ഫിലമെന്റ് രഹിത കേരളവുമായി കെ എസ് ഇ ബി വിതരണ ശൃംഖല നവീകരിക്കാന്‍ ‘ദ്യുതി 2021’

Posted on: June 13, 2018 6:07 am | Last updated: June 12, 2018 at 11:55 pm
SHARE

തിരുവനന്തപുരം: വൈദ്യുതി വിതരണ ശൃംഖല നവീകരിക്കാനും തടസ്സങ്ങള്‍ കുറക്കാനും ലക്ഷ്യമിട്ട് 4,000 കോടി രൂപയുടെ ബൃഹത് പദ്ധതിയുമായി കെ എസ് ഇ ബി. വിതരണ സര്‍ക്കിളുകള്‍ക്ക് കീഴില്‍ രൂപവത്കരിച്ച പ്രൊജക്ട് മാനേജ്‌മെന്റുകള്‍ക്ക് കീഴില്‍ ഇതിനായി 25 പദ്ധതികള്‍ തയ്യാറാക്കി. ദ്യുതി 2021 എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫിലമെന്റ് ബള്‍ബുകള്‍ പൂര്‍ണമായി ഒഴിവാക്കി എല്ലാവീടുകളിലും എല്‍ ഇ ഡി ബള്‍ബുകള്‍ നല്‍കുന്ന ഫിലമന്റ് രഹിത കേരളം പദ്ധതിയും കെ എസ് ഇ ബി നടപ്പാക്കും. ഈ സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ കേടായ മുഴുവന്‍ മീറ്ററുകളും മാറ്റി സ്ഥാപിക്കും. 200 യൂനിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്കെല്ലാം സ്മാര്‍ട്മീറ്റര്‍ സ്ഥാപിക്കും. ഇതടക്കം വൈദ്യുതി മേഖലയിലെ അടുത്ത മൂന്ന് വര്‍ഷം ലക്ഷ്യമിടുന്ന പദ്ധതികളുടെ പ്രഖ്യാപനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ഫിലമെന്റ് ബള്‍ബുകളെ പൂര്‍ണമായി ഒഴിവാക്കി പകരം എല്‍ ഇ ഡി ബള്‍ബുകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഒറ്റത്തവണയായും തവണകളായും കെ എസ് ഇ ബിയില്‍ പണമടച്ച് എല്‍ ഇ ഡി ബള്‍ബുകള്‍ വാങ്ങാനാകും. തവണകളായാണ് പണമടക്കുന്നതെങ്കില്‍ വൈദ്യുതി ബില്ലിനൊപ്പം പണം ഈടാക്കും. വീടുകള്‍ക്ക് മാത്രമായാണ് ഈ പദ്ധതി.

വൈദ്യുതി വിതരണ മേഖലയെ നവീകരിക്കുന്ന’ദ്യുതി’ പദ്ധതി, വീടിന്റെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്ന 1,000 മെഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതി, പ്രസരണ രംഗത്തെ ടാര്‍സ്ഗ്രിഡ് ടു പദ്ധതി, വൈദ്യുതി അപകടങ്ങള്‍ കുറക്കുന്നതിനുള്ള ഇ–സേഫ് പദ്ധതി എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

വൈദ്യുതി തടസങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ എല്ലാ പ്രദേശങ്ങളിലും ഒന്നിലേറെ സ്രോതസ്സുകളില്‍ നിന്ന് വൈദ്യുതി എത്തിക്കും. എ ബി സി, കവേര്‍ഡ് കണ്ടക്ടറുകള്‍ വഴി ലൈനുകള്‍ പുതുക്കും. തടസ്സം പെട്ടെന്ന് കണ്ടെത്തി പരിഹരിക്കാന്‍ ലൈനുകള്‍ ആധുനിക ഫാള്‍ട്ട് പാസ്സ് ഇന്‍ഡിക്കേറ്ററുകള്‍ സ്ഥാപിക്കും.

സൗരോര്‍ജത്തില്‍നിന്ന് 1,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി വീടുകളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. വീടുകളില്‍ സ്ഥാപിക്കുന്ന സോളാര്‍ പാനലിലൂടെ 500 മെഗാവാട്ടും, ഭൂമിയില്‍ സ്ഥാപിക്കുന്ന സോളാര്‍ പാനലുകളിലൂടെ 200 മെഗാവാട്ടും, സോളാര്‍ പാര്‍ക്കിലൂടെ 200 മെഗാവാട്ടും, വെള്ളത്തില്‍ ഒഴുകി നടക്കുന്ന സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് 100 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കുന്ന പദ്ധതിയാണു വിഭാവനം ചെയ്യുന്നത്.

മൂന്ന് രീതിയില്‍ ഇത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഉപഭോക്താവിന്റെ വീട്ടിന്റെ മേല്‍ക്കൂരയില്‍ കെ എസ് ഇ ബി സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതാണ് ഒന്ന്. ഇതിന്റെ പ്രതിഫലം വാടകയായോ വൈദ്യുതിയായോ ഉപഭോക്താവിന് ലഭിക്കും. ഉപഭോക്താവിന്റെ വീട്ടില്‍ കെ എസ് ഇ ബി സ്ഥാപിക്കുന്ന പ്ലാന്റില്‍നിന്നുള്ള വൈദ്യുതി നിശ്ചിത കാലയളവില്‍ നിശ്ചിത തുകക്ക് ഉപഭോക്താവിന് നല്‍കുന്നതാണ് രണ്ടാമത്തേത്. ഉപഭോക്താവ് വീട്ടില്‍ സ്ഥാപിക്കുന്ന പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ എസ് ഇ ബി പണം കൊടുത്ത് വാങ്ങുന്നതാണ് മൂന്നാമത്തെ രീതി. അനര്‍ട്ടിന്റെ സഹായത്തോടെയാണ് മേല്‍ക്കൂരയില്‍ സൗരവൈദ്യുതി പദ്ധതി നടപ്പാക്കുന്നത്.

പുതിയ സാങ്കേതിക വിദ്യകള്‍ നടപ്പാക്കി വൈദ്യുതി തടസ്സം കുറക്കുകയാണ് ലക്ഷ്യം. പ്രസരണ രംഗത്തെ മെച്ചപ്പെടുത്താനുള്ള ട്രാന്‍സ്ഗ്രിഡ് പദ്ധതി 10,000 കോടിരൂപയുടേതാണ്. കിഫ്ബിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വൈദ്യുതി അപകടങ്ങള്‍ കുറക്കാനുള്ള വിപുലമായ ക്യാമ്പയിനാണ് ഇ- സേഫ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. ഇതിനായി കുടുംബശ്രീയെയും ഉപയോഗപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here