അത്രക്കങ്ങ് ആഘോഷിക്കണോ?

സമാധാനത്തിലേക്കുള്ള ചുവട്‌വെപ്പ്, സൗഹൃദത്തിന്റെ മഹാനിദര്‍ശനം, ഗെയിം ചേഞ്ചിംഗ് ഡിപ്ലോമാറ്റിക് അച്ചീവ്‌മെന്റ് എന്നൊക്കെ വിശേഷിപ്പിക്കുന്നുവെങ്കിലും ഈ കൂടിക്കാഴ്ച ഉടനടി നടപ്പാക്കുന്ന ഒരു ലക്ഷ്യം പോലും മുന്നോട്ട് വെക്കുന്നില്ല. സംയുക്ത പ്രസ്താവനയെടുക്കാം. നാല് കാര്യങ്ങളാണ് അതിലുള്ളത്. ഇവയെല്ലാം പല നിലകളില്‍ കൂടിയാലോചനകള്‍ നടത്തി ഉറപ്പ് വരുത്തേണ്ട ദീര്‍ഘകാല ലക്ഷ്യങ്ങളാണ്. അത്തരം ചര്‍ച്ചകള്‍ക്കായി പ്രത്യേക സംയുക്ത സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുമുണ്ട്. ചര്‍ച്ചക്ക് ശേഷം ട്രംപ് പറഞ്ഞത് കൂടി കണക്കിലെടുക്കണം. ഉ. കൊറിയക്കെതിരായ ഉപരോധത്തില്‍ ഒരു മാറ്റവുമില്ലെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. നോക്കൂ, പേരിനെങ്കിലും ആയുധ കേന്ദ്രത്തിലൊന്ന് തകര്‍ത്തിട്ടാണ് ഉന്‍ ചര്‍ച്ചക്ക് വന്നിരിക്കുന്നത്. ട്രംപ് ഒരടി മുന്നോട്ട് വെച്ചിട്ടില്ല. തമ്മില്‍ തല്ലി പിരിഞ്ഞില്ല എന്ന ഒറ്റ ആശ്വാസമേയുള്ളൂ.
Posted on: June 13, 2018 6:00 am | Last updated: June 12, 2018 at 10:36 pm

ഏഷ്യാ സൊസൈറ്റിയിലെ നയതന്ത്രജ്ഞന്‍ ഡാനിയല്‍ ആര്‍ റസല്‍ പറഞ്ഞത് ആവര്‍ത്തിക്കാം: ‘ഡൊണാള്‍ഡ് ട്രംപ് ഈ കഥയിലെ ഒരു കഥാപാത്രം മാത്രമാണ്. നായകനുണ്ടെങ്കില്‍ അത് കിം ജോംഗ് ഉന്‍ എന്ന 34കാരനാണ്’. കൈയില്‍ നിന്ന് ഒന്നും വിട്ടുനല്‍കാതെ ഉന്‍ നേടിയ പ്രതിച്ഛായ അത്രക്ക് ശക്തിമത്താണ്. നിഗൂഢവും അനിശ്ചിതവുമായ വ്യക്തിത്വത്തില്‍ നിന്ന് ലോകത്തിന്റെയാകെ പ്രിയം പേറുന്ന സ്വീകാര്യതയിലേക്ക് നടന്ന് കയറുകയാണ് അദ്ദേഹം ചെയ്തത്. വിന്റര്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ തന്റെ സഹോദരിയുടെ നേതൃത്വത്തില്‍ ഉത്തര കൊറിയന്‍ സംഘത്തെ ദക്ഷിണ കൊറിയയിലേക്ക് അയച്ചത് മുതല്‍ തുടങ്ങുന്ന വിപ്ലവകരമായ പ്രതിച്ഛായാ നിര്‍മിതിയുടെ അന്തിമ ആഘോഷക്കാഴ്ചയാണ് സിംഗപ്പൂരില്‍ കണ്ടത്. ഉത്തര കൊറിയന്‍ പ്രസിഡന്റ് ഇനിയൊരു നിഗൂഢതയല്ല. അദ്ദേഹം യാത്രകള്‍ തുടങ്ങുകയാണ്. ബീജിംഗില്‍ രണ്ട്‌വട്ടം ചെന്നു. ഇനി വാഷിംഗ്ടണില്‍ പോകും. തൊട്ടു കൂടായ്മകള്‍ നീങ്ങും. പണമിറക്കാന്‍ പാകമായ സമ്പദ്‌വ്യവസ്ഥയായി ഉ. കൊറിയ മാറും.

ഇത്തരമൊരു മേല്‍ക്കൈ ഉന്‍ നേടുന്നത് ഏറ്റവും നന്നായി മനസ്സിലാക്കിയത് ട്രംപ് തന്നെയായിരുന്നു. അത് തടയാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചിട്ടുണ്ട്. ഉത്തര കൊറിയയുടെ അതിര്‍ത്തിയിലുള്ള ദക്ഷിണ കൊറിയന്‍ ഗ്രാമമായ പാന്‍മുന്‍ജോണിന്റെ സ്വച്ഛതയില്‍ ചെന്ന് ദ. കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിനെ കിം ജോംഗ് ഉന്‍ ആശ്ലേഷിച്ചപ്പോള്‍ ലോകം മുഴുവന്‍ പറഞ്ഞത് ഇരു കൊറിയകളും ശത്രുതയുടെ ചരിത്രത്തെ പിന്നിലാക്കി ഏകീകരണത്തിലേക്കുള്ള വഴി സ്വയം വെട്ടുന്നുവെന്നായിരുന്നു. എന്നാല്‍ ട്രംപ് പറഞ്ഞു: ‘അമേരിക്കയില്‍ ശക്തനായ ഒരു പ്രസിഡന്റുണ്ടായപ്പോള്‍ കാണാത്തത് പലതും കാണുന്നു. കൊറിയയില്‍ ശാശ്വത സമാധാനം സാധ്യമാകും’. കൊറിയന്‍ ഉപദ്വീപില്‍ നടക്കുന്ന എല്ലാ നല്ലതിന്റെയും പിന്നില്‍ താനാണെന്ന അപഹാസ്യമായ പ്രചാരണമാണ് ട്രംപ് നടത്തിയത്. നിശ്ചയിച്ച ചര്‍ച്ചയില്‍ നിന്ന് പിന്‍മാറ്റം പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ നിറയാന്‍ ഒരിക്കല്‍ കൂടി ശ്രമിച്ചു ട്രംപ്. അസാധാരണ വലിപ്പമുള്ള കത്തെഴുതി തികച്ചും സരസമായി ഇതിനെ മറികടക്കുന്ന ഉന്നിനെയാണ് അപ്പോള്‍ കണ്ടത്. അതുകൊണ്ട് ഈ ചര്‍ച്ചയുടെ യഥാര്‍ഥ ശില്‍പ്പി ഉന്നാണ്. ട്രംപല്ല. ട്രംപ് ഭരണകൂടത്തിലെ ഉന്നതരില്‍ പലരും സിംഗപ്പൂര്‍ ചര്‍ച്ചയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാകാതെ ഉഴറുകയായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലുമുണ്ടായിരുന്നു ആശയക്കുഴപ്പം.

എന്നാല്‍, ചര്‍ച്ചയുടെ യഥാര്‍ഥ ഗുണഭോക്താവ് അമേരിക്കയാണ്. ചുരുങ്ങിയത് മൂന്ന് കാരണങ്ങള്‍ അതിനായി നിരത്താവുന്നതാണ്. ഒന്നാമതായി ഉത്തര കൊറിയയുടെ സൈനിക ശക്തി യഥാര്‍ഥമാണെന്ന് അമേരിക്ക തിരിച്ചറിയുന്നുവെന്നത് തന്നെയാണ്. സദ്ദാം ഹുസൈന്റെ പക്കല്‍ കൂട്ടനശീകരണ ആയുധമുണ്ടെന്ന് പറഞ്ഞ് സംയുക്ത ആക്രമണത്തിന് അമേരിക്ക ഇറങ്ങിപ്പുറപ്പെട്ടത് അങ്ങനെയൊരു ആയുധവും അദ്ദേഹത്തിന്റെ കൈയിലില്ലെന്ന് ഉറപ്പുള്ളത് കൊണ്ടായിരുന്നു. എന്നാല്‍, 1990ലെ ആദ്യ മിസൈല്‍ പരീക്ഷണവും 2006ലെ ഭൂഗര്‍ഭ ആണവ പരീക്ഷണവും 2013ലെ മൂന്നാം ആണവപരീക്ഷണവും 2016ലെ നാലാം പരീക്ഷണവും പിന്നിട്ട് ഇപ്പോഴത്തെ ഉ. കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ‘ഞങ്ങള്‍ സമ്പൂര്‍ണ സായുധ ശക്തിയായിക്കഴിഞ്ഞു’വെന്ന് പ്രഖ്യാപിക്കുമ്പോള്‍ അത് പൊങ്ങച്ചമല്ല, പരമാര്‍ഥമാണെന്ന് അമേരിക്കക്ക് നന്നായറിയാം. അതുകൊണ്ട് കൊറിയന്‍ പ്രശ്‌നത്തിന് സൈനിക പരിഹാരം അസാധ്യമാണ്. അപകടകരവുമാണ്. ഒന്നുകില്‍ കൂടുതല്‍ ഉപരോധമാകാം. ഉത്തര കൊറിയന്‍ വിരുദ്ധ പ്രചാരണം ശക്തമാക്കുകയുമാകാം. ദക്ഷിണ കൊറിയയില്‍ കുറച്ചു കൂടി സൈനിക സന്നാഹമൊരുക്കി നിഴല്‍ യുദ്ധമാകാം. അതൊന്നും ഫലപ്രദമല്ലെന്ന് തെളിഞ്ഞ സ്ഥിതിക്ക് എന്ത് ചെയ്യും? ചര്‍ച്ച തന്നെ ശരണം. മുമ്പ് ബില്‍ ക്ലിന്റണ്‍ ഈ പരിഹാരം തേടിയിട്ടുണ്ട്. കരാറില്‍ ഒപ്പു വെച്ചിട്ടുമുണ്ട്. മുഖാമുഖം വരുന്നത് ട്രംപാണെന്ന് മാത്രം. ആ നിലക്ക് ഇത് ചരിത്രമാണ്. അതിലപ്പുറം ഈ ചര്‍ച്ചയുടെ പേരില്‍ ട്രംപിന് മേല്‍ അപദാനം ചൊരിയേണ്ടതില്ല. മുതലാളിത്തം പ്രതിസന്ധിയിലാകുമ്പോഴെല്ലാം ഇത്തരം നയതന്ത്ര പരിഹാരങ്ങള്‍ ഉണ്ടായിട്ടുണ്ട്.

അമേരിക്കയെ മറി കടന്ന് (ചൈനയെയും) ഇരു കൊറിയകളും സമാധാനത്തിന്റെ പാതയില്‍ മുന്നേറുന്നുവെന്നതാണ് അമേരിക്കയെ ഇരുത്തിച്ചിന്തിപ്പിക്കുന്ന മറ്റൊരു ഘടകം. ആരും മാധ്യസ്ഥ്യം വഹിക്കാതെയാണ് കഴിഞ്ഞ ഏപ്രിലില്‍ ചരിത്രത്തിലാദ്യമായി ഉ. കൊറിയന്‍ നേതാവ് ദ. കൊറിയയില്‍ ചെന്നത്. അധിനിവേശ ശക്തികളുടെ കുതന്ത്രങ്ങളാണ് തങ്ങളെ ഭിന്നിപ്പിച്ചതെന്ന് അവര്‍ തിരിച്ചറിയുന്നു. പുനരേകീകരണത്തിന്റെ സാധ്യത തേടുന്നു. അതിനായി അതിര്‍ത്തിയിലെ സൈനിക സാന്നിധ്യം കുറക്കുന്നതടക്കമുള്ള തീരുമാനങ്ങളെടുക്കുന്നു. ഒരു മാധ്യമത്തിനും പിടികൊടുക്കാതെ മൂണ്‍ ജെ ഇന്‍ പ്യോംഗ്‌യാംഗില്‍ ചെന്ന് ഉന്നിനെ ഒരിക്കല്‍ കൂടി കാണുന്നു. ഈ സംഭവഗതികള്‍ കൃത്യമായ സന്ദേശമാണ് അമേരിക്കക്ക് നല്‍കിയത്. കൊറിയന്‍ ഉപദ്വീപ് സമാധാനത്തിന്റെ വഴി സ്വമേധയാ സൃഷ്ടിക്കുകയാണ്. യുദ്ധവിരാമത്തിലും അതുവഴി ഏകീകരണത്തിലും എത്തുന്ന കൊറിയയില്‍ ഒരു ഇടവും അമേരിക്കക്ക് ഉണ്ടാകില്ല. ഈ തിരിച്ചറിവു കൂടിയാണ് ട്രംപിനെ സിംഗപ്പൂരില്‍ എത്തിച്ചത്.

മൂന്നാമത്തെ കാരണം അമേരിക്ക അനുഭവിക്കുന്ന ഒറ്റപ്പെടല്‍ തന്നെയാണ്. കുടിയേറ്റം, വ്യാപാരം, തീരുവ, കറന്‍സി തുടങ്ങിയ വിഷയങ്ങളില്‍ ട്രംപിന്റെ കിറുക്കന്‍ നയങ്ങള്‍ ആ രാജ്യത്തെ അക്ഷരാര്‍ഥത്തില്‍ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. വ്യാവസായിക രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7ല്‍ ആറ് രാജ്യങ്ങളും അമേരിക്കയെ തുറന്നെതിര്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ മാസം നടന്ന ഉച്ചകോടിക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ യു എസ് പ്രസിഡന്റിന്റെ പേര് പോലും ഉണ്ടായിരുന്നില്ല. ഇസ്‌റാഈലിനോടുള്ള അമിത വിധേയത്വവും ട്രംപിന്റെ പ്രതിച്ഛായ തകര്‍ത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇക്കാലമത്രയും നയതന്ത്ര ബന്ധമില്ലാത്ത ഒരു രാജ്യവുമായി ബന്ധപൂരണം നടക്കേണ്ടത് അനിവാര്യമായിരുന്നു. പണ്ട് മുഅമ്മര്‍ ഗദ്ദാഫിയുമായി യു എസ് കൈകോര്‍ത്തത് ഏവരും അത്ഭുതത്തോടെ കണ്ടിരുന്നു. ഇപ്പോള്‍ ഉന്നിന് കൈകൊടുക്കുന്നു. സ്വയം പിടിച്ചു കയറാന്‍. പക്ഷേ പ്രധാനപ്പെട്ട ഒരു വ്യത്യാസമുണ്ട്. ഉന്നുമായുള്ള ഇടപാടുകള്‍ അത്ര എളുപ്പമാകില്ല. കാരണം ചൈനയുടെ ഉറ്റബന്ധുവാണ് കൊറിയ.

സമാധാനത്തിലേക്കുള്ള ചുവട്‌വെപ്പ്, സൗഹൃദത്തിന്റെ മഹാനിദര്‍ശനം, ഗെയിം ചേഞ്ചിംഗ് ഡിപ്ലോമാറ്റിക് അച്ചീവ്‌മെന്റ് എന്നൊക്കെ വിശേഷിപ്പിക്കുന്നുവെങ്കിലും ഈ കൂടിക്കാഴ്ച ഉടനടി നടപ്പാക്കുന്ന ഒരു ലക്ഷ്യം പോലും മുന്നോട്ട് വെക്കുന്നില്ല. സംയുക്ത പ്രസ്താവനയെടുക്കാം. നാല് കാര്യങ്ങളാണ് അതിലുള്ളത്. ഇരു രാജ്യങ്ങളിലേയും ജനാഭിലാഷത്തിനനുസരിച്ച് യു എസും ഉ. കൊറിയയും ബന്ധം ഊഷ്മളമാക്കും. കൊറിയന്‍ ഉപദ്വീപില്‍ സുസ്ഥിര സമാധാനം സ്ഥാപിക്കാന്‍ ഇരു രാജ്യങ്ങളും യത്‌നിക്കും. ആണവ നിരായുധീകരണത്തിന് ഉത്തര കൊറിയ പ്രതിജ്ഞാബദ്ധമായിരിക്കും. യുദ്ധത്തടവുകാരെ പരസ്പരം കൈമാറും. ഇവയെല്ലാം പല നിലകളില്‍ കൂടിയാലോചനകള്‍ നടത്തി ഉറപ്പ് വരുത്തേണ്ട ദീര്‍ഘകാല ലക്ഷ്യങ്ങളാണ്. അത്തരം ചര്‍ച്ചകള്‍ക്കായി പ്രത്യേക സംയുക്ത സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുമുണ്ട്. ചര്‍ച്ചക്ക് ശേഷം ട്രംപ് പറഞ്ഞത് കൂടി കണക്കിലെടുക്കണം. ഉ. കൊറിയക്കെതിരായ ഉപരോധത്തില്‍ ഒരു മാറ്റവുമില്ലെന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞത്. നോക്കൂ, പേരിനെങ്കിലും ആയുധ കേന്ദ്രത്തിലൊന്ന് തകര്‍ത്തിട്ടാണ് ഉന്‍ ചര്‍ച്ചക്ക് വന്നിരിക്കുന്നത്. ട്രംപ് ഒരടി മുന്നോട്ട് വെച്ചിട്ടില്ല. തമ്മില്‍ തല്ലി പിരിഞ്ഞില്ല എന്ന ഒറ്റ ആശ്വാസമേയുള്ളൂ.

അമേരിക്കയുടെ സ്വഭാവമറിയുന്ന ഒരാളും ഇത്തരമൊരു കൂടിക്കാഴ്ചയില്‍ അമിത പ്രതീക്ഷ വെച്ച് പുലര്‍ത്തില്ല. ആ രാജ്യത്തിന്റെ തലവന്‍ ഒപ്പുവെച്ച ഏത് കരാറും പ്രാബല്യത്തിലാകാന്‍ യു എസ് കോണ്‍ഗ്രസിന്റെ അനുമതി വേണം. മുന്‍കൂര്‍ അനുമതി വാങ്ങിയല്ല പ്രസിഡന്റ് വരുന്നത്. കരാറില്‍ നിന്ന് ഏത് നിമിഷവും പിന്‍വാങ്ങാനുള്ള ലൈസന്‍സാണ് ഇത്. ഏത് വ്യവസ്ഥയിലും അമേരിക്കക്ക് വീണ്ടുവിചാരമാകാം. ഏത് കരാറും റദ്ദാക്കാം. ഓര്‍മയില്ലേ, 2015 ജൂലൈ 14. അന്നാണ് ഇറാനും അമേരിക്കയടക്കമുള്ള ആറ് രാഷ്ട്രങ്ങളും ആണവ കരാറില്‍ ഒപ്പുവെച്ചത്. ഇന്നത്തേക്കാള്‍ വലിയ ആഘോഷമാണ് അന്ന് നടന്നത്. ഒബാമ പോയി, ട്രംപ് വന്നപ്പോള്‍ നിഷ്‌കരുണം ആ കരാര്‍ ചുരുട്ടി ചവറ്റു കൊട്ടയിലെറിഞ്ഞു.

ചോദ്യമിതാണ്. ഉത്തര കൊറിയയുടെ വ്യക്തിത്വം നിര്‍ണയിച്ച ആയുധ ശേഷിയില്‍ എത്ര കണ്ട് ഉപേക്ഷിക്കാന്‍ അത് തയ്യാറാകും? സ്വയമൊരു ആണവ ശക്തിയായ അമേരിക്കയെ അത് എത്രമാത്രം വിശ്വസിക്കും? ദ. കൊറിയയിലെ സൈനിക സാന്നിധ്യം പൂര്‍ണമായി അവസാനിപ്പിക്കാന്‍ അമേരിക്കക്ക് സാധിക്കുമോ? തങ്ങളുടെ ചെയ്തികളാണ് ഉ. കൊറിയയെ ആണവ ശക്തിയാകാന്‍ നിര്‍ബന്ധിതമാക്കിയതെന്ന് അവര്‍ ഏറ്റുപറയുമോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വ്യക്തമായി തെളിഞ്ഞു വരുന്ന ഒരു ദിനമുണ്ടെങ്കില്‍ അന്ന് സെന്റോസ ദ്വീപിലെ ചിത്രങ്ങള്‍ക്ക് മിഴിവേറും. പാന്‍മുന്‍ജോണില്‍ കിം ജോംഗ് ഉന്നും മൂണ്‍ ജെ ഇന്നും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയാണ് യഥാര്‍ഥത്തില്‍ ആഘോഷിക്കേണ്ടത്. അതാണ് സെന്റോസ ദ്വീപിലേക്ക് ഈ നേതാക്കളെ എത്തിച്ചത്. ഒരേ ചരിത്രം പേറുന്ന രണ്ട് ജനത പരസ്പരം പുണരുന്ന മനോഹരമായ കാഴ്ചയായിരുന്നു പാന്‍മുന്‍ജോണിലേത്. സ്വയം നിര്‍ണയത്തിലേക്ക് ഉണരുന്ന ജനതക്ക് മാത്രമേ ചരിത്രം സൃഷ്ടിക്കാനാകൂ. ഇത് മനസ്സിലാക്കാന്‍ ഇന്ത്യക്കും പാക്കിസ്ഥാനും എന്നാണ് സാധിക്കുക!