Connect with us

National

എയര്‍ ഇന്ത്യ 2,000 കോടി അധിക ഫണ്ട് ആവശ്യപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തൊഴിലാളികളുടെ ശമ്പളം പോലും മുടങ്ങി കിടക്കുന്ന എയര്‍ ഇന്ത്യ സര്‍ക്കാറിനോട് 2,000 കോടി അധിക ഫണ്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ മൂന്ന് മാസമായി പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് കമ്പനി സര്‍ക്കാറിനോട് അധിക പണം ആവശ്യപ്പെട്ടതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അടുത്ത മാസം ചേരാനിരിക്കിരുന്ന പാര്‍ലിമെന്റ് വര്‍ഷകാല സമ്മേളനത്തില്‍ 2018- 19ലെ അനുബന്ധ ആവശ്യങ്ങള്‍ക്കുള്ള പണം അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ശമ്പളം വൈകുന്നതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ പൈലറ്റ് യൂനിയനായ ഇന്ത്യന്‍ കൊമേഴ്ഷ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്‍ എയര്‍ ഇന്ത്യ മാനേജ്‌മെന്റുമായി നിസ്സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യന്‍ കൊമേഴ്ഷ്യല്‍ പൈലറ്റ്‌സ് അസോസിയേഷന്റെ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയും റീജ്യണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റികളും ഇക്കാര്യം ചൂണ്ടിക്കാണിച്ച് എയര്‍ ഇന്ത്യക്ക് കത്തയക്കുകയും ചെയ്തിരുന്നു. ശമ്പളം കൃത്യമായി നല്‍കുന്നത് വരെ നിസ്സഹകരണം തുടരുമെന്നും മാനേജ്‌മെന്റിനെ അസോസിയേഷന്‍ അറിയിച്ചിരുന്നു.

ശമ്പളം വൈകുന്നത് കാരണം സാമ്പത്തിക പ്രതിസന്ധിയും മാനസികമായ പ്രശ്‌നങ്ങളും നേരിടുന്നുണ്ടെന്നും ഇത് കൂടുതല്‍ ക്ഷീണത്തിലേക്ക് നയിക്കുന്നുണ്ടെന്നും വിമാനത്തിന്റെ സുരക്ഷയടക്കമുള്ള കാര്യങ്ങളെ ഇത് ബാധിക്കാന്‍ ഇടയുണ്ടെന്നും പൈലറ്റുമാര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ മുതലാണ് എയര്‍ ഇന്ത്യ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയത്.

Latest