ഉത്തരേന്ത്യയോടടുക്കുന്നുവോ കേരളം?

Posted on: June 13, 2018 6:00 am | Last updated: June 12, 2018 at 10:40 pm

കേരളത്തില്‍ ചില സംഭവങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി തടയുന്നതില്‍ പോലീസ് സംവിധാനത്തില്‍ ചില പോരായ്മകള്‍ ഉണ്ടെന്നത് ശരിയാണ്. അതിന്റെ അടിസ്ഥാന കാരണം പോലീസിന്റെ തലപ്പത്തില്‍ ചിലയിടത്തും ചില താഴേ ഘടകങ്ങളിലും അടിഞ്ഞുകൂടിയിട്ടുള്ള ജാതി ചിന്തയും സാമ്പത്തിക നേട്ടത്തിലേക്കുള്ള കണ്ണും ആണെന്നു വേണം കരുതാന്‍. കെവിന്‍ സംഭവം നടന്നു കഴിഞ്ഞതിനു ശേഷമാണെങ്കിലും കുറ്റവാളികളെ പിടികൂടി നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിലും ഇത്തരം നീച പ്രവര്‍ത്തികള്‍ക്കു നേരെ പൊതുജനവികാരം സൃഷ്ടിക്കുന്നതിലും മലയാളി ഇപ്പോഴും മുന്നില്‍ തന്നെയാണെന്നോര്‍ക്കണം.

കേരളത്തെ സോമാലിയ എന്നു പറഞ്ഞ് പ്രധാന മന്ത്രി നരേന്ദ്ര മോദി തന്നെ ആക്ഷേപിച്ച ഒരു സന്ദര്‍ഭത്തിന് വലിയ പഴക്കമൊന്നുമില്ല. അന്ന് നമ്മള്‍ മലയാളികള്‍ ഏതാണ്ട് മൊത്തമായി (കുമ്മനവും സംഘവും ഒഴികെ) അതിനെതിരായി പ്രതിരോധവുമായി രംഗത്തുവന്നു. കൊള്ളയും കൊള്ളിവെപ്പും വംശീയ കൂട്ടക്കൊലകളും മാഫിയാവത്കരണവുമൊക്കെയാണല്ലോ ആഫ്രിക്കന്‍ നാടായ സോമാലിയയുടെ മുഖമുദ്രയായി നമ്മള്‍ വിലയിരുത്തുന്നത്. ആ ഗണത്തിലേക്ക് നമ്മെ പേര് ചേര്‍ക്കുന്നതില്‍ നമ്മുടെ തന്നെ പ്രധാനമന്ത്രിക്ക് അന്നുണ്ടായ അത്യുത്സാഹം വസ്തുതകള്‍ അങ്ങനെ ആയതു കൊണ്ടായിരുന്നില്ല. പിന്നെ വസ്തുതകള്‍ അതിനു നേര്‍ വിപരീതവും മോദിയെന്ന പ്രധാനമന്ത്രിയുടെ ജന്‍മദേശത്തേക്കാള്‍ സാമൂഹികമായും സാംസ്‌കാരികമായും കേരളം ഏറെ മുന്നിലാണ് എന്നുള്ളത് കൊണ്ടു കൂടിയായിരുന്നു ഗീബല്‍സിയന്‍ രീതിയിലുള്ള മറുതന്ത്രം പയറ്റി കേരളത്തെ ആകെ താറടിക്കാമെന്ന് അദ്ദേഹം വിചാരിച്ചത്. സ്വാഭാവികമായും അദ്ദേഹത്തിന്റെ വരുതിയിലായിക്കഴിഞ്ഞ ഇന്ത്യന്‍ വന്‍കിട മീഡിയകള്‍ അതേറ്റുപാടുകയും ലോകത്ത് കുറേ പേരെങ്കിലും അത് വിശ്വസിക്കുകയും ചെയ്യും എന്നായിരുന്നു ആ ഫാസിസ്റ്റ് മോഡല്‍ തന്ത്രത്തിന് പിന്നില്‍ മോദിയേയും കൂട്ടരേയും നയിച്ച വികാരം. പക്ഷേ, മീഡിയകളുടേയും അവരെ നയിക്കുന്ന കോര്‍പറേറ്റുകളുടേയുമൊക്കെ ദുഷ്ടലാക്കുകളെ മറികടക്കാനും ആ പ്രചാരണത്തിന്റെ മുനയൊടിക്കാനുമൊക്കെ നമുക്ക് കഴിഞ്ഞു.

എന്നാലിന്ന് മലയാളിയേയും പിടികൂടിയിരിക്കുന്ന ചില ഉത്തരേന്ത്യന്‍ വികല ചിന്തകളുടെ കടന്നുകയറ്റം കേരളത്തിന്റെ പുരോഗമന മേല്‍വിലാസത്തില്‍ വലിയ വിള്ളലുകള്‍ വീഴ്ത്തിത്തുടങ്ങിയില്ലേ എന്ന് നാം ആത്മപരിശോധന നടത്തേണ്ട ഘട്ടം എത്തിയിരിക്കുന്നു. നമ്മളെ സോമാലിയക്കാര്‍ എന്ന വിശേഷണം നല്‍കി അപമാനിക്കാന്‍ ശ്രമിച്ചവരുടെ നാട്ടില്‍ നിര്‍ബാധം അരങ്ങേറുന്ന ജാതീയ വിവേചനവും മതസ്പര്‍ധയും ദുരഭിമാനക്കൊലകളും പതുക്കെ പതുക്കെ ഇങ്ങോട്ട് വിരുന്നെത്തിത്തുടങ്ങിയിരിക്കുകയാണ്. അവരിവിടെ സ്ഥിരതാമസമാക്കി ത്തുടങ്ങിയാല്‍ പുരോഗമനത്തിന്റേയും നവോത്ഥാനത്തിന്റേയും മണ്ണ്, കലയുടേയും സാഹിത്യത്തിന്റേയും സംസ്‌കാരത്തിന്റേയും പുഷ്‌ക്കല ഭൂമിയായ നമ്മുടെ നാട് ഉത്തരേന്ത്യന്‍ ചാതുര്‍വര്‍ണ്യത്തിന്റെ ദക്ഷിണേന്ത്യന്‍ പതിപ്പിലേക്ക് പേര് ചേര്‍ക്കപ്പെടുമോ എന്ന ഭയപ്പാടില്‍ എത്തി നില്‍ക്കുകയാണ്. സോമാലിയയും കൊളംബിയയും ഒന്നുമല്ലെങ്കിലും നാം ഗുജറാത്തും ബിഹാറും യു പിയും മഹാരാഷ്ട്രയുമൊക്കെയടങ്ങുന്ന ‘പശു ബെല്‍റ്റിന്റെ മോഡലി’ലേക്ക് നടന്നടുക്കുന്നുവെങ്കില്‍ അതും അപമാനകരം തന്നെയായി കരുതണം.

അതില്‍ ഏറ്റവും വില്ലനായി ഇപ്പോള്‍ കേരളത്തേയും നോട്ടമിട്ടിരിക്കുന്നത് ജാത്യാഭിമാനത്തിന്റെ പ്രത്യുത്പന്നമായ ദുരഭിമാനക്കൊലകളാണ്. ഭക്ഷണ രീതിയിലേക്കുള്ള കടന്നുകയറ്റത്തിന് അത്ര പെട്ടെന്ന് വേരോട്ടമുണ്ടാക്കാന്‍ കേരളത്തില്‍ കഴിഞ്ഞെന്നു വരില്ല. കാരണം മുസ്‌ലിംകളും ക്രൈസ്തവരും മാത്രമല്ല ഹൈന്ദവ വിശ്വാസികളില്‍പ്പെട്ടവരേറെയും മാംസാഹാരം ശീലമാക്കിയവരാണ് കേരളത്തില്‍. വളരെ ചെറിയ ഒരു വിഭാഗം ആളുകളേ ഇവിടെ മാംസാഹാരത്തോട് വിരക്തിയുള്ളവരായുള്ളു. അതില്‍ തന്നെ ജാതി മത ചിന്തകളല്ല മാനദണ്ഡം. അത് രുചിയോടും ശീലത്തോടും ബന്ധപ്പെട്ടു നില്‍ക്കുന്നു ഇവിടെ. എന്നാല്‍, ഏറ്റവും ഒടുവില്‍ കേരളത്തേയും പിടികൂടിക്കൊണ്ടിരിക്കുന്ന ഉത്തരേന്ത്യന്‍ അനാചാരങ്ങളില്‍പ്പെട്ട ഒന്നാണ് ദുരഭിമാനത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍. മലപ്പുറം ജില്ലയിലെ അരീക്കോട്ട് ഇത്തരത്തില്‍ ഒന്ന് നടന്നിട്ട് അധികകാലമാവുന്നതിനു മുമ്പായിട്ടിതാ കോട്ടയം ജില്ലയില്‍ കെവിന്‍ എന്ന ചെറുപ്പക്കാരനെ അദ്ദേഹത്തിന്റെ ഭാര്യാ വീട്ടുകാര്‍ കൊന്നു കൊക്കെയില്‍ എറിഞ്ഞിരിക്കുന്നു. ഇത്തരം കൊലകളിലേക്ക് നയിക്കുന്നതിന്റെ പ്രധാന കാരണം ഏതായാലും സാമ്പത്തികമായ അന്തരങ്ങളല്ലെന്നു വേണം കരുതാന്‍. ജാത്യാല്‍ തങ്ങള്‍ക്ക് മറ്റു ചില രേക്കാള്‍ ഉണ്ടെന്ന് കരുതുന്ന ‘മഹത്വ’ ത്തെ കുറിച്ചുള്ള മിഥ്യാധാരണയാണിതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന വികാരം. സൂക്ഷ്മാര്‍ഥത്തില്‍ ഇത്തരം വികാരം ഫാസിസത്തിന്റെ ഒരു പ്രത്യുത്പന്നം തന്നെയാണ്. ആര്യ രക്തത്തിന്റെ ‘പരിശുദ്ധിയും വിശുദ്ധിയും’ പ്രചരിപ്പിച്ചു കൊണ്ടാണല്ലോ അതില്ലാത്തവര്‍ക്കു നേരെ ഉന്‍മൂലന ഭീഷണി ജര്‍മ്മന്‍ ഫാസിസം നടപ്പാക്കിയത്. ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളിലും കേരളമൊഴിച്ചുള്ള തെക്കന്‍ സംസ്ഥാനങ്ങളിലും ജാത്യാടിസ്ഥാനത്തിലുള്ള ഉച്ചനീചത്തങ്ങള്‍ ധാരാളമായി അരങ്ങേറാറുള്ളതാണ്. ഇത്തരം അനാചാരങ്ങള്‍ക്കെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ അവിടങ്ങളിലെ പ്രധാന തടസ്സം ഭരിക്കുന്നവരിലും നിയമപാലകരിലും ഈ അധമ വികാരം ശക്തമായുണ്ട് എന്നതു തന്നെയാണ്. ദളിതനെ കെട്ടിയിട്ട് തല്ലിക്കൊല്ലുമ്പോഴും പശു ഇറച്ചിയുടെ പേരില്‍ ആള്‍ക്കൂട്ടം ഉറഞ്ഞു തുള്ളി മനുഷ്യനെ അടിച്ചു കൊല്ലുമ്പോഴും ജാതിയില്‍ താഴ്ന്നവന്‍ സവര്‍ണ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയോട് സംസാരിക്കുന്നത് കണ്ടാല്‍ പോലും കൊലപാതകമടക്കമുള്ള ശിക്ഷകള്‍ നടപ്പാക്കുമ്പോഴും….

ഇതൊന്നും ഇങ്ങ് വാളയാര്‍ ചുരവും നീലഗിരി മലകളും കൊങ്കണ്‍ തീരവും കടന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് എത്തുകയില്ല എന്ന അമിതമായ നമ്മുടെ ആത്മവിശ്വാസത്തെ കടപുഴക്കിക്കൊണ്ടാണ് ദുരഭിമാനക്കൊല ഇവിടെ പിടിമുറുക്കുന്നത്. നിപ്പ വൈറസിനെതിരെ നാം എടുക്കുന്ന ജാഗ്രത പോലെത്തന്നെ ഈ സാമൂഹിക വിപത്തിനെതിരേയും നാം ജാഗരൂകരായേ തീരൂ. അതിന് ഉത്തരേന്ത്യയെ അപേക്ഷിച്ച് ഏറ്റവും അനുകൂലമായ ഘടകം ഇവിടെയുള്ളത് കേരളത്തിലെ ഗവണ്‍മെന്റുകള്‍ തന്നെമാണ്. (അതില്‍ ഇടതും വലതും വേര്‍തിരിവു കാണേണ്ടതില്ല.) കാരണം ഇത്തരം കാര്യങ്ങളോടുള്ള തുറന്ന സമീപനത്തില്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ടീയകക്ഷികളില്‍ പ്രബലമായവയെല്ലാം ഇടത്തോട്ട് തന്നെയാണ് ചിന്തിക്കുന്നത്. ഇടത്തോ ട്ടെന്ന് അടിവരയിട്ടു പറയാന്‍ കാരണം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ ദുരഭിമാന ചിന്തകരെ പിന്തുണക്കുന്ന കക്ഷികള്‍ എല്ലാം വലതുപക്ഷക്കാര്‍ എന്ന വിവക്ഷയില്‍ വരുന്നവരാണ് എന്നുള്ളതുകൊണ്ടു കൂടിയാണ്.

കേരളത്തില്‍ ഇത്തരം ചില സംഭവങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി തടയുന്നതില്‍ പോലീസ് സംവിധാനത്തില്‍ ചില പോരായ്മകള്‍ ഉണ്ടെന്നത് ശരിയാണ്. അതിന്റെ അടിസ്ഥാന കാരണം പോലീസിന്റെ തലപ്പത്തില്‍ ചിലയിടത്തും ചില താഴേ ഘടകങ്ങളിലും അടിഞ്ഞുകൂടിയിട്ടുള്ള ജാതി ചിന്തയും സാമ്പത്തിക നേട്ടത്തിലേക്കുള്ള കണ്ണും ആണെന്നു വേണം കരുതാന്‍. സംഭവം നടന്നു കഴിഞ്ഞതിനു ശേഷമാണെങ്കിലും കുറ്റവാളികളെ പിടികൂടി നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിലും ഇത്തരം നീച പ്രവര്‍ത്തികള്‍ക്കു നേരെ പൊതുജനവികാരം സൃഷ്ടിക്കുന്നതിലും മലയാളി ഇപ്പോഴും മുന്നില്‍ തന്നെയാണെന്നോര്‍ക്കണം. ഈ ദുര്‍ബലമായ പ്രതിരോധം പോലും തകരാതെ സൂക്ഷിക്കാന്‍ കേരളവും ഉത്തരേന്ത്യയും തമ്മില്‍ ഇത്തരം കാര്യങ്ങളില്‍ കുറഞ്ഞു വരുന്ന അകലം നാം കൂടുതല്‍ കുറക്കുകയല്ല വല്ലാതെ വര്‍ധിപ്പിക്കുക തന്നെയാണ് വേണ്ടത്.

സ്വാമി വിവേകാനന്ദന്റെ ‘ഭ്രാന്താലയ’മെന്ന വിശേഷണത്തെ തിരുത്തിയ മലയാളിക്ക് മോദിയുടെ ‘സോമാലിയ’ എന്ന വിശേഷണത്തെ പൊളിച്ചടുക്കിയ മലയാളിക്ക് തീര്‍ച്ചയായും നമ്മള്‍ അവസരത്തിനൊത്തുണര്‍ന്നാല്‍ ഉത്തരേന്ത്യന്‍ മണ്ണില്‍ നിന്നും മനസ്സില്‍ നിന്നും പടര്‍ന്നെത്തുന്ന അനാചാര, സവര്‍ണ വൈറസുകളേയും തടഞ്ഞു നിറുത്താനാവും. അത്തരം മുന്നേറ്റത്തിനുള്ള തുടക്കം കുറിക്കാന്‍ കേരളത്തിലെ മുഖ്യധാരാ രാഷ്ടീയകക്ഷികള്‍ക്ക് തന്നെയാണുത്തരവാദിത്വം. അവര്‍ക്കതിനാവുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.