ബ്രസീല്‍ ഉഗ്രന്‍, സ്‌പെയിന്‍ വിയര്‍ത്തു, ഫ്രാന്‍സ് പെട്ടു

നെയ്മര്‍, കുടിഞ്ഞോ, ജീസസ് ബ്രസീലിനായി ലക്ഷ്യം കണ്ടു - നെയ്മറിന് 55ാം ഗോള്‍, റൊമാരിയോക്കൊപ്പം
Posted on: June 11, 2018 6:10 am | Last updated: June 11, 2018 at 12:14 am
SHARE
വിയന്നയില്‍ ആസ്ത്രിയക്കെതിരെ ബ്രസീലിനായി കുടീഞ്ഞോ ഗോള്‍ നേടുന്നു

ലോകകപ്പ് സന്നാഹ മത്സരങ്ങളില്‍ ആസ്‌ത്രേലിയ, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍ ജയിച്ചപ്പോള്‍ ഫ്രാന്‍സ്,സ്വീഡന്‍ സമനിലയില്‍ കുരുങ്ങി. അതേ സമയം ബ്രസീല്‍ തകര്‍പ്പന്‍ ജയം കരസ്ഥമാക്കി.

വിയന്നയില്‍ ആസ്ത്രിയയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ പരാജയപ്പെടുത്തിയത്. നെയ്മര്‍, കുടിഞ്ഞോ, ഗബ്രിയേല്‍ ജീസസ് എന്നിവര്‍ ബ്രസീലിനായി ലക്ഷ്യം കണ്ടു.

രാജ്യത്തിനായി നെയ്മര്‍ അമ്പത്തഞ്ചാം ഗോള്‍ നേടി ഇതിഹാസ താരം റൊമാരിയോക്കൊപ്പമെത്തി. പെലെയും റൊണാള്‍ഡോയും മാത്രമാണ് നെയ്മറിന് മുന്നിലുള്ളത്.

ആസ്ത്രിയന്‍ ഡിഫന്‍ഡര്‍മാര്‍ പലവട്ടം നെയ്മറെ വീഴ്ത്തി. ഒരിക്കല്‍ നേരിയ പരുക്കുമായി ഗ്രൗണ്ടിന് പുറത്തേക്ക് പോയ നെയ്മര്‍ ആശങ്കപ്പെടുത്തി. പക്ഷേ, പെട്ടെന്ന് തന്നെ ചികിത്സപൂര്‍ത്തിയാക്കി നെയ്മര്‍ കളിക്കാനിറങ്ങി.

യു എസ് എയാണ് ഫ്രാന്‍സിനെ പരീക്ഷിച്ചത്. നാല്‍പ്പത്തിനാലാം മിനുട്ടില്‍ യൂലിയന്‍ ഗ്രീനിന്റെ ഗോളില്‍ ലീഡെടുത്ത യു എസ് എ ദിദിയര്‍ ദെഷാംസിന്റെ നീലപ്പടയെ ഞെട്ടിച്ചു. കൂടുതല്‍ നേരം പന്ത് വശപ്പെടുത്തിയിട്ടും ഫ്രാന്‍സിന് ഗോളിലേക്കുള്ള വഴി തുറക്കാന്‍ സാധിച്ചില്ല.

എഴുപത്തെട്ടാം മിനുട്ടില്‍ കിലിയന്‍ എംബാപെയാണ് ഫ്രാന്‍സിന്റെ രക്ഷകനായത്. പകരക്കാരനായിറങ്ങിയ ബെഞ്ചമിന്‍ പവാര്‍ഡിന്റെ ലോ ക്രോസ് കിലിയന്‍ അനായാസം ഫിനിഷ് ചെയ്തു. തലകള്‍ കുട്ടിയിടിച്ച് പരുക്കേറ്റ് ഒലിവര്‍ ജിറൂദ് കളം വിട്ടത് ഫ്രാന്‍സിന് തിരിച്ചടിയായി.

അന്റോയിന്‍ ഗ്രിസ്മാനും പോള്‍ പോഗ്ബയും ദീര്‍ഘദൂര ഷോട്ടുകള്‍ നിരന്തരം പായിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഒരിക്കല്‍ പോഗ്ബയുടെ ഷോട്ട് ക്രോസ് ബാറൊന്ന് കുലുക്കി.

ലോകകപ്പ് ഫേവറിറ്റുകളായ സ്‌പെയിന്‍ ഒരു ഗോളിന് കഷ്ടിച്ചാണ് ടുണീഷ്യയെ മറികടന്നത്. എണ്‍പത്തിനാലാം മിനുട്ടില്‍ സെല്‍റ്റ വിഗോ സ്‌ട്രൈക്കര്‍ ലാഗോ അസ്പാസാണ് സ്‌പെയിനിന്റെ വിജയഗോള്‍ നേടിയത്.

ആദ്യപകുതിയില്‍ ടുണീഷ്യ സുവര്‍ണാവസരം നഷ്ടപ്പെടുത്തിയത് മുന്‍ ലോകചാമ്പ്യന്‍മാര്‍ക്ക് ആശ്വാസമായി. തോല്‍വിയറിയാതെ സ്‌പെയിന്‍ തുടരെ ഇരുപതാം മത്സരം പൂര്‍ത്തിയാക്കിയത് മാത്രമാണ് ലോപെടെഗ്യുവിന്റെ സ്‌ക്വാഡിന് ആത്മവിശ്വാസം നല്‍കുന്നത്.
ടുണീഷ്യന്‍ വലയിലേക്ക് അപകടകരമായ ഒരു ഷോട്ട് പോലും പായിക്കാന്‍ സ്‌പെയ്‌നിന് സാധിച്ചില്ല.

ഡിയഗോ കോസ്റ്റ ഒരു ഷോട്ടിന് ശ്രമിച്ചത് ടുണീഷ്യ ഗോളി അയ്‌മെന്‍ മത്‌ലോതിയുടെ കൈകളിലേക്കായി.ഡെന്‍മാര്‍ക്ക് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മെക്‌സിക്കോയെ തുരത്തി.

ടോട്ടനം ഹോസ്പര്‍ പ്ലേമേക്കര്‍ക്രിസ്റ്റ്യന്‍ എറിക്‌സനാണ് താരം. ഒരു ഗോള്‍ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്തു എറിക്‌സന്‍.
ആസ്‌ത്രേലിയ 2-1ന് ഹംഗറിയെ കീഴടക്കിയത് ഇഞ്ചുറി ടൈമിലെ സെല്‍ഫ് ഗോളിലാണ്. എഴുപത്തിനാലാം മിനുട്ടില്‍ അര്‍സാനിയിലൂടെ ആസ്‌ത്രേലി ലീഡെടുത്തു. എണ്‍പത്തെട്ടാം മിനുട്ടില്‍ സെല്‍ഫ് ഗോളില്‍ ഹംഗറിസമനില നേടി. മറ്റൊരു സെല്‍ഫ് ഗോളില്‍ ആസ്‌ത്രേലിയ ജയിക്കുകയും ചെയ്തു.

ബൊളിവിയയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് സെര്‍ബിയ കരുത്തറിയിച്ചത്.
ന്യൂകാസില്‍ യുനൈറ്റഡ് സ്‌ട്രൈക്കര്‍ അലക്‌സാണ്ടര്‍ മിട്രോവിചിന്റെ ഹാട്രിക്കാണ് സെര്‍ബിയക്ക് വന്‍ ജയം ഒരുക്കിയത്. സ്വീഡനും പെറുവും ഗോള്‍രഹിതം. മൊറോക്കോ 3-1ന് എസ്‌തോണിയേയും പരാജയപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here