എല്ലാവരും തോല്‍ക്കുന്ന യുദ്ധം

Posted on: June 12, 2018 7:46 am | Last updated: June 11, 2018 at 9:49 pm
SHARE

ആരും ജയിക്കാത്ത, എല്ലാവരും തോല്‍ക്കുന്ന യുദ്ധത്തിലാണ് ലോകത്തെ വന്‍കിട രാജ്യങ്ങള്‍. യുദ്ധം തുടങ്ങിവെച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ്. വ്യാപാരയുദ്ധമെന്നോ താരിഫ് യുദ്ധമെന്നോ ഈ പോരിനെ വിളിക്കാം. ഈ പടനീക്കത്തില്‍ വന്‍കിട വ്യാവസായിക രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7ലെ യു എസ് ഒഴിച്ചുള്ള മുഴുവന്‍ രാജ്യങ്ങളും ഒറ്റക്കെട്ടാണ്. ഈയിടെ സമാപിച്ച ജി7 ഉച്ചകോടിയിലെ സംയുക്ത പ്രമേയം അമേരിക്കയെ ഒറ്റപ്പെടുത്തുന്നതായിരുന്നു. ചൈനയും മെക്‌സിക്കോയും യൂറോപ്യന്‍ യൂനിയനുമെല്ലാം അമേരിക്കന്‍വിരുദ്ധ പക്ഷത്ത് നിലയുറപ്പിക്കുന്നു. യൂറോപ്യന്‍ കമ്മീഷന്‍ കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ചത്, ജൂലൈ ഒന്ന് മുതല്‍ അമേരിക്കയില്‍ നിന്നുള്ള മോട്ടോര്‍ബൈക്ക് തൊട്ട് ഓറഞ്ച് ജ്യൂസ് വരെയുള്ള ഡസന്‍ കണക്കിന് ഉത്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നാണ്. യൂറോപ്പിലെ ഏത് രാജ്യത്തേക്ക് വരുന്ന യു എസ് ഉത്പന്നത്തിനും നികുതി കൂടുമെന്നര്‍ഥം. അഥവാ ഈ ഉത്പന്നങ്ങള്‍ക്ക് വില കൂടും. വിപണി കുറയും. 3.3 ബില്യണ്‍ ഡോളര്‍ വരുന്ന വ്യാപാരത്തെയാണ് ഇത് ഉടനടി ബാധിക്കാന്‍ പോകുന്നത്. ഇ യുവില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള ഉരുക്ക്, അലൂമിനിയം ഉത്പന്നങ്ങളില്‍ 25 ശതമാനം തീരുവ ചുമത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തോടാണ് ഈ രാജ്യങ്ങള്‍ ഇത്ര രൂക്ഷമായി പ്രതികരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ചൈനയില്‍ നിന്നുള്ള നിരവധി ഉത്പന്നങ്ങള്‍ക്കും ട്രംപ് ഭരണകൂടം ഇത്തരത്തില്‍ തീരുവ ചുമത്തിയിരുന്നു.

ആഗോള വ്യാപാര യുദ്ധത്തിന് കാരണമായേക്കാവുന്ന നീക്കമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയിരിക്കുന്നതെന്നും ഈ വിഷയത്തില്‍ ജി7ലെ ആറ് രാജ്യങ്ങളുടെയും ആശങ്കയും അതൃപ്തിയും ഉള്‍ക്കൊള്ളാന്‍ അദ്ദേഹം തയ്യാറാകണമെന്നും മന്ത്രിമാര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ട്രംപിന്റെ പുതിയ നയത്തിന് ശക്തമായ രീതിയില്‍ പ്രതികരണം ഉണ്ടാകുമെന്ന് കാനഡയുടെ ധനകാര്യമന്ത്രി ബില്‍ മോര്‍ണിയോ പ്രഖ്യാപിച്ചു.
ആഗോള ഉരുക്കു നിര്‍മാണത്തിന്റെ പകുതിയും വരുന്നത് പെന്‍സില്‍വാനിയയിലെ ഫാക്ടറികളില്‍ നിന്നാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഉരുക്കു ഇറക്കുമതി വ്യാപകമായതോടെ ഈ ഫാക്ടറികള്‍ പ്രതിസന്ധിയിലായെന്ന ന്യായമാണ് ട്രംപ് ഭരണകൂടം മുന്നോട്ട് വെക്കുന്നത്. പതിവിന് വിപരീതമായി തൊഴിലാളി യൂനിയനുകള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപിനെ പിന്തുണച്ചിരുന്നുവെന്നും അതിനുള്ള പ്രത്യുപകാരമാണ് ഈ സംരക്ഷണ നയമെന്നും ട്രംപിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ‘അമേരിക്കാ ഫസ്റ്റ്’എന്ന പ്രൊട്ടക്ഷനിസ്റ്റ് നയത്തിന്റെ ഭാഗമാണിതെന്നും അന്താരാഷ്ട്ര കരാറുകളും മര്യാദകളും ട്രംപ് കാറ്റില്‍ പറത്തിയിരിക്കുന്നുവെന്നുമാണ് മറ്റ് രാജ്യങ്ങളുടെ പരാതി. ചൈനയില്‍ നിന്നുള്ള ആയിരത്തിലധികം ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാന്‍ 25 ശതമാനം വരെ തീരുവ ചുമത്തിയിരിക്കുകയാണ് അമേരിക്ക. ചൈനയും അതേ നാണയത്തില്‍ തിരിച്ചടിക്കുന്നു. മാര്‍ച്ചില്‍ തുടങ്ങിയ ചൈന- അമേരിക്ക വ്യാപാര യുദ്ധമാണ് ഇപ്പോള്‍ യൂറോപ്യന്‍ യൂനിയനിലേക്ക് വ്യാപിക്കുന്നത്.

സ്വതന്ത്ര വ്യാപാരത്തെ കുറിച്ച് മറ്റ് രാജ്യങ്ങളെ, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളെ, നിരന്തരം ഉപദേശിക്കുകയും ലോകവ്യാപാര സംഘടന (ഡബ്യു ടി ഒ) വഴി ഇത്തരം കരാറുകള്‍ക്കായി സമ്മര്‍ദം ചെലുത്തുകയും ചെയ്യുന്ന അമേരിക്ക തന്നെയാണ് ഇപ്പോള്‍ അടച്ചിടല്‍ നയവുമായി മുന്നോട്ട് പോകുന്നത്. തീരുവ കൂട്ടി പുറത്ത് നിന്നുള്ള ഉത്പന്ന വരവ് തടയുകയാണ് ചെയ്യുന്നത്. അങ്ങനെ സ്വന്തം രാജ്യത്തെ ഉത്പന്നങ്ങള്‍ സംരക്ഷിക്കപ്പെടും. പരസ്പരാശ്രിതമായ ഒരു ലോകത്ത് ഈ അടച്ചിടല്‍ നയം ആഗോള വ്യാപാര വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
അമേരിക്കയുടെ ഡോളര്‍ ഒട്ടും ആശാവഹമായ സ്ഥിതിയിലൂടെയല്ല കടന്ന് പോകുന്നത്. ചൈനയുയര്‍ത്തുന്ന വെല്ലുവിളി വളരെ വലുതാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഒറ്റക്കെട്ടായി നേരിടാന്‍ ഇറങ്ങുമ്പോള്‍ അമേരിക്ക കൂടുതല്‍ പ്രതിസന്ധിയിലായേക്കാം. അതിര്‍ത്തിയടച്ചും കുടിയേറ്റക്കാരെ ആട്ടിയോടിച്ചും അമേരിക്കയെ സംരക്ഷിത ജയിലാക്കാന്‍ തുനിഞ്ഞിറങ്ങിയ ട്രംപിന്റെ ഭ്രാന്തന്‍ നയത്തിന് ശക്തമായ തിരിച്ചടിയുണ്ടായെന്നും വരാം. പക്ഷേ അത് സംഭവിക്കുമ്പോള്‍ തന്നെ മറ്റ് രാജ്യങ്ങളും ദുരന്തം അനുഭവിക്കേണ്ടി വരും. അവിടെയെല്ലാം ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിക്കും. അവരുടെ കയറ്റുമതിയും ഇടിയും. അത് സാമ്പത്തിക മാന്ദ്യത്തിന് വഴി വെക്കും. ഈ യുദ്ധത്തില്‍ ആരും ജയിക്കാന്‍ പോകുന്നില്ലെന്ന് പറയുന്നത് അതുകൊണ്ടാണ്.
തീരുവ കൊണ്ടുള്ള ഈ കളി ഒരു ദശകം മുമ്പത്തെ ആഗോള മാന്ദ്യത്തിന് സമാനമായ പ്രതിസന്ധിയാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് ലോകബേങ്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളാകും കൂടുതല്‍ അനുഭവിക്കേണ്ടി വരിക. ഡബ്ല്യു ടി ഒ പോലുള്ള മുഴുവന്‍ സംവിധാനങ്ങളും വന്‍കിടക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി സൃഷ്ടിക്കപ്പെട്ടവയാണല്ലോ. അതുകൊണ്ട് വന്‍ ശക്തികളുടെ പോരില്‍ ഞെരിഞ്ഞമരാതെ നോക്കാനുള്ള തയ്യാറെടുപ്പ് വികസ്വര രാജ്യങ്ങള്‍ നടത്തേണ്ടതുണ്ട്. ആഭ്യന്തര ഉത്പാദന മേഖലകളെ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ അത് സാധ്യമാകുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here