Connect with us

Kerala

തീന്‍മേശയില്‍ നല്ല മാംസമെത്തിക്കാന്‍ സര്‍ക്കാര്‍ പദ്ധതി ഒരുങ്ങുന്നു

Published

|

Last Updated

കൊച്ചി: മാംസാഹാരം കഴിക്കുന്നവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താന്‍ രാജ്യത്താദ്യമായി സംസ്ഥാനത്ത് കോഴികള്‍ക്കും മാംസത്തിനുപയോഗിക്കുന്ന വളര്‍ത്തു മൃഗങ്ങള്‍ക്കുമായി ലഗ്ബാന്‍ഡിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നു. മാംസാഹാരം എവിടെ നിന്ന്, എന്തൊക്കെ പരിശോധനകള്‍ക്കു ശേഷമാണ് തീന്‍മേശയിലേക്കെത്തുന്നതെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ വ്യക്തമായി അറിയാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന നൂതനവും വിപുലവുമായ സംവിധാനം നടപ്പാക്കുന്നതിനാണ് മൃഗസംരക്ഷണ വകുപ്പ് തയ്യാറെടുക്കുന്നത്. കോഴി, താറാവ്, ആടുമാടുകള്‍, പന്നി തുടങ്ങി മാംസത്തിനുപയോഗിക്കുന്നവയെ കൃത്യമായ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ടെന്നും മാംസത്തില്‍ മനുഷ്യശരീരത്തിന് ദോഷം വരുത്തുന്ന ഘടകങ്ങളൊന്നുമില്ലെന്നും ഏളുപ്പം മനസ്സിലാക്കാനും ആശങ്കകളില്ലാതെ മാംസാഹാരം കഴിക്കാനുമുള്ള പദ്ധതിയാണ് ലഗ്ബാന്‍ഡിംഗ്. ആദ്യ ഘട്ടത്തില്‍ ബ്രോയിലര്‍ കോഴികളിലാണ് ഇത് നടപ്പാക്കുന്നത്.

ഇതിനുള്ള നടപടികള്‍ തുടങ്ങി. ഓരോ പഞ്ചായത്തിലും കോഴിഫാമിലെത്തുന്ന വെറ്ററിനറി സര്‍ജനടക്കമുളള മൃഗസംരക്ഷണ ഉദ്യോഗസ്ഥരാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്. ഫാമിന്റെ പരിസര പ്രദേശങ്ങളടക്കം പരിശോധിച്ച ശേഷം കോഴിക്ക് നല്‍കുന്ന തീറ്റയുള്‍പ്പെടെ നിരീക്ഷണത്തിന് വിധേയമാക്കും. കോഴിയുടെ രക്തവും മാംസവും പരിശോധിച്ച് മനുഷ്യശരീരത്തിന് ദോഷകരമായ ഘടകങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ഓരോ കോഴിക്കുമായി ലഗ്ബാന്‍ഡിംഗ് സംവിധാനിക്കുകയാണ് ചെയ്യുക. കോഴിയുടെ കാലില്‍ ക്യൂ ആര്‍ കോഡ് അടക്കമുള്ള പ്രത്യേക അലൂമിനിയം തകിട് ഘടിപ്പിക്കും. കോഴിയെ വാങ്ങുമ്പോള്‍ ഏത് ഫാമില്‍ നിന്ന് എപ്പോള്‍ ഉത്പാദിപ്പിച്ചതാണെന്നും എന്തൊക്കെ പരിശോധനകള്‍ നടത്തിയെന്നതുമടക്കമുള്ള വിശദവിവരങ്ങള്‍ ഉപഭോക്താവിന് ലഭിക്കും. മാംസത്തിന് ഉപയോഗിക്കുന്ന മറ്റ് മൃഗങ്ങള്‍ക്കും ഇങ്ങനെ തന്നെയാണ് ലഗ്ബാന്‍ഡിംഗ് സംവിധാനം ഏര്‍പ്പെടുത്തുക.

കുടുംബശ്രീയുടെയും മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യയുടെയും പൗള്‍ട്രി ഡവലപ്‌മെന്റ് കോര്‍പറേഷന്റെയും സഹകരണത്തോടെയാണ് കോഴികള്‍ക്ക് ലഗ്ബാന്‍ഡിംഗ് സമ്പ്രദായം ഏര്‍പ്പെടുത്താനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. ഇതിനായി നിരവധി ഫാമുകള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. മാംസമായാണ് വാങ്ങുന്നതെങ്കില്‍ എവിടെ നിന്നാണെന്ന് തിരിച്ചറിയാനുള്ള സംവിധാനമുണ്ടാകും. രണ്ടാം ഘട്ടമെന്നോണമാണ് മറ്റു മൃഗങ്ങള്‍ക്ക് ഈ സംവിധാനം ക്രമീകരിക്കുക.

അതോടൊപ്പം മൃഗസംരക്ഷണ വകുപ്പിന്റെ ജിയോ ടാഗിംഗ് സംവിധാനം മാസങ്ങള്‍ക്കകം തന്നെ മുഴുവന്‍ മൃഗപരിപാലന കര്‍ഷകരിലേക്കും വ്യാപിപ്പിക്കാനും നടപടിയായിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍ ശശി സിറാജിനോട് പറഞ്ഞു. ഭൂമിശാസ്ത്ര വിവര വിനിമയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള രോഗനിയന്ത്രണ നിരീക്ഷണ സംവിധാനം ഒരുക്കുന്നതിനായുള്ള ഈ ഡിജിറ്റല്‍ രജിസ്റ്ററില്‍ 1.25 ലക്ഷം കര്‍ഷകരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇത് പത്ത് ലക്ഷം കര്‍ഷകരിലേക്ക് വ്യാപിപ്പിക്കും. കുളമ്പുരോഗം, പക്ഷിപ്പനി, മറ്റു സാംക്രമിക രോഗങ്ങള്‍ എന്നിവ കൃത്യമായി അടയാളപ്പെടുത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും കഴിയുന്നതിനാണ് ജിയോടാഗിംഗ് എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടപ്പാക്കുക.

സംസ്ഥാനത്തെ വളര്‍ത്തു മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ടോ, ഏതൊക്കെ പ്രദേശങ്ങള്‍ പ്രതിരോധ കുത്തിവെപ്പിന്റെ പരിധിയില്‍ വരും, പ്രതിരോധ വാക്‌സിനുകള്‍ ഏതൊക്കെ വീട്ടിലെ മൃഗങ്ങള്‍ക്ക് നല്‍കണം തുടങ്ങി കര്‍ഷകരുടെ ഫോട്ടോ അടക്കമുള്ള എല്ലാ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. കര്‍ഷകരുടെ ആധാര്‍ കാര്‍ഡിലുള്ള ക്യൂ ആര്‍ കോഡ് ഉപയോഗിച്ചാണ് പ്രാഥമിക വിവര ശേഖരണം. പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ഫോട്ടോ എന്നിവ ആദ്യം ഇതിലൂടെ ശേഖരിക്കും. വിവരങ്ങള്‍ പ്രത്യേക സോഫ്റ്റ്‌വെയറില്‍ അപ്‌ലോഡ് ചെയ്യുന്നതിലൂടെ ഓരോ കര്‍ഷകനും ഗൂഗിള്‍ മാപ്പ് അനുസരിച്ചുള്ള രജിസ്റ്ററിന്റെ ഭാഗമാകും.

ഡയറി ഫാമിലെ ഉരുക്കളെ എന്നപോലെ സംസ്ഥാനം മുഴുക്കെയുള്ള വളര്‍ത്തുമൃഗങ്ങളുടെ രോഗപ്രതിരോധം മുതല്‍ ചികിത്സ വരെയുള്ള കാര്യങ്ങളില്‍ സങ്കീര്‍ണതകളില്ലാതെ ഇടപെടാന്‍ സാധിക്കുന്നുവെന്നതും ഇതിന്റെ നേട്ടമാണ്. നിപ്പാവൈറസ് ബാധയുടെ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് വളര്‍ത്തുമൃഗങ്ങളുടെ വിവരശേഖരണം കാര്യക്ഷമമാക്കുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest