അണ്ണാനെ പിടിക്കാന്‍ കയറിയ പൂച്ച തെങ്ങില്‍ നിന്നിറങ്ങാനാകാതെ അഞ്ച് നാള്‍

Posted on: June 13, 2018 6:06 am | Last updated: June 12, 2018 at 11:51 pm
SHARE
പള്ളുരുത്തിയില്‍ തെങ്ങില്‍ കുടിങ്ങിയ പൂച്ച

കൊച്ചി: അണ്ണാറക്കണ്ണനെ ഓടിച്ച് പിടിക്കാന്‍ വാശിയോടെ തെങ്ങിലേക്ക് ചാടിക്കയറിയ പൂച്ച പെട്ടത് മരണക്കെണിയില്‍. തെങ്ങില്‍ കയറിയ അണ്ണാറക്കണ്ണന്‍ തൊട്ടടുത്ത മരച്ചില്ലയിലേക്ക് ചാടി രക്ഷപ്പെട്ടപ്പോള്‍ താഴെയിറങ്ങാനാകാതെ പൂച്ച കുടുങ്ങുകയായിരുന്നു. തെങ്ങിന്‍ മണ്ടയില്‍ അള്ളിപ്പിടിച്ചിരുന്ന പൂച്ച കടുത്ത മഴയിലും കാറ്റിലും പിടിവിടാതെ കഴിച്ചു കൂട്ടിയത് അഞ്ച് ദിവസങ്ങള്‍. പള്ളുരുത്തി എന്‍ എസ് എസ് എസ് സ്‌കൂളിന് സമീപത്തെ ഉയരമുള്ള തെങ്ങിലാണ് പൂച്ച ഭയന്ന് വിറച്ച് കരഞ്ഞ് കഴിഞ്ഞു കൂടുന്നത്. ഇടക്കൊരിക്കല്‍ താഴേക്കിറങ്ങാന്‍ ശ്രമിച്ചെങ്കിലും പിടിവിടുമെന്ന ഘട്ടം വന്നപ്പോള്‍ ഇറങ്ങാനുള്ള എല്ലാ ശ്രമവും ഉപേക്ഷിച്ച് മട്ടലില്‍ പൂച്ച അള്ളിപ്പിടിച്ചിരിക്കുകയാണ്.

ചില സമയങ്ങളില്‍ കാക്കക്കൂട്ടം പൂച്ചയെ ആക്രമിക്കുന്നുമുണ്ട്. തെങ്ങിന്‍ ചോട്ടില്‍ കൂടിയവരുടെ അനുകമ്പ കാത്ത് ദയനീയ മായി ഇരിക്കുകയാണ് പൂച്ച. ഉയരമുള്ള തെങ്ങായതിനാല്‍ തെങ്ങില്‍ കയറി പൂച്ചയെ രക്ഷിക്കാന്‍ നാട്ടുകാര്‍ക്ക് കഴിയുന്നില്ല. ഇതേത്തുടര്‍ന്ന് പോലിസിലും അഗ്നിശമന സേനയിലും പരാതിയുമായി നാട്ടുകാര്‍ എത്തിയെങ്കിലും ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞ് അവര്‍ കൈമലര്‍ത്തുകയായിരുന്നത്രെ. അഗ്‌നി ശമനസേനയില്‍ വിവരം അറിയിച്ചപ്പോള്‍ ഇത് തങ്ങളുടെ പണിയല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയതായും ആരോപണമുണ്ട്. വനപാലകരും തിരിഞ്ഞു നോക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.
സാധാരണ ഗതിയില്‍ ഉയരങ്ങളില്‍ കുടുങ്ങി കിടക്കുന്ന പക്ഷികളെയും മറ്റും സാമുഹിക പ്രവര്‍ത്തകനായ മുകേഷ് ജൈനാണ് കൊച്ചി മേഖലയില്‍ നിന്ന് രക്ഷപ്പെടുത്താറ്. അദ്ദേഹം ബെംഗളൂരുവിലായതിനാല്‍ ആ ശ്രമവും മുടങ്ങി.

തെങ്ങുകയറ്റക്കാരാകട്ടെ മഴയായതിനാല്‍ കയറാനാകില്ലെന്നും അറിയിച്ചു. തുടര്‍ച്ചയായി അഞ്ചാം ദിവസവും പട്ടിണിയിലായതോടെ പൂച്ച അവശ നിലയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here