പ്ലസ്‌വണ്‍ പ്രവേശം: മലബാര്‍ മേഖലയിലെ സീറ്റ് കുറവ് പരിഹരിക്കും

  • എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കും
  • രണ്ടാം അലോട്ട്‌മെന്റിന് ശേഷം തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി
Posted on: June 13, 2018 6:01 am | Last updated: June 12, 2018 at 11:18 pm
SHARE

തിരുവനന്തപുരം: ഒരു വിദ്യാര്‍ഥിക്ക് പോലും പ്ലസ്‌വണ്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യമുണ്ടാകില്ലെന്നും മലപ്പുറത്ത് സീറ്റുകള്‍ കുറവുള്ള സാഹചര്യം പരിശോധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. കെ എന്‍ എ ഖാദറിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. പ്ലസ് വണ്‍ സീറ്റുകള്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ പ്രായോഗികമായി പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. കൂടുതല്‍ സീറ്റുകള്‍ അനുവദിച്ചതു കൊണ്ടുമാത്രം ഈ പ്രശ്‌നം പരിഹരിക്കാനാകില്ല. എല്ലാ കുട്ടികള്‍ക്കും അഡ്മിഷന്‍ ലഭിക്കണം. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മൂലം ചില പ്രശ്‌നങ്ങളുണ്ട്. പ്ലസ്ടു സീറ്റ് സംബന്ധിച്ച് ഇപ്പോഴുള്ള വിടവ് എങ്ങനെ കുറക്കാമെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ ഉറപ്പുനല്‍കി.

ഈമാസം 18ന് രണ്ടാം അലോട്ട്‌മെന്റ് വന്ന ശേഷം ഈ പ്രശ്‌നങ്ങളില്‍ വ്യക്തത വരുമെന്നും അപ്പോള്‍ പരിഹരിക്കപ്പെടുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വളരെ കരുതലോടെ ആസൂത്രണം ചെയ്താണ് വിദ്യാഭ്യാസ രംഗത്തെ ഓരോ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. കഴിഞ്ഞവര്‍ഷം 4,37,156 പേരാണ് എസ് എസ് എല്‍ സി പരീക്ഷയില്‍ വിജയിച്ചതെങ്കില്‍ 2018ല്‍ 4,31,161 പേരാണ് പരീക്ഷക്ക് ജയിച്ചത്. വിജയശതമാനം വര്‍ധിച്ചുവെങ്കിലും 5995 കുട്ടികളുടെ കുറവാണുള്ളത്. നിലവില്‍ 4,22,452 പ്ലസ്‌വണ്‍ സീറ്റുകളാണുള്ളത്. ഇതിനുപുറമെ പോളിടെക്‌നിക്, ഐ ടി ഐ ഉള്‍പ്പെടെ മറ്റ് മേഖലകളിലുള്ള സീറ്റുകളുമുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ 42,332 പ്ലസ്‌വണ്‍ സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. ആ സാഹചര്യത്തില്‍ സീറ്റ് വര്‍ധിപ്പിക്കുന്നതിന്റെ ആവശ്യകതയില്ലെന്ന് വ്യക്തം. മലപ്പുറം ഉള്‍പ്പെടെ ജില്ലകളില്‍ സീറ്റുകളുടെ കുറവുള്ളപ്പോള്‍ മറ്റ് പല ജില്ലകളിലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്നത് വസ്തുതയാണ്. കുട്ടികള്‍ ചേരാത്ത സ്‌കൂളുകളുമുണ്ട്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് അടുത്തവര്‍ഷം പ്രശ്‌നങ്ങള്‍ ഉണ്ടാകാത്ത നിലയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യും.

സീറ്റുകളുടെ ലഭ്യതക്കുറവ് മൂലം മലബാര്‍ പ്രദേശത്ത് ചില പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ട്. കൂടുതല്‍ സീറ്റുകളുടെ പ്രശ്‌നം പഠിക്കേണ്ടതുണ്ട്. ഈഘട്ടത്തില്‍ അപേക്ഷിച്ചവരുടെ എണ്ണം നോക്കി സീറ്റ് വര്‍ധിപ്പിക്കുന്നത് അശാസ്ത്രീയമാണ്. ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ സീറ്റുകള്‍ പുനഃക്രമീകരിക്കാം. ഈ ഘട്ടത്തില്‍ എത്ര കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കില്ലെന്ന് പറയാനാകില്ല. രണ്ടാം അലോട്ട്‌മെന്റ് ഈ മാസം 18നാണ്. അപ്പോള്‍ വിദ്യാര്‍ഥികള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ മാത്രമേ എവിടൊക്കെ സീറ്റില്ലെന്ന് അറിയാന്‍ സാധിക്കൂ. പ്രൊഫഷനല്‍ കോളജുകളിലേക്ക് പ്രവേശനം നടക്കാത്തതാണ് കോളജുകളില്‍ അഡ്മിഷന്‍ ലഭിക്കാത്തതിന്റെ കാരണമെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വണ്‍ സീറ്റുകളുടെ കുറവ് പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചു. മലബാര്‍ മേഖലയിലെ പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍, എസ് എസ് എല്‍ സി പാസാകുന്ന മുഴുവന്‍ കുട്ടികള്‍ക്കും പ്ലസ്‌വണ്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് വ്യക്തമാക്കിയായിരുന്നു അടിയന്തര പ്രമേയ നോട്ടീസ്. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് നോട്ടീസ് പരിഗണിച്ചെങ്കിലും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യത്തിന് സ്പീക്കര്‍ അനുമതി നല്‍കിയില്ല.

കെ എന്‍ എ ഖാദര്‍ അവതരിപ്പിച്ച നോട്ടീസില്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കാമെന്ന മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും മറുപടിയെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോക്ക് ഉപേക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here