ഷാംഗ്ഹായിയില്‍ ഹസ്തദാനം ചെയ്ത് മോദിയും പാക് പ്രസിഡന്റും

വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിക്കില്ല: ഇന്ത്യ
Posted on: June 11, 2018 6:14 am | Last updated: June 11, 2018 at 12:03 am
ചൈനയിലെ ക്വിന്‍ഡാവോയില്‍ നടക്കുന്ന ഷാംഗ്ഹായി സഹകരണ ഉച്ചകോടിക്കിടെ മോദിയും പാക് പ്രസിഡന്റ് മംനൂന്‍ ഹുസൈനും ഹസ്തദാനം ചെയ്യുന്നു

ന്യൂഡല്‍ഹി/ബീജിംഗ്: പാക്കിസ്ഥാനുമായി അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയും ഉഭയകക്ഷി ബന്ധം ഉലയുകയും ചെയ്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാക് പ്രസിഡന്റ് മംനൂന്‍ ഹുസൈനെ ഹസ്തദാനം ചെയ്തത് വാര്‍ത്താ പ്രാധാന്യം നേടി. ചൈനയിലെ ക്വിന്‍ഡാവോയില്‍ നടക്കുന്ന ഷാംഗ്ഹായി സഹകരണ ഉച്ചകോടിക്കിടെയായിരുന്നു ഇരു നേതാക്കളുടെയും സൗഹൃദ പ്രകടനം. എട്ടംഗ ഷാംഗ്ഹായി കൂട്ടായ്മയുടെ സംയുക്ത കരാറില്‍ ഒപ്പുവെക്കുന്നതിനിടെ നേതാക്കള്‍ പരസ്പരം വണങ്ങുകയും ഹസ്തദാനം ചെയ്യുകയുമായിരുന്നു.

ചൈന മുന്‍കൈയെടുത്ത് നടപ്പാക്കുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ പറഞ്ഞു. ഏഷ്യയെ യൂറോപ്പുമായി റോഡ്, കടല്‍ മാര്‍ഗം വഴി ബന്ധിപ്പിക്കുന്ന പദ്ധതിയെ എസ് സി ഒയിലെ അംഗ രാജ്യങ്ങളില്‍ ഇന്ത്യ മാത്രമാണ് എതിര്‍ത്ത് പരസ്യമായി രംഗത്തെത്തിയത്. പദ്ധതി നടപ്പാക്കുന്നതിനായി വിവിധ രാജ്യങ്ങളുമായി ചൈന കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഭീകരവാദം, തീവ്രവാദം തുടങ്ങി ആഗോളപ്രാധാന്യമുള്ള വിഷയങ്ങളില്‍ സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് ഉച്ചകോടി നടക്കുന്നത്.