Connect with us

Kerala

കോണ്‍ഗ്രസില്‍ കലാപം തുടരുന്നു; വിലക്ക് തള്ളി പോര്‍വിളി

Published

|

Last Updated

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് ദാനത്തെ ചൊല്ലി കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി അവസാനിക്കുന്നില്ല. മണിക്കൂറുകള്‍ നീണ്ട നിര്‍വാഹക സമിതി യോഗം പരസ്യപ്രതികരണം വിലക്കിയതിന് പിന്നാലെ ഇന്ദിരാഭവന്‍ മുറ്റത്ത് വെച്ച് തന്നെ ഇത് ലംഘിച്ച് വി എം സുധീരന്‍ നേതൃത്വത്തെ വെല്ലുവിളിച്ചു. യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ വാര്‍ത്താസമ്മേളനം നടത്തുമ്പോള്‍ പുറത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നേതൃത്വത്തെ വെല്ലുവിളിച്ച് സുധീരന്‍ തന്റെ നിലപാട് ആവര്‍ത്തിച്ചു. അച്ചടക്കത്തിന്റെ വാളുകാട്ടി കോ ണ്‍ഗ്രസില്‍ ആരുടെയും വായടപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

പ്രശ്‌നപരിഹാരത്തിനായി ചേര്‍ന്ന നിര്‍വാഹക സമിതി യോഗത്തിലുടനീളം വാക്കേറ്റവും വെല്ലുവിളിയുമായിരുന്നു. ആര്യാടന്‍ മുഹമ്മദ്, കെ മുരളീധരന്‍, ജോണ്‍സണ്‍ എബ്രഹാം, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പത്മജ വേണുഗോപാല്‍, ടി എന്‍ പ്രതാപന്‍ തുടങ്ങിയവരെല്ലാം രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതിനെതിരെ രംഗത്തുവന്നു. ഉമ്മന്‍ ചാണ്ടിയെ ഒറ്റപ്പെടുത്തി അക്രമിക്കുന്നതിനെതിരെ കെ സി ജോസഫും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്തുവന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നടന്നതിനേക്കാള്‍ രൂക്ഷമായിരുന്നു നിര്‍വാഹക സമിതിയിലെ വാക്കേറ്റം. യോഗത്തിന് ശേഷവും പോര്‍വിളി തുടരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയിലെ കലാപം അവസാനിപ്പിക്കാ ന്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ അനിവാര്യമായി.
എം എം ഹസനും ഉണ്ണിത്താനും തമ്മിലാണ് ആദ്യം കൊമ്പുകോര്‍ത്തത്. രാജ്യസഭാസീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശദീകരിച്ച കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ പരസ്യ പ്രസ്താവനകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വക്താവായിട്ടും പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായാണ് സംസാരിച്ചത്. രാജ്‌മോഹന്‍ ഉണ്ണിത്താനെ വക്താവാക്കിയത് തന്നെ തെറ്റായിപ്പോയെന്ന് ഹസന്‍ പറഞ്ഞു. ഇതോടെ പ്രകോപിതനായ ഉണ്ണിത്താന്‍ ഹസനെതിരെ തിരിഞ്ഞു. തന്നെ വക്താവാക്കിയത് നിങ്ങളല്ല, എ ഐ സി സിയാണെന്ന് തിരിച്ചടിച്ചു. അച്ചടക്കത്തെക്കുറിച്ച് പറയാന്‍ ഹസന് ഒരു അവകാശവുമില്ല.

വി എം സുധീരന്‍ പ്രസിഡ ന്റായി അപ്പുറത്തിരിക്കുമ്പോള്‍ ഇവിടെ മഹാത്മാഗാന്ധിയുടെയും സോണിയ, രാജീവ് ഗാന്ധിമാരുടെയും ചിത്രത്തിന് കീഴിലിരുന്നാണ് താങ്കള്‍ അദ്ദേഹത്തിനെതിരെ പത്രസമ്മേളനം നടത്തിയത്. അതുകൊണ്ട് അച്ചടക്കത്തെക്കുറിച്ച് താങ്കള്‍ക്ക് പറയാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. ചാനലുകളില്‍ താന്‍ തന്നെയാണ് പലപ്പോഴും ഈ നേതാക്കളെയെല്ലാം സംരക്ഷിച്ചത്. സോളാര്‍, ബാര്‍ കേസുകള്‍ നടക്കുമ്പോള്‍ എല്ലാവരെയും പ്രതിരോധിച്ചത് താനായിരുന്നു. ഇതിന്റെ പേരില്‍ താന്‍ റോഡില്‍ കിടന്ന് അടിവാങ്ങിയിട്ടുണ്ട്. ചികിത്സാ ചെലവ് പോലും ഈ പാര്‍ട്ടി നല്‍കിയിട്ടില്ല. എന്നിട്ട് തനിക്ക് തന്റെ നാട്ടില്‍ ഒരു സീറ്റുപോലും നല്‍കിയില്ല. എഴുന്നേറ്റു നടക്കാന്‍ പോലും സാധിക്കാത്ത നേതാക്കള്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കിയപ്പോള്‍ പാര്‍ട്ടിക്കു വേണ്ടി വെള്ളം കോരിയ തന്നെ എപ്പോഴും പാര്‍ട്ടി തഴയുകയായിരുന്നു. മാണിക്ക് സീറ്റ് നല്‍കിയതിന്റെ ഉത്തരവാദിത്വം മൂന്ന് നേതാക്കള്‍ ഏറ്റെടുത്തതൊക്കെ നന്നായി. ഇനിയും പാര്‍ട്ടിയുടെ ഭാരം പേറി മൂന്ന് പേരും പെടലി ഒഴിക്കാതെ സൂക്ഷിക്കണമെന്നും ഉണ്ണിത്താന്‍ പരിഹസിച്ചു.

യോഗം അവസാന ഘട്ടത്തിലെത്തിയപ്പോഴായിരുന്നു സുധീരന്റെ ഇടപെടല്‍. സുധീരന്റെ പ്രസംഗം ബഹളം വെച്ച് തടസ്സപ്പെടുത്താന്‍ ശ്രമം നടന്നു. രണ്ട് ചേരികളായി നിന്ന് വെല്ലുവിളിച്ചതോടെ അല്‍പ്പനേരം യോഗം തന്നെ തടസ്സപ്പെട്ടു. ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് സുധീരന്‍ പ്രസംഗിക്കുന്നതിനിടയിലായിരുന്നു പ്രശ്‌നങ്ങള്‍. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ഗ്രൂപ്പ് പരിഗണനകളും ഗ്രൂപ്പുകള്‍ കാലുവാരിയതുമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയ കാരണമെന്ന് സുധീരന്‍ തുറന്നടിച്ചു. ഈ സമയത്താണ് ഇടപെടലുകള്‍ ഉണ്ടായത്. കൊല്ലത്ത് മത്സരിച്ചത് താങ്കളുടെ സ്ഥാനാര്‍ഥിയായിരുന്നില്ലേയെന്ന് ശൂരനാട് രാജശേഖരന്‍ ചോദിച്ചു. ഇതോടെ ജെയ്‌സണ്‍ ജോസഫും നാട്ടകം സുരേഷും സുധീരനെതിരെ തിരിഞ്ഞു.
തുടര്‍ഭരണം നഷ്ടപ്പെടുത്തിയത് കെ പി സി സി പ്രസിഡന്റായിരുന്ന സുധീരന്റെ നിലപാടുകളാണെന്ന് ജെയ്‌സണ്‍ ജോസഫ് തിരിച്ചടിച്ചു. സര്‍ക്കാര്‍ തീവെട്ടി ക്കൊള്ള നടത്തുന്നുവെന്ന് പറഞ്ഞ് ഭരണത്തെ ദുര്‍ബലപ്പെടുത്തി. ഗ്രൂപ്പ് മാനേജര്‍മാരെക്കുറിച്ച് വാതോരാതെ പറയുന്ന സുധീരന്‍ തന്നെയാണ് എല്ലാ തലത്തിലും സ്വന്തക്കാരെ ഉള്‍പ്പെടുത്തി പുതിയ ഗ്രൂപ്പും ജംബോ കമ്മിറ്റിയും ഉണ്ടാക്കിയത്.

ടി എന്‍ പ്രതാപന്റെ നേതൃത്വത്തില്‍ സുധീരനെ പിന്തുണച്ച് മറുവിഭാഗം വന്നതോടെ രംഗം വഷളായി. ജോണ്‍സണ്‍ എബ്രഹാം, മണക്കാട് സുരേഷ് തുടങ്ങിയവരും സുധീരനൊപ്പം നിന്നു. ബഹളം വെച്ച് പ്രസംഗം തടസ്സപ്പെടുത്താമെന്ന് നോക്കേണ്ടെന്നും മുന്‍ പ്രസിഡന്റിന് സംസാരിക്കാന്‍ കഴിയാതെ എന്തിനാണ് യോഗം ചേരുന്നതെന്നും സുധീരനും വ്യക്തമാക്കി. പറയേണ്ടത് കെ എസ് യു കാലം മുതല്‍ പറയുന്നതാണ് രീതി. അത് ഇനിയും തുടരും. രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടപ്പോള്‍ 1994ല്‍ മന്ത്രിസ്ഥാനം രാജിവച്ച് ഗ്രൂപ്പുണ്ടാക്കിയത് താനല്ല. താന്‍ പ്രസിഡന്റായിരുന്നപ്പോള്‍ തനിക്കെതിരെ പത്രസമ്മേളനം നടത്തിയവരാണ് ഇവിടുള്ളത്. അച്ചടക്കത്തെക്കുറിച്ച് പറയാനുള്ള ധാര്‍മ്മികശക്തി വളരെ കുറച്ച് നേതാക്കള്‍ക്ക് മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Latest