കെപിസിസി പ്രസിഡന്റ്: മുല്ലപ്പള്ളി മുങ്ങുന്ന കപ്പലിലെ ഓട്ടയാകുമെന്ന് പോസ്റ്ററില്‍ പരിഹാസം

Posted on: June 11, 2018 9:53 am | Last updated: June 11, 2018 at 4:41 pm
SHARE

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റാക്കുന്നതിനെതിരെ ഇന്ദിരാ ഭവന് മുന്നില്‍ പോസ്റ്റര്‍. ഉമ്മന്‍ ചാണ്ടിക്ക് സ്വാഗതമോതിക്കൊണ്ടുള്ള ഫഌക്‌സ് ബോര്‍ഡിന് മുകളിലാണ് മുല്ലപ്പള്ളിയെ അധിക്ഷേപിച്ചുകൊണ്ട് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. മുല്ലപ്പള്ളിയെ പ്രസിഡന്റാക്കുന്നത് മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നത് പോലെയാണെന്നും കോണ്‍ഗ്രസില്‍നിന്ന് നിപ്പ വൈറസുകളെ തൂത്തെറിയണമെന്നുമാണ് പോസ്റ്ററില്‍ പരിഹാസംചൊരിയുന്നത്.

എംഎം ഹസനെ മാറ്റി മുല്ലപ്പള്ളിയെ കെപിസിസി പ്രസിഡന്റാക്കിയേക്കുമെന്നുള്ള വാര്‍ത്തകള്‍ക്കിടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹസന്‍ പ്രസിഡന്റായപ്പോള്‍ പാര്‍ട്ടി ഐസിയുവിലായിരുന്നുവെന്നും മുല്ലപ്പള്ളി പ്രസിഡന്റായാല്‍ വെന്റിലേറ്ററിലാകുമെന്നും പോസ്റ്ററില്‍ ആക്ഷേപിക്കുന്നുണ്ട്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഇന്ന് കെപിസിസി രാഷ്ട്രീയകാര്യ സമതി യോഗം ചേരാനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.