പ്രതിഷേധത്തിനൊടുവില്‍ പ്രൊഫ. പി കോയ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

Posted on: June 11, 2018 6:12 am | Last updated: June 10, 2018 at 11:53 pm
SHARE

കോഴിക്കോട്: മൗലിദുകളെയും വിശുദ്ധ ഖുര്‍ആനെയും പരിഹസിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പോപ്പുലര്‍ ഫ്രണ്ട് നേതാവ് പ്രൊഫ. പി കോയ പിന്‍വലിച്ചു. അണികളില്‍ നിന്നുള്‍പ്പെടെ വന്‍ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് പോസ്റ്റ് പിന്‍വലിച്ചത്.

നിപ്പാ വൈറസിന്റെ സാഹചര്യത്തില്‍ ‘വൈറസിനേക്കാള്‍ മാരകം’ എന്ന ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം മന്‍ഖൂസ് മൗലിദ്, ഖുര്‍ആന്‍ പാരായണം, മുഹ്‌യിദ്ദീന്‍ ശൈഖിനോട് സഹായം തേടുക തുടങ്ങിയവയെ അപഹസിച്ച് രംഗത്തെത്തിയത്. പോസ്റ്റ് വിവാദമായ സാഹചര്യത്തില്‍ കോയയെ തള്ളിപ്പറഞ്ഞ് പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഇ അബൂബക്കര്‍ രംഗത്തെത്തിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളെ പ്രൊഫ. കോയ മറ്റൊരു പോസ്റ്റിലൂടെ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ട്ടിയിലും അണികളിലും അദ്ദേഹത്തിന്റെ പോസ്റ്റിനെതിരെ പ്രതിഷേധം ശക്തമായി. ‘വൈറസിനേക്കാള്‍ മാരകം’ എന്ന ശീര്‍ഷകത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് ഏതെങ്കിലും വിഭാഗത്തിന്റെ വിശ്വാസാചാരങ്ങളെ മുറിവേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും പോസ്റ്റ് വിവാദമായ പശ്ചാത്തലത്തില്‍ സംഘടനാ നിര്‍ദേശപ്രകാരം പിന്‍വലിക്കുന്നുവെന്നും അദ്ദേഹം മറ്റൊരു പോസ്റ്റില്‍ പറയുന്നു. ‘വൈറസിനേക്കാള്‍ മാരകം’ എന്ന പോസ്റ്റിന് വന്ന പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ‘ഉസാറായ പ്രതികരണങ്ങള്‍’ എന്ന പോസ്റ്റും പിന്‍വലിച്ചിട്ടുണ്ട്.