Connect with us

National

പ്രണാബിനെ പ്രധാനമന്ത്രിയാക്കാന്‍ ആര്‍ എസ് എസ് കരുക്കള്‍ നീക്കുന്നു: ശിവസേന

Published

|

Last Updated

മുംബൈ: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെ ആര്‍ എസ് എസ് പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുമെന്ന് ശിവസേന. സര്‍ക്കാറുണ്ടാക്കാന്‍ ബി ജെ പിക്ക് മറ്റ് പാര്‍ട്ടികളുടെ പിന്തുണ അനിവാര്യമാകുന്ന ഘട്ടത്തില്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയായി മറ്റുള്ളവര്‍ അംഗീകരിക്കില്ലെന്നും അപ്പോള്‍ പ്രണാബിനെ മുന്‍നിര്‍ത്തി ആര്‍ എസ് എസ് കരുക്കള്‍ നീക്കുമെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ആര്‍ എസ് എസ് ആസ്ഥാനത്തെത്തി പുതുതായി പുറത്തിറങ്ങുന്ന പ്രചാരകുമാരെ പ്രണാബ് മുഖര്‍ജി അഭിസംബോധന ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് റാവത്തിന്റെ വിലയിരുത്തല്‍.

ആര്‍ എസ് എസ് ആസ്ഥാനത്തെ ചടങ്ങിലേക്ക് മുഖര്‍ജിയെ ക്ഷണിച്ചതിന്റെ യഥാര്‍ഥ അജണ്ഡ 2019ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷമേ വ്യക്തമാകൂ. ഭാവിലേക്കുള്ള കരുനീക്കത്തിന്റെ ഭാഗമാണതെന്ന് റാവത്ത് പറഞ്ഞു. ആര്‍ എസ് എസ് ആസ്ഥാനത്ത് ചെന്ന് പ്രണാബ് പറഞ്ഞത് രാജ്യം പ്രതീക്ഷിച്ചതല്ല. നോട്ട് നിരോധനത്തിന് ശേഷം രാജ്യം കടന്ന് പോകുന്ന പ്രതിസന്ധികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചില്ല. സ്വയമൊരു സാമ്പത്തിക ശാസ്ത്രജ്ഞനായ അദ്ദേഹം അതിന് തയ്യാറാകേണ്ടതായിരുന്നു. ജുഡീഷ്യറിയിലെ പ്രശ്‌നങ്ങളെക്കുറിച്ചും മിണ്ടിയില്ലെന്ന് സഞ്ജയ് റാവത്ത് കുറ്റപ്പെടുത്തി.

ഈ മാസം ഏഴിനാണ് നാഗ്പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്ത് മുഖര്‍ജിയെത്തിയത്. ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതും ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയും ചേര്‍ന്നാണ് പ്രണാബിനെ സ്വീകരിച്ചത്. ആര്‍ എസ് എസ് സ്ഥാപകനായ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ ഭാരതാംബയുടെ മഹാനായ പുത്രനാണെന്ന് പ്രണാബ് മുഖര്‍ജി അഭിപ്രായപ്പെട്ടിരുന്നു. ഹെഡ്‌ഗേവാറിന്റെ ജന്മ സ്ഥലം സന്ദര്‍ശിച്ച ശേഷം സന്ദര്‍ശക പുസ്തകത്തിലാണ് പ്രണാബ് ഇതെഴുതിയത്.

തുടര്‍ന്ന് ആര്‍ എസ് എസ് ആസ്ഥാനത്തെ ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ ബഹുസ്വരത കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത മുഖര്‍ജി എടുത്തു പറഞ്ഞിരുന്നു.

മറുപടിയുമായി മകള്‍

ശര്‍മിഷ്ഠ മുഖര്‍ജി

ന്യൂഡല്‍ഹി: ശിവസേനക്ക് മറുപടിയുമായി പ്രണാബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി. രാഷ്ട്രപതിയായി വിരമിച്ച തന്റെ പിതാവ് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്ന പ്രശ്‌നമില്ലെന്ന് അവര്‍ വ്യക്തമാക്കി. ട്വിറ്റര്‍ വഴിയാണ് ശിവസേനയുടെ ആരോപണത്തിന് ശര്‍മിഷ്ഠ മറുപടി നല്‍കിയത്. നേരത്തേ ആര്‍ എസ് എസ് ആസ്ഥാനത്തെ ചടങ്ങില്‍ പങ്കെടുക്കാനുള്ള പ്രണാബിന്റെ തീരുമാനത്തെ ശര്‍മിഷ്ഠ ശക്തമായി വിമര്‍ശിച്ചിരുന്നു. അവിടെ എന്ത് പ്രസംഗിച്ചുവെന്ന് ജനം മറക്കുമെന്നും അവിടെ നിന്നുള്ള ചിത്രങ്ങള്‍ നിലനില്‍ക്കുമെന്നുമായിരുന്നു അവരുടെ ട്വീറ്റ്.
ആര്‍ എസ് എസ് മാതൃകയിലുള്ള തൊപ്പിവെച്ചും കൈ നെഞ്ചില്‍ വെച്ചുമുള്ള പ്രണാബിന്റെ വ്യാജ ചിത്രം പുറത്ത് വന്നപ്പോള്‍, താന്‍ ഭയപ്പെട്ടത് സംഭവിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് കൂടിയായ ശര്‍മിഷ്ഠ പ്രതികരിച്ചിരുന്നു.