Connect with us

Editorial

സൗഹൃദത്തിന്റെ വഴി

Published

|

Last Updated

സംശയത്തിന്റെയും സംഘര്‍ഷത്തിന്റെയും ഗതകാലത്തെ വകഞ്ഞു മാറ്റി സംഭാഷണത്തിന്റെയും സൗഹൃദത്തിന്റെയും തിരശ്ശീല ഉയര്‍ന്നുവെന്നതാണ് സിംഗപ്പൂര്‍ ഉച്ചകോടിയുടെ മഹത്വം. അമേരിക്കന്‍ ആക്രോശത്തിന്റെയും അധിനിവേശത്തിന്റെയും ഇടപെടലിന്റെയും ഭൂതകാലത്തെ മറക്കാന്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ തയ്യാറായിരിക്കുന്നു. ആണവ പരീക്ഷണങ്ങളിലൂടെ തങ്ങളുടെ ഉറക്കം കെടുത്തിയ ഉന്നിന്റെ വാക്കും പ്രവൃത്തിയും ക്ഷമിക്കാന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സന്നദ്ധനായി. സ്വാസ്ഥ്യം നിറഞ്ഞ വര്‍ത്തമാനത്തിനും ഭാവിക്കും ചരിത്രത്തിലെ മുറിവുകള്‍ ഒരു ബാധ്യതയാകരുതെന്ന് തീരുമാനിക്കുന്നിടത്താണ് ഉന്‍- ട്രംപ് ചര്‍ച്ച സാധ്യമായത്. ഇതാദ്യമായാണ് ഉ. കൊറിയയുടെയും അമേരിക്കയുടെയും ഭരണത്തലവന്‍മാര്‍ ഹസ്തദാനം ചെയ്യുന്നത്. ആ ചിത്രം നല്‍കുന്ന സൗഹൃദത്തിന്റെ സന്ദേശം മാത്രം മതി അതിനെ ചരിത്രപരം എന്ന് വിശേഷിപ്പിക്കാന്‍.

അത്രമേല്‍ കലുഷിതമായിരുന്നു ഈ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം. ഇരു കൊറിയകളെയും മുറിച്ചു കളഞ്ഞ സാമ്രാജ്യത്വ കുതന്ത്രങ്ങളില്‍ അമേരിക്കയുണ്ടായിരുന്നു. കൊറിയന്‍ യുദ്ധമെന്ന് വിളിക്കുമെങ്കിലും യഥാര്‍ഥത്തില്‍ അത് ദ. കൊറിയക്ക് വേണ്ടി അമേരിക്ക നടപ്പാക്കിയ ആക്രമണ പദ്ധതിയായിരുന്നു. 1950ല്‍ തുടങ്ങിയ കൊറിയന്‍ യുദ്ധം 1953ല്‍ അവസാനിച്ചുവെങ്കിലും സമാധാന ഉടമ്പടിയില്‍ ഒപ്പു വെക്കാത്തതിനാല്‍ സാങ്കേതികമായി ഈ രാജ്യങ്ങള്‍ യുദ്ധത്തില്‍ തന്നെയാണ്. ഈ സാഹചര്യം ഉത്തര കൊറിയയെ വന്‍കിട സൈനിക ശക്തിയാകാന്‍ പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു. ദക്ഷിണ കൊറിയയില്‍ യു എസ് സൈന്യം തമ്പടിക്കുമ്പോള്‍ അവര്‍ക്ക് മുന്നില്‍ വേറെ വഴിയില്ലായിരുന്നു.

അതുകൊണ്ട് തന്നെ ഉത്തര കൊറിയ ആണവ ശക്തിയായി. പല തവണ ആണവ പരീക്ഷണം നടന്നു. മേഖലക്കാകെ ഭീഷണിയായ ദുരൂഹത നിറഞ്ഞ രാജ്യമായി ഉത്തര കൊറിയ മാറി. മേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ കരുക്കള്‍ നീക്കുന്ന അമേരിക്കയെ തന്നെയാണ് ഓരോ ആണവ പരീക്ഷണത്തിലും ഉത്തര കൊറിയ ലക്ഷ്യമിട്ടത്. കിം ജോംഗ് ഉന്‍ വന്നപ്പോള്‍ തന്റെ അച്ഛനേക്കാളും മുത്തച്ഛനേക്കാളും ധാര്‍ഷ്ട്യം പ്രകടിപ്പിച്ചു. യു എസിനെ പരസ്യമായി വെല്ലുവിളിച്ചു. വൈറ്റ്ഹൗസില്‍ ട്രംപ് വാഴ്ച തുടങ്ങിയതോടെ ആ ആക്രോശത്തിന് ശക്തിയേറി. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലുള്ള വെല്ലുവിളികളാണ് ഈ നേതാക്കള്‍ നടത്തിയത്. കഴിഞ്ഞ ശൈത്യകാലത്ത് ഇവര്‍ പ്രയോഗിച്ച പദങ്ങള്‍ കണക്കിലെടുത്താല്‍ സിംഗപ്പൂരിലെ സെന്റോസ ദ്വീപില്‍ നിന്നുള്ള ഇപ്പോഴത്തെ ചിത്രങ്ങള്‍ അത്യത്ഭുതമെന്നേ പറയാനാകൂ.

ഇന്നലെ അവര്‍ പരസ്പരം വിശേഷിപ്പിച്ചത് അത്ഭുതകരമായ മനുഷ്യന്‍ എന്നാണ്. താത്പര്യമുണര്‍ത്തി, സൗഹൃദത്തിന്റെ പാത വെട്ടി, പുതിയ ബന്ധം തുടങ്ങാന്‍ പ്രേരണയായി, ഇനി നിര്‍ണായക മാറ്റത്തിന് സാക്ഷ്യം വഹിക്കാനാകും എന്നു തുടങ്ങിയ പദസമുച്ചയങ്ങളാണ് ഇരു നേതാക്കളും പ്രയോഗിച്ചത്. ഈ പ്രയോഗങ്ങള്‍ നയതന്ത്ര ചര്‍ച്ചകളുടെ ഒടുവില്‍ സ്ഥിരമായി കേള്‍ക്കുന്നതാണെങ്കിലും അവയുണ്ടാക്കുന്ന സദ്ഭാവന ചെറുതല്ല. മൂന്നാം ലോകമഹായുദ്ധം തുടങ്ങാന്‍ പോകുന്നത് കൊറിയന്‍ ഉപദ്വീപില്‍ നിന്നാകുമെന്ന് പേടിച്ചിരുന്ന ലോകത്തിന് മുന്നിലേക്കാണ് ആശ്വാസത്തിന്റെ ഈ വാക്കും ദൃശ്യവും കടന്നു വരുന്നതെന്നോര്‍ക്കണം. മൂന്ന് കാര്യങ്ങളാണ് പ്രധാനമായും സംയുക്ത പ്രസ്താവന മുന്നോട്ട് വെക്കുന്നത്. ഇരു രാജ്യങ്ങളിലേയും ജനാഭിലാഷത്തിനനുസരിച്ച് യു എസും ഡെമോക്രാറ്റിക് പീപ്പിള്‍ റിപ്പബ്ലിക്ക് ഓഫ് കൊറിയയും ബന്ധം ഊഷ്മളാക്കും. കൊറിയന്‍ ഉപദ്വീപില്‍ സുസ്ഥിര സമാധാനം സ്ഥാപിക്കാന്‍ ഇരു രാജ്യങ്ങളും യത്‌നിക്കും. ആണവ നിരായുധീകരണത്തിന് ഉത്തര കൊറിയ പ്രതിജ്ഞാബദ്ധമായിരിക്കും. ഇപ്പറഞ്ഞതിന്റെ വിശദാംശങ്ങള്‍ക്കായി തുടര്‍ ചര്‍ച്ചകള്‍ നടത്താനും തീരുമാനമായി.

ഈ ചര്‍ച്ചക്ക് മണ്ണൊരുക്കിയതും മുടന്തന്‍ ന്യായം പറഞ്ഞ് പിന്‍വാങ്ങാനൊരുങ്ങിയ ഡൊണാള്‍ഡ് ട്രംപിനെ ചര്‍ച്ചയിലേക്ക് തിരിച്ചു കൊണ്ടുവന്നതും ദക്ഷിണ കൊറിയന്‍ പ്രസിഡന്റായ മൂണ്‍ ജെ ഇന്നാണ്. അധികാരത്തിലെത്തിയത് മുതല്‍ മേഖലയില്‍ സമാധാനം കൊണ്ടുവരാന്‍ വിയര്‍ത്തു നടന്ന മനുഷ്യനാണ് മനുഷ്യാവകാശ അഭിഭാഷകന്‍ കൂടിയായ മൂണ്‍ ജെ. ഇരു കൊറിയകളുടെയും അതിര്‍ത്തിയിലെ ദ.കൊറിയന്‍ ഗ്രാമമായ പാന്‍മുന്‍ജോണില്‍ കിം ജോംഗ് ഉന്നും മൂണ്‍ ജെ ഇന്നും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയാണ് സെന്റോസ ദ്വീപിലെ മഹാത്ഭുതത്തിന് വഴിയൊരുക്കിയത്. ചരിത്രത്തില്‍ ആദ്യമായാണ് ഉത്തര കൊറിയന്‍ നേതാവ് ദക്ഷിണ കൊറിയയില്‍ ചെന്നത്. പാന്‍മുന്‍ജോണ്‍ കൂടിക്കാഴ്ച ശക്തിമത്തായ ഒരു സന്ദേശം ലോകത്തിന് മുന്നില്‍ വെച്ചു. ഞങ്ങളുടെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്കറിയാം. നിങ്ങളുടെ ഇടപെടലാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നത്. ഇക്കാലം വരെ യു എസ് പറയുന്നത് മാത്രം ചെയ്ത ദ. കൊറിയ അന്നാദ്യമായി സ്വന്തം വഴിയിലൂടെ നടക്കുകയായിരുന്നു. ആ ചര്‍ച്ചയില്‍ ഉന്‍ കൈകൊണ്ട ആണവ നിരായുധീകരണ പ്രതിജ്ഞയാണ് സെന്റോസ ദ്വീപില്‍ ഉന്‍ പുതുക്കിയതെന്നോര്‍ക്കണം. പാന്‍മുന്‍ജോണിനേക്കാള്‍ മഹത്തരമല്ല സെന്റോസ ദ്വീപിലെ ചര്‍ച്ചയെന്ന് ചുരുക്കം. ശത്രുതയുടെ നാളുകള്‍ അവസാനിപ്പിക്കാന്‍ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും സ്വയമേവ തീരുമാനിച്ചപ്പോഴാണ് ചരിത്രം പിറന്നതെന്നര്‍ഥം. ചൈനയും അമേരിക്കയും റഷ്യയും ജപ്പാനുമൊന്നും ഇടപെട്ട് നശിപ്പിക്കാതിരിക്കുകയും ഇരു കൊറിയകളും ഏകീകരിക്കപ്പെടുകയും ചെയ്യുകയെന്നതാണ് ആണവ നിരായുധീകരണത്തിലേക്കുള്ള യഥാര്‍ഥ വഴി.

---- facebook comment plugin here -----

Latest