Connect with us

Articles

ട്രംപ്- ഉന്‍ ഉച്ചകോടി: മഞ്ഞ് ഉരുകുമോ ഉറയ്ക്കുമോ?

Published

|

Last Updated

“അനിശ്ചിതത്വങ്ങളുടെ മിശിഹാ”യായ ഡോണാള്‍ഡ് ട്രംപ് ഒടുവില്‍ സിംഗപ്പൂരില്‍ വിമാനമിറങ്ങിയിരിക്കുന്നു. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ സെന്റോസ ദ്വീപിലെ ആഡംബര ഹോട്ടല്‍ കാപെല്ലയില്‍ ഉത്തര കൊറിയന്‍ ഭരണത്തലവന്‍ കിം ജോംഗ ഉന്നിന് ഇന്ന് അദ്ദേഹം സൗഹൃദത്തിന്റെ കരം നീട്ടും. വര്‍ത്തമാന ലോകക്രമത്തില്‍ സമൂലമായ ചേരി മാറ്റങ്ങളും ചരിത്രപരമായ ചലനങ്ങളുമൊന്നും ഈ ഉച്ചകോടിയിലൂടെ ലോകം പ്രതീക്ഷിക്കുന്നില്ലെങ്കിലും ആറ് പതിറ്റാണ്ടിലേറെക്കാലമായി കൊറിയന്‍ ദ്വീപ്‌സമൂഹത്തിലും ഇതുവഴി അന്താരാഷ്ട്രതലത്തിലും ഉരുണ്ടുകൂടിയ സംഘര്‍ഷാവസ്ഥയില്‍ ചെറിയൊരയവു വരുത്താനെങ്കിലും ഇന്നത്തെ ചര്‍ച്ച പ്രയോജനം ചെയ്‌തേക്കും. ആ അര്‍ഥത്തില്‍ ഈ ഉച്ചകോടി ചരിത്രപരം തന്നെ.
ട്രംപിന്റെ മുന്‍ഗാമി ജോര്‍ജ് ഡബ്ല്യൂ ബുഷ് തെമ്മാടി രാഷ്ട്രമെന്നാണ് ഉത്തര കൊറിയയെ വിശേഷിപ്പിച്ചിരുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലൂടെ പ്രസിഡന്റ് പദത്തിലെത്തിയ ഇരുവരും കടുംപിടുത്തത്തിലും മൂന്നാം ലോകരാജ്യങ്ങളോടുള്ള പ്രതികാരപരമായ പെരുമാറ്റത്തിലും സമാനത പുലര്‍ത്തുന്നവരുമാണ്. അത്തരമൊരു രാഷ്ട്രാധിപന്റെ കൂടെയാണ് സിംഗപ്പൂരില്‍ ട്രംപ് വേദി പങ്കിടുന്നതെന്നത് ചരിത്രത്തിന്റെ മധുരപ്രതികാരം.
ഉച്ചകോടിക്കു മുന്നോടിയായി ഉത്തര കൊറിയ വലിയ തോതില്‍ വിട്ടുവീഴ്ച ചെയ്യുകയുണ്ടായി. അതിലേറ്റവും പ്രധാനം പംങ്‌ഗ്യേറി ആണവ പരീക്ഷണ കേന്ദ്രം സ്‌ഫോടനത്തിലൂടെ തകര്‍ത്തതാണ്. വടക്കു-കിഴക്കന്‍ മേഖലയില്‍ പര്‍വതം തുരന്നു നിര്‍മിച്ച ഈ കേന്ദ്രത്തില്‍ ആറു തവണ ഉന്‍ ആണവ പരീക്ഷണം നടത്തിയിട്ടുണ്ട്. ആറ് മണിക്കൂര്‍ നീണ്ട സ്‌ഫോടനപരമ്പരയിലൂടെയാണ് കഴിഞ്ഞയാഴ്ച ഇതു തകര്‍ത്തത്. സൈനിക തലപ്പത്തും കാര്യമായ ഇളക്കി പ്രതിഷ്ഠകള്‍ ഉന്‍ നടത്തി. സേനയിലെ പൊളിറ്റിക്കല്‍ ബ്യൂറോ അധ്യക്ഷനായിരുന്ന കിം ജോംഗ് ഗാക്കിനെ നീക്കി കിം സുഗിലിനെ നിയമിച്ചു. സ്റ്റാഫ് മേധാവി റിമ്യോംഗ് സുവിനെ മാറ്റി റിയോംഗ് ഗിലിനെ കൊണ്ടുവന്നു. പ്രതിരോധ മന്ത്രി പാക്‌യോംഗ് സിക്കിന്റെ പിന്‍ഗാമിയായി മിതവാദിയെന്നു പ്രസിദ്ധനായ ഉപപ്രധാന മന്ത്രി നോക്വാംഗ് ചോളിനെ നിയോഗിച്ചു. യുവനിരയിലേക്കുള്ള തലമുറമാറ്റമാണ് ഉന്നും കൊറിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും പീപ്പിള്‍സ് ആര്‍മിയുടെ തലപ്പത്ത് നടപ്പാക്കിയിരിക്കുന്നത്. ഈയിടെ ദക്ഷിണകൊറിയയുമായി സൗഹൃദം സ്ഥാപിച്ചതോടെ തന്നെ ഉന്‍ ഗവണ്‍മെന്റ് തലത്തിലെ മിതവാദ നിലപാടുകള്‍ക്ക് മേല്‍ക്കൈ പ്രതീക്ഷിച്ചിരുന്നതാണ്. യു എസുമായുള്ള ചര്‍ച്ചക്ക് ഈ നിലമൊരുക്കല്‍ വലിയ നിലയില്‍ ഉപകാരപ്പെടുകയും ചെയ്തു. ഇതിനെല്ലാം പുറമെ ഏതാനും വിദേശ തടവുകാരെ മോചിപ്പിക്കാനും ഉന്‍ തയ്യാറായി. 80,000ത്തിലേറെ രാഷ്ട്രീയ തടവുകാര്‍ ഉത്തര കൊറിയയിലുണ്ടെന്നാണ് യു എന്‍ കണക്ക്. ഇവരെയും മോചിപ്പിക്കണമെന്ന ഐക്യരാഷ്ട്രസഭയുടെ ആവശ്യത്തോട് അനുഭാവപൂര്‍വം പരിഗണിക്കാമെന്നും അമേരിക്കയുമായുള്ള ചര്‍ച്ചയുടെ പുരോഗതിയനുസരിച്ച് നടപടികള്‍ വേഗത്തിലാക്കാമെന്നുമാണ് കൊറിയന്‍ വൃത്തങ്ങള്‍ പ്രതികരിച്ചത്.
ഇത്രയെല്ലാം ഉന്‍ ഭരണകൂടം മുന്നോട്ട് പോയിട്ടും നിഷേധാത്മകമായിരുന്നു തുടക്കം മുതല്‍ ട്രംപിന്റെ നീക്കങ്ങള്‍. ആദ്യഘട്ടത്തില്‍ ചര്‍ച്ചാ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും പിന്നീട് പിന്നാക്കം പോയി. ആണവ കേന്ദ്രങ്ങളുടെ നശീകരണമെന്ന യു എസിന്റെ നിബന്ധന പൂര്‍ത്തീകരിക്കുന്നതിന് തുടക്കം കുറിച്ചുകൊണ്ട് പംങ്‌ഗ്യേറി പരീക്ഷണ ശാല തകര്‍ത്തതിനു തൊട്ടു പിന്നാലെയായിരുന്നു ട്രംപിന്റെ മനംമാറ്റം. ദക്ഷിണ കൊറിയ – അമേരിക്ക സംയുക്ത സൈനിക അഭ്യാസത്തില്‍ ഉന്‍ അനിഷ്ടം പ്രകടിപ്പിച്ചുവെന്നത് നേരാണ്. ഐക്യത്തിലേക്കു കടന്നുവരാന്‍ മാനസിക തയ്യാറെടുപ്പ് പൂര്‍ണമാകാത്ത ഉത്തരകൊറിയയെ സംബന്ധിച്ചിടത്തോളം ശത്രുരാജ്യങ്ങളായ അമേരിക്കയും ദക്ഷിണകൊറിയയും തങ്ങളുടെ കണ്‍മുന്നില്‍വെച്ച് നടത്തുന്ന സൈനികാഭ്യാസപ്രകടനം അസ്വസ്ഥതയുളവാക്കുക സ്വാഭാവികം. അഭ്യാസത്തിന് ട്രംപ് തിരഞ്ഞെടുത്ത സമയത്തിലും അസ്വാഭാവികത സംശയിക്കാവുന്നതായിരുന്നു. കാരണം അമേരിക്കയുടെ എതിര്‍പ്പു നിലനില്‍ക്കെ ഇരുകൊറിയന്‍ നേതാക്കളും കൂടിക്കാഴ്ച നടത്തുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്തതിനു തൊട്ടുപിറകെയാണ് പെന്റഗണ്‍ സംയുക്ത സൈനിക പ്രകടനം തട്ടിക്കൂട്ടുന്നത്. ഇതില്‍ എതിര്‍പ്പു പ്രകടിപ്പിച്ച ഉന്നിനു ട്രംപിന്റെ മറുപടി ഉച്ചകോടിയില്‍ നിന്നു താന്‍ പിന്മാറുകയാണെന്നായിരുന്നു. ഇതിന്റെ അപരാധം ഉന്നിനു മേല്‍ കെട്ടിവെച്ചുകൊണ്ട് അദ്ദേഹം ഇത്രകൂടി പറഞ്ഞു: “കടുത്ത ശത്രുതയും വിദ്വേഷവും പ്രതിഫലിക്കുന്നതാണ് താങ്കളുടെ വാക്കുകള്‍. അതിനാല്‍ ഉച്ചകോടിക്ക് പറ്റിയ സമയമല്ല ഇത്.”
പ്രസിഡന്റ് ഉച്ചകോടിയില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയത് അമേരിക്കകത്തും അന്താരാഷ്ട്ര വേദികളിലും വിമര്‍ശനവിധേയമായി. വാക്കിനു സ്ഥിരതയില്ലാത്തവനെന്ന് ഒരിക്കല്‍കൂടി തെളിയിച്ചുവെന്നാണ് ട്രംപിനെ ലോകമീഡിയ “വാഴ്ത്തിയത്”. കിം വാക്കു പാലിച്ചപ്പോള്‍ ട്രംപ് കാലുമാറിയെന്ന പഴി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും മുഴക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബാള്‍ട്ടനെയും മാധ്യമങ്ങള്‍ വിമര്‍ശിച്ചു. ലിബിയയിലെ ഗദ്ദാഫിയുടെ മാതൃകയിലാണ് ഉന്നിനോടുള്ള ചര്‍ച്ചയെന്ന് തുടക്കത്തിലേ ഭീഷണിസ്വരം മുഴക്കുന്ന ബാള്‍ട്ടനാണ് ട്രംപിനെ വഴിമുടക്കുന്നതെന്നായിരുന്നു ആരോപണം. നയതന്ത്ര വൈദഗ്ധ്യമല്ല കടുംപിടുത്തമാണ് ഇതിലൂടെ പ്രസിഡന്റ് പ്രകടിപ്പിക്കുന്നതെന്ന് അമേരിക്കന്‍ പൊതുസമൂഹവും നിലപാടെടുത്തു. മുന്‍ പ്രസിഡന്റുമാരുടെ സമാധാന പാരമ്പര്യം ട്രംപ് പിന്തുടരണമെന്നായിരുന്നു പല സെനറ്റര്‍മാരുടെയും ഉപദേശം. കൊറിയ അണ്വായുധങ്ങള്‍ നശിപ്പിച്ചാല്‍ ലിബിയയെ എന്നപോലെ ആ രാജ്യത്തെയും യു എസ് അക്രമിക്കില്ലേ എന്നുപോലും മാധ്യമപ്രവര്‍ത്തകര്‍ ബാള്‍ട്ടനോടാരാഞ്ഞു.
ബാള്‍ട്ടനെ പത്രക്കാര്‍ വളഞ്ഞത് വെറുതെയല്ല. ഉപരോധങ്ങള്‍ ഒഴിവായിക്കിട്ടാന്‍ വേണ്ടി 2003-04 കാലത്ത് തന്റെ പരിമിതമായ ആണവപദ്ധതികള്‍ അവസാനിപ്പിച്ചിരുന്നു ലിബിയന്‍ ഭരണത്തലവന്‍ കേണല്‍ മുഅമ്മര്‍ ഗദ്ദാഫി. എന്നാല്‍ അണ്വായുധമില്ലാത്ത ഗദ്ദാഫിയെ പിന്നീട് നാറ്റോ സൈന്യം അധികാര ഭ്രഷ്ടനാക്കുകയും പ്രാണരക്ഷാര്‍ഥം ഒരു മാലിന്യ കുഴലില്‍ ഒളിച്ചുകഴിയുകയായിരുന്ന അദ്ദേഹത്തെ നിഷ്ഠൂരമായി വെടിവച്ചുകൊല്ലുകയും ചെയ്തു. 2007ല്‍ ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ ഗദ്ദാഫിയില്‍ നിന്ന് വന്‍തുക സംഭാവനയായി കൈപ്പറ്റിയ നിക്കോളസ് സര്‍കോസി നിയോഗിച്ച രഹസ്യ ദൂതനാണ് ഗദ്ദാഫിയെ വെടിവെച്ചിട്ടതെന്ന് പിന്നീട് പുറത്തുവരികയുണ്ടായി. ഇതു സംബന്ധമായ രഹസ്യങ്ങള്‍ ഗദ്ദാഫിക്കൊപ്പം മണ്ണിട്ട് മൂടാനാണ് കൊല്ലിച്ചതെങ്കിലും 2018 മാര്‍ച്ചില്‍ സംഭാവന കേസില്‍ സര്‍ക്കോസി അറസ്റ്റിലായെന്നു ശിഷ്ടകഥ. സമാനമായ നടപടി ഉന്നിന്റെ കാര്യത്തിലുമുണ്ടാകുമോ എന്നായിരുന്നു മീഡിയയുടെ ചോദ്യം. ബാള്‍ട്ടനതിനെ മൗനം കൊണ്ടാണ് പൂരിപ്പിച്ചതെങ്കിലും പ്രതിഷേധങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും ഫലമുണ്ടായി.
അമേരിക്ക പിന്‍വാങ്ങിയാലും താന്‍ ഇപ്പോഴും ചര്‍ച്ചക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ച്, പതിവ് പിടിവാശി ഉപേക്ഷിച്ച ഉന്‍ നയതന്ത്രജ്ഞനായ ഭരണത്തലവന്റെ അവധാനതയും നിലവാരവും പ്രകടിപ്പിച്ചു. അതുവരെ ഉന്നിനെ സംശയിക്കുകയും വെറുക്കുകയും ചെയ്ത യുഎസ് സഹയാത്രികരില്‍ പോലും അനുതാപം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന്റെ ഈ നീക്കത്തിനായി. ഉന്നിനെ പ്രകോപിപ്പിച്ച് ഉച്ചകോടിയില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിക്കുകയും കുറ്റം ഉത്തരകൊറിയയില്‍ ചാര്‍ത്തുകയും ചെയ്യുകയെന്ന ട്രംപിന്റെ കച്ചവട ബുദ്ധിയാണ് ഇതോടെ പൊളിഞ്ഞത്. രാജ്യത്തിനകത്തും പുറത്തും പഴികേട്ടു മടുത്ത അദ്ദേഹം അസാമാന്യമായ മെയ് വഴക്കത്തോടെ ചര്‍ച്ചാ സന്നദ്ധത അറിയിച്ചത് ട്രംപ് ചരിതം ആട്ടക്കഥയിലെ ട്വിസ്റ്റായി. “ഉച്ചകോടി റദ്ദാക്കിയത് അപ്രതീക്ഷിതവും ഖേദകരവുമായിപ്പോയി. എന്നാല്‍ താനുമായി സംസാരിക്കാന്‍ ഒരുങ്ങിയതിലൂടെ മറ്റൊരു യുഎസ് പ്രസിഡന്റിനും സാധ്യമാകാത്ത ധീരമായ തീരുമാനമാണ് താങ്കള്‍ എടുത്തിരിക്കുന്നത്. പ്രശ്‌നപരിഹാരത്തിന് അങ്ങയുടെ ഫോര്‍മുല സഹായകമാകുമെന്ന് ഞാന്‍ ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നു.” ഉന്‍ അയച്ച ഈ കത്താണത്രെ ട്രംപിന്റെ മനംമാറ്റിയത്. ഉടന്‍ വന്നു ട്രംപിന്റെ ട്വീറ്റ്: “ക്രിയാത്മകവും ഊഷ്മളവുമായ സുവിശേഷമാണ് ഇത്. സമാധാനത്തിലേക്കും അഭിവൃദ്ധിയിലേക്കും ഇതു നയിക്കും.”
അനിശ്ചിതത്വങ്ങളുടെ ഈ നീണ്ട പരമ്പരക്കു ശേഷമാണ് ലോകം കാത്തിരുന്ന കൂടിക്കാഴ്ചക്ക് കളമൊരുങ്ങിയത്. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഉച്ചകോടി തുടക്കത്തിലേ അലസിപ്പിരിയാന്‍ സാധ്യത നിരീക്ഷിക്കുന്നവരും കുറവല്ല. കാരണം ഉന്നിനെ സംബന്ധിച്ചിടത്തോളം അനായാസമായ ആവശ്യങ്ങളല്ല ട്രംപും കൂട്ടരും ഉന്നയിക്കാനിരിക്കുന്നത്. ഉത്തര കൊറിയയുടെ ആണവ നിരായുധീകരണം, ഉപദ്വീപിലെ ശാശ്വത സമാധാനം, സൈന്യത്തിന്റെ അംഗബലം വെട്ടിക്കുറക്കുക, ജനാധിപത്യ വ്യവസ്ഥ നടപ്പിലാക്കുക, മുഴുവന്‍ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുക, ദക്ഷിണകൊറിയക്കുണ്ടായ നാശനഷ്ടത്തിനും ആള്‍നാശത്തിനും നഷ്ടപരിഹാരം നല്‍കുക, സമ്പുഷ്ട യുറേനിയവും ആണവ പോര്‍മുനകളും നശിപ്പിക്കുക, ഭരണകൂട വിമര്‍ശകരെ വധിച്ചുകളഞ്ഞതിന്റെ പേരില്‍ കൊറിയന്‍ നേതാക്കള്‍ അന്താരാഷ്ട്ര കോടതിയില്‍ വിചാരണ നേരിടുക തുടങ്ങി നിബന്ധനകളുടെ വലിയൊരു നിരതന്നെ ട്രംപ് സംഘം മുന്നോട്ട് വെച്ചേക്കും. ഇതില്‍ പലതും കമ്യൂണിസ്റ്റ് ഭരണകൂടത്തിന് അംഗീകരിക്കാനാവാത്തതാണ്. അതേസമയം തങ്ങള്‍ക്കെതിരായ രാജ്യാന്തര ഉപരോധം പിന്‍വലിക്കുക, 1950-53ലെ യുദ്ധത്തെത്തുടര്‍ന്ന് ദക്ഷിണ- ഉത്തര കൊറിയകള്‍ തമ്മില്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ യുദ്ധവിരാമക്കരാറായി പ്രഖ്യാപിക്കുക, ദക്ഷിണകൊറിയക്കൊപ്പം അന്താരാഷ്ട്രവേദികളില്‍ തങ്ങള്‍ക്കും തുല്യപദവി നല്‍കുക തുടങ്ങി പരിമിതമായ ആവശ്യങ്ങളേ ഉത്തരകൊറിയക്കുള്ളൂ. യുഎസിന്റെ മുഴുവന്‍ നിബന്ധനകള്‍ക്കും തലകുനിച്ചുകൊടുക്കാന്‍ ഉന്നിന് കഴിയില്ലെന്ന് ഉറപ്പാണ്. ഫലത്തില്‍ ഉണ്ടാവുക കഴിഞ്ഞദിവസം ലാമാല്‍ബെയിലെ ജി 7 ഉച്ചകോടിയില്‍ നിന്ന് ഇറങ്ങിപ്പോയപോലെ ട്രംപ് സിംഗപ്പൂര്‍ ചര്‍ച്ചയും പാതിയില്‍ അവസാനിപ്പിക്കുകയായിരിക്കും. ഇതിനാണ് നിരീക്ഷകര്‍ ഏറെ സാധ്യത കല്‍പ്പിക്കുന്നതും.
സമാധാന സ്ഥാപനത്തിനുള്ള ഈ അവസരവും അലസിയാല്‍ ഇരുരാജ്യങ്ങളിലെയും യുദ്ധോത്സുകരായിരിക്കും കൂടുതല്‍ ആഹ്ലാദിക്കുക. ഒപ്പം ആയുധ കമ്പനികളും. എന്നാല്‍ ഇത് ഏറ്റവുമധികം ബാധിക്കുക ഉന്നിനെയും ട്രംപിനെയും ഒരു മേശക്കരികിലെത്തിക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കിയ ദക്ഷിണ കൊറിയന്‍ നേതാക്കളെയായിരിക്കും. ജോണ്‍ ബാള്‍ട്ടനും യു എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ഭീഷണിപ്പെടുത്തുന്ന പോലെ ലിബിയന്‍ മാതൃകയിലുള്ള “പരിഹാര”ത്തിനാണ് അമേരിക്ക ശ്രമിക്കുന്നതെങ്കില്‍ ഉത്തരകൊറിയയുടെ അണ്വായുധങ്ങള്‍ ആദ്യം ചെന്നുവീഴുക സ്വാഭാവികമായും ദക്ഷിണ കൊറിയയിലായിരിക്കും. മാനവചരിത്രത്തിലെ നിലയ്ക്കാത്ത വേദനകള്‍ക്കും കൂട്ടക്കുരുതികള്‍ക്കുമാകും അതോടെ നാന്ദി കുറിക്കുക.
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെക്കൊപ്പം ട്രംപ് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ കുറേക്കൂടി ഉദാരമാണ് ട്രംപിന്റെ വാക്കുകളെന്നത് പ്രതീക്ഷയേകുന്നതാണ്. ആണവ നിരായുധീകരണത്തിന് ഉന്‍ വിസമ്മതിച്ചാല്‍ ഉച്ചകോടി മതിയാക്കി താനിറങ്ങിപ്പോരുമെന്ന് ആദ്യം പറഞ്ഞെങ്കിലും വിജയ പ്രതീക്ഷയുണ്ടെന്നു തൊട്ടുപിന്നാലെ മയപ്പെടുകയുണ്ടായി. താങ്കളെ കാണാന്‍ താന്‍ കാത്തിരിക്കുകയാണെന്നാണ് ഉന്‍ തനിക്കയച്ച കത്തിലുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി. “ഉച്ചകോടിയില്‍ പ്രതീക്ഷയുണ്ട്. നല്ല തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും നല്ല വിധത്തിലത് പര്യവസാനിക്കുമെന്നും പ്രതീക്ഷിക്കുന്നു. ജനങ്ങള്‍ക്കുവേണ്ടി ഉത്തമമായ കാര്യങ്ങള്‍ ചെയ്യാന്‍ ഉന്നിന് താല്‍പര്യമുണ്ടെന്നും ഞാന്‍ വിശ്വസിക്കുന്നു” വെന്നും ട്രംപ് ന്യൂയോര്‍ക്കില്‍ മാധ്യമങ്ങളോട് പറയുകയുണ്ടായി. ചര്‍ച്ച വിജയിച്ചാല്‍ ഉന്നിനെ അമേരിക്കയിലേക്ക് ക്ഷണിക്കുമെന്നും അറിയിച്ചു. അദ്ദേഹത്തിന്റെ സ്വഭാവരീതികള്‍ വെച്ചുനോക്കുമ്പോള്‍ വലിയൊരു പാകപ്പെടലാണിതെല്ലാം. ഇനി ആയുധ ദല്ലാളുമാര്‍ വഴിമുടക്കാതിരുന്നാല്‍ മാത്രം മതി.
ഉത്തര കൊറിയയെ മെരുക്കാനായാല്‍ ട്രംപിനെ കാത്തിരിക്കുന്നത് ലോക സമാധാനത്തിനുള്ള നൊബേല്‍ നോമിനേഷനാണെന്നുറപ്പാണ്. ഇറാനെ സമാധാനപാതയിലേക്ക് നയിച്ചതിന് ഒബാമക്ക് ലഭിച്ച അതേ പുരസ്‌കാരം. ജനപ്രീതിയുടെ കാര്യത്തില്‍ ഒബാമയുമായി തന്നെ താരതമ്യം ചെയ്യുമ്പോഴെല്ലാം അസ്വസ്ഥനാകുന്ന ട്രംപിനോടുള്ള ചരിത്രത്തിന്റെ മറ്റൊരു കണക്ക് തീര്‍പ്പ് കൂടിയാകും അത്. (ഈ ഒബാമ ഫോബിയ കൊണ്ടാണ് അമേരിക്ക-ഇറാന്‍ ആണവ കരാറില്‍ നിന്ന് ട്രംപ് ഭരണകൂടം ഈയിടെ പിന്‍മാറിയതെന്ന വിമര്‍ശനവും സജീവം). യു എസ് പ്രതിനിധി സഭയിലെ 18 റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ട്രംപിന് വേണ്ടി നോര്‍വീജിയന്‍ നൊബേല്‍ സമിതിക്ക് ഇപ്പോഴേ ഔപചാരിക നാമനിര്‍ദേശം സമര്‍പ്പിച്ചു കഴിഞ്ഞു.
ഏതായാലും ഇത്തരം ശുഭപ്രതീക്ഷകളിലേക്കു ജാലകം തുറന്നിട്ടു കൊണ്ടാണ് യു എസ് പ്രസിഡന്റിന്റെ എയര്‍ഫോഴ്‌സ് വണ്‍, ഉന്നിന്റെ എയര്‍ ചൈന ഔദ്യോഗിക വിമാനങ്ങള്‍ സിംഗപ്പൂരിന്റെ മണ്ണിലിറങ്ങിയിരിക്കുന്നത്. രണ്ടാം ലോകയുദ്ധ കാലത്ത് ബ്രിട്ടന്റെ കൂട്ടക്കൊലകള്‍കൊണ്ട് കുപ്രസിദ്ധമായ “സെന്റോസ” എന്ന മരണ ദ്വീപ് 1970-ലെ സിംഗപ്പൂര്‍ സര്‍ക്കാറിന്റെ പുനര്‍നാമകരണം അന്വര്‍ഥമാക്കുംവിധം “സമാധാനവും പ്രശാന്തിയും” ഇന്നത്തെ ഉച്ചകോടിയിലൂടെ പ്രദാനിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.