സമാധാനത്തിലേക്ക് കൈകൊടുത്ത് ഇരു നേതാക്കളും; ട്രംപ്-ഉന്‍ ചര്‍ച്ചക്ക് സിംഗപ്പൂരില്‍ തുടക്കമായി

Posted on: June 12, 2018 9:24 am | Last updated: June 12, 2018 at 1:31 pm

സിംഗപ്പൂര്‍: അന്താരാഷ്ട്ര സമൂഹം പ്രതീക്ഷകളോടെ ഉറ്റുനോക്കുന്ന ചരിത്രകൂടിക്കാഴ്ചക്ക് സിംഗപ്പൂരില്‍ തുടക്കമായി. സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലില്‍ ഒരു മേശക്ക് ഇരുപുറവുമിരുന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ചര്‍ച്ചകളിലേക്ക് കടന്നത് ലോകസമാധാനം ആഗ്രഹിക്കുന്ന ഏവര്‍ക്കും് പ്രതീക്ഷയുടെ നിമിഷങ്ങളാണ് സമ്മാനിക്കുന്നത്. നാലംഗ സംഘത്തിനൊപ്പം നിശ്ചിത സമയത്തുതന്നെ ഹോട്ടലിലെത്തിയ ഇരു നേതാക്കളും രണ്ട് തവണ ഹസ്തദാനം നടത്തി. ചര്‍ച്ചക്ക് മുന്‍പ് ഇരു നേതാക്കളും മാധ്യമങ്ങളെ കണ്ടിരുന്നു. ഉത്തര കൊറിയ ആണവായുധങ്ങളോട് വിടപറയുമെന്ന പ്രതീക്ഷയിലാണ് അമേരിക്ക. ദശകങ്ങളോളം ശത്രുക്കളെപ്പോലെ കഴിഞ്ഞിരുന്ന ഇരു രാജ്യങ്ങളും ചര്‍ച്ചകളിലേക്കെത്തുന്നത് പുതിയൊരു സൗഹ്യദത്തിന്റെ പിറവി കുറിച്ചേക്കുമെന്ന് ഇരു വിഭാഗവും കണക്കുകൂട്ടുന്നുണ്ട്. ചര്‍ച്ചകളോട് സഹകരിക്കാനുള്ള ഉത്തര കൊറിയന്‍ തീരുമാനത്തെ ട്രംപ് അഭിനന്ദിച്ചിരുന്നു.

മുന്‍വിധികളില്ലാതെയാണ് ചര്‍ച്ചക്കെത്തുന്നതെന്ന് കിം പറഞ്ഞു.ഉത്തര കൊറിയ പൂര്‍ണമായും ആണവായുധ പരിപാടികളില്‍നിന്നും പിന്‍മാറണമെന്ന ആവശ്യമായിരിക്കും പ്രധാനമായും അമേരിക്ക ഉന്നയിക്കുക. ഇതിന് ഉത്തര കൊറിയ തയ്യാറായില്ലെങ്കില്‍ ലോകം പ്രതീക്ഷയോടെ കാത്തിരുന്ന ചര്‍ച്ചകള്‍ വിഫലമാകുമെന്നാണ് കരുതുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികളും ചര്‍ച്ചയിലുണ്ടാകും. നിര്‍ദേശങ്ങള്‍ ഉത്തര കൊറിയ അംഗീകരിച്ചാല്‍ ഐക്യരാഷ്ട്ര സഭയുടെ ഉപരോധങ്ങളില്‍ ഇളവ് വരുത്തുന്നതും ചര്‍ച്ചയായേക്കും ഉത്തര കൊറിയയിലെ മനുഷ്യാവകാശ ലംഘനങ്ങളും ചര്‍ച്ചയില്‍ പ്രധാന വിഷയമാകും. അതേ സമയം അമേരിക്കയാണ് തങ്ങളുടെ ഏറ്റവും വലിയ ഭീഷണിയെന്ന നിലപാട് തുടരുന്ന ഉത്തര കൊറിയ തങ്ങളുടെ സുരക്ഷക്ക് മുന്‍ഗണന നല്‍കിയാകും ചര്‍ച്ചയില്‍ പങ്കെടുക്കുക.