കോണ്‍ഗ്രസില്‍ ഇന്നും നാളെയും നിര്‍ണായക യോഗം

Posted on: June 11, 2018 6:08 am | Last updated: June 10, 2018 at 11:34 pm
SHARE

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ പൊട്ടിത്തെറി തുടരുന്നതിനിടെ കെ പി സി സിയുടെ നിര്‍ണായക രാഷ്ട്രീയകാര്യ സമിതി ഇന്നും നിര്‍വാഹക സമിതി നാളെയും ചേരും.

ഇന്ന് വൈകുന്നേരം മൂന്നിന് ഇന്ദിരാഭവനിലാണ് രാഷ്ട്രീയകാര്യ സമിതി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ നിശ്ചയിച്ചതാണെങ്കിലും രാജ്യസഭാ സീറ്റ് പ്രശ്‌നമാകും പ്രധാന ചര്‍ച്ച. കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതിനെ പരസ്യമായി വിമര്‍ശിക്കാത്തവര്‍ കൂടി യോഗത്തില്‍ ഇതിനെതിരെ രംഗത്തുവരും.

21 അംഗ രാഷ്ട്രീയകാര്യ സമിതിയില്‍ ഡല്‍ഹിയില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മൂന്ന് പേരൊഴികെയുള്ളവരെല്ലാം തീരുമാനത്തോട് എതിര്‍പ്പുള്ളവരാണ്. വി എം സുധീരന്‍, പി ജെ കുര്യന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ ഇന്നത്തെ യോഗത്തിലും പൊട്ടിത്തെറിക്കും എന്നുറപ്പ്. ഉമ്മന്‍ ചാണ്ടി ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല.

എ ഐ സി സി ജനറല്‍ സെക്രട്ടറിയായ അദ്ദേഹം ഇന്ന് മുതല്‍ മൂന്ന് ദിവസം ആന്ധ്രയിലാണ്. വൈകുന്നേരം നാലിന് തിരുവനന്തപുരത്ത് നിന്ന് യാത്രക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.