് വെര്‍മെയ്‌ലന്‍, ജാന്‍ വെര്‍ട്ടോംഗെന്‍
മിഡ്ഫീല്‍ഡര്‍മാര്‍: യാനിക്ക് കറാസ്‌കോ, കെവിന്‍ ഡി ബ്രൂണെ, മൗസ ഡെംബെലെ, ലിയാന്‍ഡര്‍ ഡെന്‍ഡോണ്‍ക്കെര്‍, മറൗണെ ഫെല്ലൈനി, ഈഡന്‍ ഹസാര്‍ഡ്, തോര്‍ഗന്‍ ഗസാര്‍ഡ്, അഡ്‌നന്‍ ജനൂസജ്, ഡ്രീസ് മെര്‍ട്ടന്‍സ്, യൂരി ടീലിമന്‍സ്, ആക്‌സല്‍ വിറ്റ്‌സെല്‍.
ഫോര്‍വാര്‍ഡ്‌സ്: മിക്കി ബാറ്റ്ഷ്വായി, നേസര്‍ ചാഡ്‌ലി, റൊമേലു ലുകാകു.
സൂക്ഷിക്കേണ്ട താരങ്ങള്‍: ഈഡന്‍ ഹസാര്‍ഡ് (ക്യാപ്റ്റന്‍), കെവിന്‍ ഡി ബ്രൂണെ, റൊമേലു ലുകാകു.

Latest