ഗ്രൂപ്പ് മാനേജര്‍മാരുടെ പീഡനം മൂലമാണ് കെ പി സി സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചതെന്ന് വി എം സുധീരന്‍

Posted on: June 12, 2018 7:53 pm | Last updated: June 12, 2018 at 9:38 pm

തിരുവനന്തപുരം: അധ്യക്ഷസ്ഥാനം രാജിവെച്ചത് ഗ്രൂപ്പ് മാനേജര്‍മാരുടെ പീഡനം മൂലമെന്ന് വി എം സുധീരന്‍. മാനേജര്‍മാരുടെ കടുത്ത പീഡനം മൂലം മുന്നോട്ട് പോകാനകാതെ വന്നതോടെയാണ് രാജി വെച്ചൊഴിഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഗ്രൂപ്പിന്റെ അതിപ്രസരമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ട നിര്‍ണായക ഘട്ടത്തിലാണ് പാര്‍ട്ടി നില്‍ക്കുന്നതെന്നും അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഗ്രൂപ്പ് അതിപ്രസരം ഒഴിവാക്കി മുന്നോട്ട് പോകാന്‍ ഗ്രൂപ്പ് നേതാക്കളും മാനേജര്‍ന്മാരും തയ്യാറാകണം. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

താഴെ തട്ടില്‍ ശരിയായി പ്രവര്‍ത്തിക്കുന്ന സംഘടനാ പ്രവര്‍ത്തകര്‍ക്ക് അംഗീകാരം കിട്ടണമെന്നും അവരെ പ്രോത്സാഹിപ്പിക്കണമെന്നും സുധീരന്‍ പറഞ്ഞു. നല്ല പ്രവര്‍ത്തകരെ ഒഴിവാക്കി ഗ്രൂപ്പ് മാനേജര്‍ന്മാര്‍ക്ക് ഇഷ്ടമുള്ളവരെ വെക്കുന്ന പ്രവണതയാണുള്ളത്. അത്തരം പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയെ പ്രതികൂലമായി ബാധിച്ചത്. ജനപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ഗ്രൂപ്പിനെയാണ് പാര്‍ട്ടി ശക്തിപ്പെടുത്തുന്നതെന്നും സുധീരന്‍ ആരോപിച്ചു.