സഭയില്‍ അബദ്ധ ചോദ്യവുമായി വീണ്ടും ഒ രാജോപാല്‍

ഉപദേശവുമായി ശിവന്‍കുട്ടി
Posted on: June 13, 2018 6:03 am | Last updated: June 12, 2018 at 11:23 pm

തിരുവനന്തപുരം: നിയമസഭയില്‍ അബദ്ധ ചോദ്യവുമായി വീണ്ടും ബി ജെ പി അംഗം ഒ രാജഗോപാല്‍ എം എല്‍ എ. ഇതുമായി ബന്ധപ്പെട്ട് പരിഹാസരൂപേണയുള്ള ഉപദേശവുമായി നേമത്ത് രാജഗോപാലിനോട് തോറ്റ സി പി എം നേതാവ് വി ശിവന്‍കുട്ടി രംഗത്തെത്തി.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നേമം മണ്ഡലത്തില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പുതുതായി നടപ്പാക്കിയ പദ്ധതികള്‍ എന്തൊക്കെയാണ് എന്നതായിരുന്നു രാജഗോപാലിന്റെ ചോദ്യം. ഇതിന് സര്‍ക്കാര്‍ നല്‍കിയ ഉത്തരം ഇതായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നേമം നിയോജക മണ്ഡലത്തില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പ്രപ്പോസലുകള്‍ ഒന്നും ലഭിച്ചിട്ടില്ല. ആയതിനാല്‍ പുതുതായി പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല. മന്ത്രി എ സി മൊയ്തീനാണ് ഒ രാജഗോപാലിന് മറുപടി നല്‍കിയത്.

താങ്കള്‍ക്ക് നേമത്തെ ജനങ്ങളോട് വിരോധമൊന്നുമില്ല എന്ന് കരുതുന്നു. വരുംനാളുകളിലെങ്കിലും ജനഹിതമറിഞ്ഞു പ്രവര്‍ത്തിക്കാനും ഇത്തരം കാര്യങ്ങളില്‍ ഇത്തിരിയെങ്കിലും ‘പരിചയമുള്ള’ ഒരാളിനോട് ആരാഞ്ഞതിനു ശേഷം വേണ്ട കൃത്യമായ ഇടപെടലുകള്‍ നടത്തുമെന്ന് പ്രതീക്ഷിക്കട്ടെയെന്നുമായിരുന്നു ശിവന്‍ കുട്ടിയുടെ ഫേസ്ബുക്കിലൂടെയുള്ള പരിഹാസം. സഭയിലെ വാക്കുകള്‍ രേഖയാക്കി സൂക്ഷിക്കുന്ന പതിവുണ്ട്. അടുത്ത തവണ നേമത്ത് ജയിച്ചുവരുന്ന ആളിന് കൂടി നാണക്കേട് ഉണ്ടാക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഇനിയെങ്കിലും ചോദിക്കാതിരിക്കാന്‍ താങ്കള്‍ ശ്രമിക്കുമെന്ന് കരുതുന്നു-ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.