രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്നില്‍ പ്രണാബ് മുഖര്‍ജിക്ക് ക്ഷണമില്ല

പ്രണാബ് ആര്‍എസ്എസ് ആസ്ഥാനത്ത് ചെന്ന് തൃതീയ സംഘ് ശിക്ഷാ വര്‍ഗില്‍ പരിശീലനം സിദ്ധിച്ച പ്രചാരകന്‍മാരെ ആശീര്‍വദിച്ചതിനെതിരെ കോണ്‍ഗ്രസില്‍ നിന്നുള്‍പ്പെടെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു
Posted on: June 11, 2018 6:17 pm | Last updated: June 11, 2018 at 9:25 pm
SHARE

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇഫ്താര്‍ വിരുന്നില്‍ മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിക്ക് ക്ഷണമില്ലെന്ന് റിപ്പോര്‍ട്ട്. പ്രണാബ് മുഖര്‍ജിയെക്കൂടാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി തുടങ്ങിയവരേയും ഇഫ്താര്‍ വിരുന്നിന് ക്ഷണിച്ചില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, സിപിഎം, സിപിഐ നേതാക്കള്‍ക്ക് ക്ഷണമുണ്ട്. പങ്കെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഇടത് നേതാക്കള്‍ പറഞ്ഞു.

ഈ മാസം 13ന് ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ വെച്ചാണ് ഇഫ്താര്‍ വിരുന്ന്. രണ്ട് വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നത്. രാഷ്ട്രപതിയായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും കോണ്‍ഗ്രസിന്റെ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ വെച്ച് ഏറ്റവും തലമുതിര്‍ന്ന നേതാവാണ് പ്രണാബ് കുമാര്‍ മുഖര്‍ജി. എന്നാല്‍ ആര്‍എസ്എസ് ആസ്ഥാനത്ത് ചെന്ന് അദ്ദേഹം തൃതീയ സംഘ് ശിക്ഷാ വര്‍ഗില്‍ പരിശീലനം സിദ്ധിച്ച പ്രചാരകന്‍മാരെ ആശീര്‍വദിച്ചതിനെതെതിരെ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നുള്‍പ്പെടെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. ആര്‍ എസ് എസ് സ്ഥാപകനായ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ ഭാരതാംബയുടെ മഹാനായ പുത്രനെന്നാണ് അദ്ദേഹത്തിന്റെ ജന്മ സ്ഥലത്തെത്തി സന്ദര്‍ശക പുസ്തകത്തില്‍ പ്രണാബ് എഴുതിയത്.

നേരത്തെ, രാഷ്ട്രപതി ഭവനില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന ഇഫ്താര്‍ വിരുന്ന് ഉപേക്ഷിച്ചിരുന്നു. മതേതര മൂല്ല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിരുന്ന് ഉപേക്ഷിക്കുന്നതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്നും രാഷ്ട്രപതി ഭവന്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ദീപാവലി ആഘോഷങ്ങള്‍ക്കും രക്ഷാബന്ധന്‍ ദിനാചരണത്തിനും രാഷ്ട്രപതി ഭവന്‍ വേദിയായിരുന്നു.നേരത്തെ ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായുള്ള കരോള്‍ ഗാനം ആലപിക്കുന്ന ചടങ്ങും ഒഴിവാക്കിയിരുന്നു. അതേസമയം, ദീപാവലി ദിനത്തില്‍ വൈകിട്ട് രാഷ്ട്രപതി ഭവനില്‍ പ്രത്യേക ദീപാലങ്കാരങ്ങള്‍ നടത്തിയിരുന്നു. കൂടാതെ രക്ഷാബന്ധന്‍ ദിനത്തില്‍ സ്‌കൂള്‍ കുട്ടികള്‍ രാംനാഥ് കോവിന്ദിന്റെ കൈയില്‍ രാഖി കെട്ടിക്കൊടുക്കുന്ന ചടങ്ങും നടന്നിരുന്നു.