നോമ്പുകാലം ബാക്കിയാക്കേണ്ട ശീലങ്ങള്‍

റമസാനില്‍ പ്രാവര്‍ത്തികമാക്കിയ ജീവിത ചിട്ട അതിന് ശേഷവും തുടരണം. അതിന് സുന്നത്ത് നോമ്പുകളെ ഉപയോഗപ്പെടുത്തണം. അടുത്ത റമസാന്‍ വരുന്നതിന് മുമ്പ് നമ്മിലേക്ക് നിരവധി സുന്നത്ത് നോമ്പുകള്‍ കടന്നുവരുന്നുണ്ട്. ഒരു സുന്നത്ത് നോമ്പില്‍ നിന്ന് മറ്റൊരു സുന്നത്ത് നോമ്പിലേക്ക് പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് റമസാനില്‍ ക്രമീകരിച്ചെടുത്ത ജീവിത ചിട്ട നാം മുറുകെ പിടിക്കണം. അപ്പോഴാണ് റമസാനില്‍ കൈവരിച്ച ചൈതന്യം വിട്ടുപോകാതെ കാത്തു സൂക്ഷിക്കാന്‍ സാധിക്കുക.
Posted on: June 12, 2018 8:00 am | Last updated: June 11, 2018 at 9:53 pm
SHARE

റമസാന്‍ കേവലം നോമ്പിന്റെ മാത്രം മാസമല്ല. അത് ഒരു ജീവിത ക്രമീകരണത്തിന്റെ കാലം കൂടിയാണ്. മനുഷ്യനെ മനുഷ്യനായി ജീവിക്കാന്‍ പഠിപ്പിക്കുന്ന മാസമാണ്. മനുഷ്യന്‍ സാമൂഹിക ജീവിയാണ്. പരസ്പരം കൊണ്ടും കൊടുത്തും പകര്‍ന്നും നുകര്‍ന്നും ജീവിക്കേണ്ടവനാണ്. ഇത് യഥാര്‍ഥത്തില്‍ പ്രാവര്‍ത്തികമാകുന്ന മാസമാണ് റമസാന്‍. ഒരു വിശ്വാസി നോമ്പനുഷ്ഠിക്കുന്നതിലൂടെ പട്ടിണിപ്പാവങ്ങളുടെ അവസ്ഥ അവന്‍ അനുഭവിച്ചറിയുന്നു. പരസ്പരം സഹായിക്കലിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സാന്ത്വനപ്പെടുത്തലിന്റെയും മനസ്സുകളെ ഈ അനുഭവം വളര്‍ത്തിയെടുക്കുന്നു. റമസാനില്‍ ദാനധര്‍മങ്ങള്‍ വര്‍ധിക്കുന്നത് ഇതിന്റെ ഭാഗമാണ്.
മനുഷ്യന്റെ ആരോഗ്യകരമായ നിലനില്‍പ്പിന്ന് പ്രധാനമായും കൈകൊള്ളേണ്ടത് ഭക്ഷണ ക്രമീകരണമാണ്. ഇന്നത്തെ സാഹചര്യത്തില്‍ മാറാ രോഗങ്ങള്‍ വര്‍ധിച്ച് വരികയാണ്. ക്യാന്‍സര്‍, പ്രമേഹം, ഹൃദയ രോഗങ്ങള്‍, വൃക്ക രോഗങ്ങള്‍ തുടങ്ങി വൈദ്യലോകം പേര് കണ്ടു പിടിച്ചതും അല്ലാത്തതുമായ നിരവധി രോഗങ്ങള്‍ കൂടിവരുന്നു. ഇതിന്റെയൊക്കെ പ്രധാന കാരണമായി പറയുന്നത് ഭക്ഷണത്തിലെ ക്രമീകരണമില്ലായ്മയാണ്.
പ്രഭാതം മുതല്‍ പ്രദോഷം വരെ അന്ന പാനീയങ്ങള്‍ ഒഴിവാക്കി നില്‍ക്കുന്ന ഒരാളുടെ വയറും അന്നനാളവുമെല്ലാം തികച്ചും വിശ്രമത്തിലാകുകയും പിന്നീട് വരുന്ന ഭക്ഷണത്തെ ദഹിപ്പിക്കാനായി സജ്ജമാക്കുകയും ചെയ്യുന്നു. അമിതമായി ഭക്ഷിക്കുന്നത് ഇസ്‌ലാം എതിര്‍ത്ത കാര്യമാണ്. നബി (സ) പറയുന്നു. ഇബ്‌നു ഉമറില്‍ നിന്നു നിവേദനം. ഒരാള്‍ നബി (സ)യുടെ അടുത്ത് വന്ന് ഏമ്പക്കമിട്ടു. നിശ്ചയം നിങ്ങളിലധികപേരും ദുനിയാവില്‍ വയര്‍ നിറക്കുകയും അന്ത്യനാളിലേക്ക് വിശപ്പ് മാറ്റി വെക്കുകയും ചെയ്യുന്നു (തിര്‍മുദി). വയര്‍ നിറച്ച് ഭക്ഷണം കഴിക്കുന്നവര്‍ അലസന്‍മാരായിരിക്കും. ആരാധനാ കാര്യങ്ങളിലും ജോലിയിലുമെല്ലാം ഈ അലസത വെളിവാകും. ഭക്ഷണ പാനീയങ്ങള്‍ നിയന്ത്രിച്ച് പുതിയ ഊര്‍ജം കൈവരിച്ച മനസ്സും ശരീരവും കൊണ്ട് വിശ്വാസി റമസാനില്‍ ഉത്സാഹിയാകുന്നു.
റമസാനില്‍ ഏതൊരാളിലും സ്വഭാവ ശുദ്ധീകരണം നടക്കുന്നു. ചതിയില്ല, വഞ്ചനയില്ല, അക്രമമില്ല, ഏഷണി, പരദൂഷണം, കളവ് ഇവയില്‍ നിന്നൊക്കെ നോമ്പ് വിശ്വാസിയെ അകറ്റി നിര്‍ത്തുന്നു. അല്ല നിര്‍ത്തിയിരിക്കണം എന്നതാണ് ഇസ്‌ലാമിന്റെ താത്പര്യം. ഒരു ഹദീസില്‍ കാണാം നബി (സ) പറഞ്ഞു. നോമ്പ് പരിചയാണ്. അതിനാല്‍ നിങ്ങളില്‍ ഒരാള്‍ക്ക് നോമ്പ് ദിവസമായാല്‍ അവനെ അനാവശ്യം പ്രവര്‍ത്തിക്കരുത്. അട്ടഹസിക്കരുത്. അവനോട് ആരെങ്കിലും ശകാരിക്കരുത്. അവനെ ആരെങ്കിലും ശകാരിച്ചാല്‍ ഞാന്‍ നോമ്പനുഷ്ഠിച്ച മനുഷ്യനാണെന്നു പറയട്ടെ. നോമ്പുകാരന് രണ്ട് സന്തോഷമുണ്ട്. നോമ്പ് മുറിക്കുമ്പോള്‍, അവന്റെ രക്ഷിതാവിനെ അഭിമുഖീകരിക്കുമ്പോള്‍ (ബുഖാരി).
മറ്റൊരു ഹദീസില്‍ നബി(സ) പറഞ്ഞു: വല്ലവനും കളവ് പറയലും അതു പ്രവര്‍ത്തിക്കലും ഉപേക്ഷിക്കാത്ത പക്ഷം അവന്‍ തന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല. (ബുഖാരി). കേവലം പട്ടിണി കിടന്നാല്‍ മാത്രം അത് നോമ്പായി പരിഗണിക്കുകയില്ല. സ്വഭാവം ശുദ്ധീകരിക്കപ്പെട്ടാല്‍ മാത്രമേ അതിന് പ്രതിഫലമുള്ളൂ.
ഇങ്ങനെ ആരാധനകള്‍ വര്‍ധിപ്പിച്ചും ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കിയും ശാരീരിക- ആത്മീയ ഊര്‍ജം കൈവരിച്ച വിശ്വാസി റമസാന്‍ കഴിയുന്നതോടെ അതെല്ലാം ഉപേക്ഷിക്കുന്ന പ്രവണതയുണ്ട്.
ഇത് പരാജയമാണ്. റമസാനില്‍ പ്രാവര്‍ത്തികമാക്കിയ ജീവിത ചിട്ട അതിന് ശേഷവും തുടരണം. അതിന് സുന്നത്ത് നോമ്പുകളെ ഉപയോഗപ്പെടുത്തണം. അടുത്ത റമസാന്‍ വരുന്നതിന് മുമ്പ് നമ്മിലേക്ക് നിരവധി സുന്നത്ത് നോമ്പുകള്‍ കടന്നുവരുന്നുണ്ട്. ഒരു സുന്നത്ത് നോമ്പില്‍ നിന്ന് മറ്റൊരു സുന്നത്ത് നോമ്പിലേക്ക് പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് റമസാനില്‍ ക്രമീകരിച്ചെടുത്ത ജീവിത ചിട്ട നാം മുറുകെ പിടിക്കണം. അപ്പോഴാണ് യഥാര്‍ഥ മനുഷ്യത്വം കൈവരിക്കാന്‍ സാധിക്കുക. റമസാന്‍ കൊണ്ട് ഇസ്‌ലാം ഉദ്ദേശിക്കുന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതും അപ്പോഴാണ്.
സുന്നത്ത് നോമ്പുകള്‍ വളരെ പ്രധാനപ്പട്ടതാണ്. പലരും അത് അവഗണിക്കുന്നുണ്ട്. ഹദീസില്‍ കാണാം ഒരുദിവസം വല്ലവനും അല്ലാഹുവിന് വേണ്ടി വ്രതമനുഷ്ഠിച്ചാല്‍ അല്ലാഹു അവനെ നരകത്തില്‍ നിന്നും എഴുപത് വര്‍ഷത്തെ വഴിദൂരത്തേക്ക് മാറ്റിനിര്‍ത്തും (ബുഖാരി).
അറഫാ ദിനത്തിലെ നോമ്പ്, ആശൂറാഅ്, താസൂആഅ് നോമ്പുകള്‍, ശവ്വാല്‍ മാസത്തിലെ ആറ് നോമ്പ്, തിങ്കള്‍, വ്യാഴം ദിവസങ്ങളിലെ നോമ്പ് ഇങ്ങനെയുള്ള സുന്നത്തു നോമ്പുകള്‍ പ്രാവര്‍ത്തികമാക്കാന്‍ വിശ്വാസികള്‍ ശ്രമിക്കണം. അപ്പോഴാണ് റമസാനില്‍ കൈവരിച്ച ചൈതന്യം വിട്ട് പോകാതെ കാത്തു സൂക്ഷിക്കാന്‍ സാധിക്കുക.
തയ്യാറാക്കിയത്:
അനസ് സഖാഫി ക്ലാരി

LEAVE A REPLY

Please enter your comment!
Please enter your name here