ഗൗരി ലങ്കേഷിനെ വെടിവെച്ചയാള്‍ പിടിയില്‍

Posted on: June 12, 2018 1:46 pm | Last updated: June 12, 2018 at 11:13 pm
SHARE
പരശുറാം വാഗ്‌മോറെ

ബെംഗളൂരു: മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ ഘാതകനെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍. വിജയാപ്പൂര്‍ ജില്ലയിലെ സിന്ധഗി സ്വദേശിയായ പരശുറാം വാഗ്‌മോറെ (26) യെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ബെംഗളൂരു അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വിശദമായി ചോദ്യം ചെയ്യാന്‍ ഈ മാസം 26 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. മറാഠി സംസാരിക്കുന്ന ഇയാളെ മഹാരാഷ്ട്രയില്‍ നിന്നാണ് പിടികൂടിയത്. ഗൗരിയെ കൊലപ്പെടുത്താനുപയോഗിച്ച തോക്ക് ഇയാളില്‍ നിന്ന് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. തോക്ക് കണ്ടെടുക്കാന്‍ അന്വേഷണം ഊര്‍ജിതമാക്കി.

കേസില്‍ ഒന്നാം പ്രതിയായ ഹിന്ദു ജനജാഗ്രതി സമിതി പ്രവര്‍ത്തകന്‍ കെ ടി നവീന്‍കുമാറിനെ നുണപരിശോധനക്ക് ഹാജരാക്കിയ സമയത്താണ് ഗൗരിയുടെ ഘാതകനിലേക്ക് എത്താനാവശ്യമായ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. കൊലയാളിയെ കണ്ടെത്താന്‍ കഴിഞ്ഞ രണ്ടാഴ്ചയോളമായി എസ് ഐ ടി വിവിധ തലങ്ങളിലായി അന്വേഷണം നടത്തിവരികയായിരുന്നു. ലഭ്യമായ സി സി ടി വി ദൃശ്യങ്ങളില്‍ പതിഞ്ഞ വ്യക്തിയുമായി പൊരുത്തപ്പെടുന്നയാളാണ് പിടിയിലായത്. 2012ല്‍ സിന്ധഗിയില്‍ തഹസില്‍ദാറുടെ ഓഫീസ് പരിസരത്ത് പാക്കിസ്ഥാന്റെ പതാക ഉയര്‍ത്തിയെന്ന കേസില്‍ പരശുറാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ശ്രീരാമസേനയുടെ പ്രവര്‍ത്തകനായി. എന്നാല്‍, പരശുറാമിന് ശ്രീരാമസേനയുമായി യാതൊരു ബന്ധവുമില്ലെന്ന് സംഘടനാ നേതാവ് പ്രമോദ് മുത്തലിക് പ്രതികരിച്ചു.

സി സി ടി വി ദൃശ്യങ്ങളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ പ്രതികളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കിയിരുന്നു. ബെംഗളൂരുവിലെ വീടിന് മുന്‍വശത്ത് വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്. ഇവിടെ ദുരൂഹ സാഹചര്യത്തില്‍ ചിലരെ സി സി ടി വി പരിശോധനയില്‍ പോലീസ് കണ്ടിരുന്നു. തുടര്‍ന്നാണ് രേഖാചിത്രം തയ്യാറാക്കിയത്. രണ്ട് ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് ദൃശ്യങ്ങളിലുണ്ട്. നാല് പേരുടെയും രേഖാചിത്രം പോലീസ് പരസ്യപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് വേണ്ട സഹായം ചെയ്തുവെന്ന് പോലീസ് പറയുന്ന നവീന്‍ കുമാറിന്റെ സുഹൃത്ത് അനില്‍ കുമാറില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയിരുന്നത്.

ഹിന്ദു ജനജാഗ്രതി സമിതി പ്രവര്‍ത്തകനായ നവീന്‍കുമാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി സമിതി എന്നീ തീവ്രസ്വഭാവമുള്ള സംഘടനകളില്‍പ്പെട്ടവരാണ് പ്രതികളെല്ലാമെന്ന് വ്യക്തമായിട്ടുണ്ട്. ഗൗരിയെ വധിച്ച അതേ തോക്കുപയോഗിച്ചാണ് എഴുത്തുകാരനായ ഡോ. എം എം കല്‍ബുര്‍ഗിയെയും കൊലപ്പെടുത്തിയതെന്ന ഫോറന്‍സിക് പരിശോധനാ ഫലവും പുറത്തുവന്നതോടെ തോക്ക് കണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. 7.65 എം എം നാടന്‍ തോക്കാണ് ഇരുവരെയും വധിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നും കുറ്റപത്രത്തോടൊപ്പം പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഗൗരി ലങ്കേഷിനെ വധിച്ച കേസില്‍ പിടിയിലായ നവീന്‍കുമാറിന്റെ പന്ത്രണ്ട് പേജുള്ള കുറ്റസമ്മതമൊഴിയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. 2017 സെപ്തംബര്‍ അഞ്ചിന് രാത്രിയാണ് രാജരാജേശ്വരി നഗറിലെ വീടിന് മുന്നില്‍ ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്.