കെവിന്റേത് മുങ്ങിമരണമെന്ന് മെഡിക്കല്‍ ബോര്‍ഡ് പ്രാഥമിക റിപ്പോര്‍ട്ട്

Posted on: June 12, 2018 10:41 am | Last updated: June 12, 2018 at 8:26 pm

കോട്ടയം: കെവിന്റേത് മുങ്ങിമരണം തന്നെയെന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഐജിക്ക് കൈമാറിയിട്ടുണ്ട്. അതേസമയം കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കു.

മരണ കാരണം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി പോലീസ് സര്‍ജന്‍മാരുടെ സംഘം മ്യതദേഹം കാണപ്പെട്ട തെന്‍മല ചാലിയക്കര പുഴയിലും പരിസരത്തും പരിശോധന നടത്തും. കെവിന്റെ മ്യതദേഹത്തില്‍ കണ്ടെത്തിയ 16 മുറിവുകളും ക്ഷതങ്ങളും ഉണ്ടാകാനുള്ള സാഹചര്യം ഇവിടെയുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേര്‍ന്ന ആരോഗ്യ വകുപ്പു മെഡിക്കല്‍ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിശകലനം നടത്തിയിട്ടും മരണകാരണത്തില്‍ വ്യക്തത വരാത്ത സാഹചര്യത്തിലാണിത്. തട്ടിക്കൊണ്ടുപോയ ഭാര്യാസഹോദരന്‍ ഉള്‍പ്പെടെയുള്ള ഗുണ്ടാ സംഘത്തില്‍നിന്നും രക്ഷപ്പെടാന്‍ ഓടിയ കെവിന്‍ മെയ് 27ന് രാവിലെ തെന്‍മല ചാലിയക്കരയില്‍ പുഴയില്‍ മുങ്ങിമരിച്ചുവെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഈ സൂചനയാണുള്ളത്.