ജോര്‍ദാന് സഹോദര രാജ്യങ്ങളുടെ 250 കോടി ഡോളറിന്റെ സഹായം

Posted on: June 12, 2018 8:56 pm | Last updated: June 12, 2018 at 8:56 pm
SHARE
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജാവ്, കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് എന്നിവരുടെ നേതൃത്വത്തില്‍ മക്കയിലെ അല്‍ സഫ പാലസില്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന്

ദുബൈ: നികുതി പരിഷ്‌കരണത്തെ തുടര്‍ന്ന് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട ജോര്‍ദാന് സഹോദര രാജ്യങ്ങള്‍ 250 കോടി ഡോളര്‍ ധനസഹായം നല്‍കും. യു എ ഇ, സഊദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളാണ് ജോര്‍ദാന് സഹായ ഹസ്തം നീട്ടിയത്.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജാവ്, കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് എന്നിവരുടെ നേതൃത്വത്തില്‍ മക്കയിലെ അല്‍ സഫ പാലസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനും പങ്കെടുത്തു.

മൂന്ന് അറബ് രാജ്യങ്ങളും വാഗ്ദാനം ചെയ്ത തുക ജോര്‍ദാന്‍ സെന്‍ട്രല്‍ ബേങ്കിന് കൈമാറാനാണ് തീരുമാനം. നിലവിലെ ജോര്‍ദാന്റെ കമ്മി ബജറ്റിന് പരിഹാരം കാണാന്‍ ഇത്രയും തുക ആവശ്യമായിരുന്നു. ജോര്‍ദാന്‍ അന്താരാഷ്ട്ര തലത്തില്‍ നിന്ന് വായ്പയെടുത്തവര്‍ക്ക് തിരിച്ചടക്കാനും സാമ്പത്തിക മാന്ദ്യം പരിഹരിക്കാനും ഈ തുക ഉപയോഗപ്പെടുത്തും. അഞ്ച് വര്‍ഷത്തേക്കാണ് ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ശൈഖ് മുഹമ്മദിനെ സല്‍മാന്‍ രാജാവിന്റെ ഉപദേശകനും മക്ക അമീറുമായ ഖാലിദ് അല്‍ ഫൈസല്‍ രാജുകുമാരന്റെ നേതൃത്വത്തില്‍ ഉന്നതര്‍ സ്വീകരിച്ചു. യു എ ഇ പ്രതിനിധി സംഘത്തില്‍ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ക്യാബിനറ്റ് അഫയേഴ്‌സ്-ഫ്യൂച്ചര്‍ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി, സഊദിയിലെ യു എ ഇ സ്ഥാനപതി ശൈഖ് ശഖ്ബൂത്ത് ബിന്‍ നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍, ദുബൈ പ്രോട്ടോകോള്‍ ആന്‍ ഹോസ്പിറ്റാലിറ്റി ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍ എന്നിവരുമുണ്ടായിരുന്നു.

ജോര്‍ദാനില്‍ നടന്ന പ്രക്ഷോഭത്തിനൊടുവില്‍ അബ്ദുല്ല രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഹാനി അല്‍ മുല്‍കി രാജിവെച്ചിരുന്നു. കഴിഞ്ഞ ആഴ്ച യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ പോളിസി ചീഫ് ഫെഡറിക മൊഗെരിനി രണ്ട് കോടി യൂറോ ജോര്‍ദാന് സഹായം പ്രഖ്യാപിച്ചിരുന്നു.