Connect with us

Kerala

നിപ്പയെ പൊരുതിത്തോല്‍പ്പിച്ച നഴ്‌സിംഗ് വിദ്യാര്‍ഥിനി ആശുപത്രിവിട്ടു

Published

|

Last Updated

നിപ്പാ രോഗം സുഖപ്പെട്ട അജന്യ, യുബീഷ് എന്നിവരെ ആരോഗ്യ മന്ത്രി കെ കെ ശൈലജ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശിച്ചപ്പോള്‍

കോഴിക്കോട്: നിപ്പയെ പൊരുതിത്തോല്‍പ്പിച്ച നഴ്‌സിംഗ് വിദ്യാര്‍ഥിനി ആശുപത്രി വിട്ടു. കൊയിലാണ്ടി സ്വദേശി അജന്യയാണ് ആശുപത്രി വിട്ടത്. രോഗം ഭേദമായ യുബീഷ് ഈ മാസം 14ന് ആശുപത്രി വിടും. ജനറല്‍ നഴ്‌സിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന അജന്യക്ക് പരിശീലനത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് വൈറസ് പിടിപെട്ടത്. മെയ് പതിനെട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്ത് ദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞതിന് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ഇന്നലെ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇരുവരേയും നേരില്‍ക്കണ്ട് ആശംസകള്‍ അറിയിച്ചിരുന്നു.

മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 17 പേരുടെ മരണത്തിനിടയാക്കിയ നിപ്പാ വൈറസ് വ്യാപനം അവസാനിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മെയ് 30ന് ശേഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ രോഗം നിയന്ത്രണ വിധേയമായെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

അവസാനമായി രോഗം ബാധിച്ചയാളുമായി അടുത്തിടപഴകിയവര്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള സമയപരിധി 21ന് അവസാനിക്കും. പത്ത് ദിവസത്തിന് ശേഷം രോഗം തുടച്ചുനീക്കിയെന്ന പ്രഖ്യാപനമുണ്ടാകും. അതീവ ജാഗ്രതാ നിര്‍ദേശങ്ങളില്‍ അയവ് വരുത്തിയെങ്കിലും ഈ മാസം 30 വരെ പൊതുപരിപാടികള്‍ ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്.

Latest