എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളുടെ പട്ടിക വിപുലീകരിക്കണം

പ്രത്യേക സമിതി റിപ്പോര്‍ട്ട് നല്‍കി
Posted on: June 13, 2018 6:05 am | Last updated: June 12, 2018 at 11:59 pm

തിരുവനന്തപുരം: കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശങ്ങളുടെ പട്ടിക വിപുലീകരിക്കണമെന്ന് പ്രത്യേക നിയമസഭാ സമിതി ശിപാര്‍ശ ചെയ്തു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിയോഗിക്കപ്പെട്ട നിയമസഭാ സമിതിയാണ് ഇതുള്‍പ്പെടടെ നിരവധി ശിപാര്‍ശകളങ്ങിയ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഇതോടൊപ്പം ദുരിതബാധിതരുടെ കടം എഴുതിത്തണമെന്നതുള്‍പ്പെടെ 30 ശിപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ചതായി സമിതി അധ്യക്ഷ ഐഷ പോറ്റി എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദുരിതബാധിതരുടെ ജീവിത പ്രശേനങ്ങള്‍ക്ക് ശാശ്വത പരിഹാരം ഇതുവരെയും കണ്ടെത്താനായിട്ടില്ല. സമിതിക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പരാതികളില്‍ ഇക്കാര്യം വ്യക്തമാണെന്നും അവര്‍ പറഞ്ഞു.
ദുരിതബാധിതരെ കണ്ടെത്തുന്നതിന് മാനദണ്ഡം നിശ്ചയിക്കണമെന്നതാണ് സമിതിയുടെ പ്രധാന ശിപാര്‍ശ. ഇതിനായി ആരോഗ്യ, ശാസ്ത്ര മേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി പഠനസംഘം രൂപവത്കരിക്കണം.

ദുരിതബാധിതരുടെ അന്തിമ പട്ടിക സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. ദുരിതബാധിതരുള്ള എല്ലാ പഞ്ചായത്തുകളിലും തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങണം, പെന്‍ഷന്‍ തുകയും അലവന്‍സുകളും കാലോചിതമായി വര്‍ധിപ്പിക്കണം, ജൈവ ജില്ലയെന്ന പ്രഖ്യാപനം പൂര്‍ണതയിലെത്തിക്കണം, നഷ്ടപരിഹാരം, ധനസഹായം എന്നിവ നല്‍കുന്നതിനായി ദുരന്തത്തിന് ഉത്തരവാദികളായ എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിര്‍മാതാക്കളില്‍ നിന്ന് തന്നെ നഷ്ടപരിഹാരത്തുക ഈടാക്കുക എന്നിങ്ങനെയാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍. വാര്‍ത്താസമ്മേളനത്തില്‍ അംഗങ്ങളായ യു പ്രതിഭാഹരി, സി കെ ആശ എന്നിവരും പങ്കെടുത്തു.