വെള്ളമില്ല; തലശ്ശേരിയില്‍ പോസ്റ്റ്‌മോര്‍ട്ടം മുടങ്ങി, മോര്‍ച്ചറിക്ക് പുറത്ത് ബഹളം

Posted on: June 11, 2018 6:09 am | Last updated: June 10, 2018 at 11:51 pm
SHARE
പ്രതിഷേധത്തിനൊടുവില്‍ മോര്‍ച്ചറിയിലേക്ക്
വെള്ളമെത്തിച്ചപ്പോള്‍

തലശ്ശേരി: മോര്‍ച്ചറിയിലേക്കുള്ള ജലവിതരണം മുടങ്ങിയത് കാരണം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ മണിക്കൂറുകളോളം തടസ്സപ്പെട്ടു. അധികൃതരുടെ അനാസ്ഥ കാരണമാണ് പ്രകൃതി ദുരന്തത്തില്‍ മരിച്ചയാളുടെ പോസ്റ്റ്‌മോര്‍ട്ടം തടസ്സപ്പെട്ടതെന്നാരോപിച്ച് മോര്‍ച്ചറിക്ക് പുറത്ത് ബന്ധുക്കളും നാട്ടുകാരും ബഹളംവെച്ചു. ബഹളത്തിനിടയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനെത്തിയ വനിതാ ഡോക്ടര്‍ തിരിച്ചു പോവുകയും ചെയ്തു. ഒടുവില്‍ രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് ടാങ്കറില്‍ വെള്ളമെത്തിച്ചാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് സൗകര്യമൊരുക്കിയത്.

ഇതേ തുടര്‍ന്ന് രാവിലെ 11ന് നിശ്ചയിച്ച പോസ്റ്റ്‌മോര്‍ട്ടം ഉച്ചക്ക് രണ്ടിനേ തുടങ്ങാനായുള്ളൂ. അവസാനിക്കുമ്പോള്‍ വൈകിട്ട് നാലായിരുന്നു. ഇതേത്തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച സംസ്‌കാര നടപടികളും വൈകി. മഴയില്‍ ചാഞ്ഞ മരം മുറിച്ചു മാറ്റുന്നതിനിടെ ശനിയാഴ്ച വൈകിട്ട് മരിച്ച കൊളശ്ശേരി കാവുംഭാഗം സൗത്ത് യു പി സ്‌കൂളിനടുത്ത താന്നിക്കാംവയലില്‍ കാളിയത്ത് മനോഹര(55)ന്റെ മൃതദേഹമാണ് മോര്‍ച്ചറിയില്‍ അനാദരിക്കപ്പെട്ടത്.

രാത്രി തന്നെ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് കുണ്ടുചിറയിലെ വാതക ശ്മശാനത്തില്‍ സംസ്‌കരിക്കാനായിരുന്നു നിശ്ചയിച്ചത്. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ രാവിലെ തന്നെ മോര്‍ച്ചറിക്ക് മുന്നിലെത്തിയിരുന്നു.

എന്നാല്‍, രാവിലെ പത്ത് മണിയോടെ ഡോക്ടര്‍ ഷീല മോര്‍ച്ചറിക്കുള്ളിലെത്തിയതോടെയാണ് പോസ്റ്റുമോര്‍ട്ടം ചെയ്യാനായി വെള്ളമില്ലെന്ന് പുറത്തുള്ളവര്‍ അറിയുന്നത്. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിനെ വിവരമറിയിച്ചുവെങ്കിലും പ്ലംബറെ വിളിക്കാന്‍ നിര്‍ദേശിച്ച് കൈമലര്‍ത്തുകയായിരുന്നു.