Connect with us

Sports

ആ ഗോള്‍ ഓര്‍മിപ്പിക്കുന്നു, ഓരോ നിമിഷവും പ്രധാനപ്പെട്ടതാണെന്ന്

Published

|

Last Updated

മഷെറാനോ പരിശീലനത്തില്‍

നാല് വര്‍ഷം മുമ്പ് മരിയോ ഗോസെ തങ്ങളുടെ കണ്ണുവെട്ടിച്ച് നേടിയ ഗോള്‍ അര്‍ജന്റീനയുടെ പ്രതിരോധ നായകനായിരുന്ന ഹാവിയര്‍ മഷെറാനോയെ ഇന്നും വേട്ടയാടുന്നു.

ഒരു മത്സരത്തിലെ ഓരോ നീക്കവും എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ഓര്‍മിപ്പിക്കുന്നു ജര്‍മനി ഫൈനലില്‍ നേടിയ വിജയഗോള്‍. ആന്ദ്രെ ഷുറെയുടെ ക്രോസ് ബോള്‍ പാബ്ലോ സബലെറ്റക്കും തനിക്കും ഇടയിലൂടെ മരിയോ ഗോസെയിലെത്തുന്നു. ഞങ്ങളുടെ പൊസിഷന്‍ മികച്ചതല്ലായിരുന്നുവെന്ന് തിരിച്ചറിഞ്ഞുള്ള ക്രോസ് ബോള്‍. അത് അപ്രതീക്ഷിതമായിരുന്നു. ആ നിമിഷമാണ് മത്സരത്തിന്റെ ഗതി നിര്‍ണയിച്ചത് – മഷെറാനോയുടെ മനസില്‍ ഇന്നും ആ ഗോള്‍ ഒരു നൊമ്പരമായി തറച്ച് നില്‍ക്കുന്നു. ലോകകപ്പ് ഫൈനലിന് പുറമെ രണ്ട് കോപ അമേരിക്ക ഫൈനലുകളിലും അര്‍ജന്റീന തോറ്റു. രണ്ടും ചിലിയോട്. സമീപകാലത്ത് ഏറ്റവും മികച്ച ഫുട്‌ബോള്‍ കാഴ്ചവെച്ച അര്‍ജന്റീന ടീമാണ് മൂന്ന് ഫൈനലുകളിലും തോറ്റത് എന്നത് മഷെറാനോയെ നിരാശപ്പെടുത്തുന്നു.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സ്ഥിരത കാണിച്ചില്ല. പക്ഷേ, നിര്‍ണായക മത്സരത്തില്‍ ലയണല്‍ മെസിയുടെ ഹാട്രിക്ക് അര്‍ജന്റീനക്ക് ലോകകപ്പ് യോഗ്യത ഉറപ്പാക്കി. റഷ്യയിലും മെസിയുടെ പ്രകടനം തന്നെയാണ് നിര്‍ണായകം. അയാളുടെ ഏറ്റവും നിലവാരമുള്ള പ്രകടനം കാണുവാനിരിക്കുന്നതേയുള്ളൂ എന്നാണ് തനിക്ക് തോന്നുന്നത് എന്ന് മഷെറാനോ പറയുന്നു.

അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ (143) കളിച്ചതിന്റെ റെക്കോര്‍ഡ് മഷെറാനോക്ക് സ്വന്തമാണ്. മുപ്പത്തിനാലാം വയസില്‍ നാലാം ലോകകപ്പിനാണ് മഷെറാനോ ബൂട്ടുകെട്ടുന്നത്. 2006ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ വെസ്റ്റ്ഹാമില്‍ കാര്‍ലോസ് ടെവസിനൊപ്പം മിഡ്ഫീല്‍ഡറായി എത്തിയ മഷെറാനോ പിന്നീട് ലിവര്‍പൂള്‍, ബാഴ്‌സലോണ ക്ലബ്ബുകളിലൂടെ യൂറോപ്യന്‍ ഫുട്‌ബോളിലെ ശ്രദ്ധേയ സാന്നിധ്യമായി. ലിവര്‍പൂളില്‍ ഡിഫന്‍ഡറുടെ റോളിലേക്കും ഇടക്ക് കളിക്കേണ്ടി വന്ന മഷെറാനോ ബാഴ്‌സലോണയിലെത്തിയത് മിഡ്ഫീല്‍ഡര്‍ എന്ന നിലക്കാണ്. പക്ഷേ, പ്രതിരോധ നിരക്കാരുടെ വിട്ടുമാറാത്ത പരുക്ക് കോച്ച് പെപ് ഗോര്‍ഡിയോളക്ക് തലവേദനയായി. ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡറായി തിളങ്ങുന്ന മഷെറാനോയെ സെന്റര്‍ഡിഫന്‍സിലേക്ക് നിയോഗിച്ച് പരീക്ഷണം നടത്തി. അത് ഫലിച്ചു. 2014 ലോകകപ്പില്‍ മെസി അര്‍ജന്റീനയെ ഫൈനലിലെത്തിച്ചത് പ്രതിരോധത്തില്‍ മഷെറാനോ അവസരത്തിനൊത്തുയര്‍ന്നതിന്റെ പിന്‍ബലത്തിലായിരുന്നു.

2006 ല്‍ ജോസ് പെക്കര്‍മാന്റെ അര്‍ജന്റീന ടീം വളരെ മികച്ചതായിരുന്നുവെന്ന് മഷെറാനോ നിരീക്ഷിക്കുന്നു. മനോഹരമായി കളിച്ചടീം. 24 പാസുകളിലൂടെ സെര്‍ബിയക്കെതിരെ നേടിയ ചരിത്ര ഗോള്‍ ആ ടീമാണ് നേടിയത്. 94ല്‍ മറഡോണയുടെ അര്‍ജന്റീന ഗ്രീസിനെതിരെ നേടിയ ഗോള്‍ പോലൊന്ന്. മാക്‌സി, കാംബിയാസോ, റിക്വല്‍മെ,സാവിയോള, ക്രെസ്‌പോ ഉള്‍പ്പെടുന്ന ആ ടീം ഫുട്‌ബോളിന്റെ സൗന്ദര്യമായിരുന്നു. റഷ്യയില്‍ ഞങ്ങളുടെ പ്രതീക്ഷ ലിയോയിലാണ്. അയാള്‍ ടീമിന് പ്രചോദനമാണ്. പക്ഷേ, ഫുട്‌ബോള്‍ ഒറ്റയാള്‍പ്പോരാട്ടമല്ല. ഞങ്ങളെല്ലാം, മെസിക്ക് പിറകില്‍ ശക്തമായി അണിനിരക്കും – മഷെറാനോ ആത്മവിശ്വാസത്തോടെ പറയുന്നു.

Latest