പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് കാലതാമസം ഒഴിവാകുന്നു

ഇ- വി ഐ പി എല്ലാ ജില്ലകളിലേക്കും
Posted on: June 11, 2018 6:06 am | Last updated: June 10, 2018 at 11:25 pm
SHARE

തിരുവനന്തപുരം: പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് കാലതാമസം ഒഴിവാക്കി വേഗത്തില്‍ ലഭ്യമാകുന്നതിനുള്ള ഇ- വെരിഫിക്കേഷന്‍ പാസ്‌പോര്‍ട്ട് സംവിധാനം ഒരു മാസത്തിനകം എല്ലാ ജില്ലകളിലും നടപ്പാക്കും. ഇതിനുള്ള നിര്‍ദേശം ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കി.

പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിന് ഇപ്പോള്‍ 20 ദിവസം മുതല്‍ ഒരു മാസം വരെ സമയം വേണ്ടി വരുന്നുണ്ട്. കടലാസ് രഹിത ഡിജിറ്റല്‍ വര്‍ക്ക്ഫ്‌ളോയിലൂടെ ഇത് നാല് – അഞ്ച് ദിവസം വരെയായി കുറക്കുന്നതിന് ഇ വി ഐ പി ആപ്ലിക്കേഷന് കഴിയും.
പൈലറ്റ് അടിസ്ഥാനത്തില്‍ മലപ്പുത്ത് നേരത്തെ ഇത് നടപ്പാക്കിയിരുന്നു. പദ്ധതി വിജയമെന്ന് കണ്ട് കണ്ണൂര്‍, പാലക്കാട്, കോഴിക്കോട് റൂറല്‍, തൃശൂര്‍ റൂറല്‍, എറണാകുളം റൂറല്‍ എന്നീ അഞ്ച് പോലീസ് ജില്ലകളിലേക്ക് കൂടി ഇത് വ്യാപിപ്പിച്ചിരുന്നു. ഒരു മാസത്തിനകം മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. പുതിയ സംവിധാനം അനുസരിച്ച് അപേക്ഷകന്റെ വ്യക്തിഗത വിവരങ്ങള്‍ ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോക്ക് വെബ് ആപ്ലിക്കേഷന്‍ വഴി അയച്ച് കുറ്റകൃത്യങ്ങളില്‍ പങ്കാളിത്തമുണ്ടോയെന്ന് പരിശോധിക്കും.

തുടര്‍ന്ന് ഡിജിറ്റലായി ഈ ഫയല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് വഴി ഫീല്‍ഡ് വെരിഫിക്കേഷന്‍ ഓഫീസര്‍ക്ക് മൊബൈല്‍/ ലാപ്‌ടോപ്പ് ആപ്ലിക്കേഷന്‍ വഴി നല്‍കുന്നു. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മൊബൈല്‍/ ലാപ്‌ടോപ്പ് ആപ്ലിക്കേഷന്‍ വഴി തന്നെ റിപ്പോര്‍ട്ട് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന് നല്‍കും. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ ഡിജിറ്റല്‍ ഒപ്പോടുകൂടി വിദേശകാര്യ മന്ത്രാലയത്തിന്റെ ഇതിനായുള്ള വെബ്‌പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്നതോടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാകും.

നാല് – അഞ്ച് ദിവസമാണ് ഈ സംവിധാനം വഴി വെരിഫിക്കേഷന്‍ നടത്താന്‍ വേണ്ടതെന്നും സാങ്കേതിക വിദ്യ കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി ഇത് ഇനിയും കുറക്കാന്‍ കഴിയുമോയെന്ന് ശ്രമിക്കുന്നുണ്ടെന്നും ഡി ജി പി പറഞ്ഞു

ഈ സംവിധാനം നിലവില്‍ വരുന്നതിന് മുമ്പായി ആവശ്യമായ പരിശീലനം നല്‍കാന്‍ മലപ്പുറം, പാലക്കാട് ജില്ലാ പോലീസ് മേധാവിമാരെയും ആവശ്യമായ ഫണ്ട് നല്‍കുന്നതിന് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ ഡി ജി പി, ഡി ഐ ജി എന്നിവരെ ഡി ജി പി ചുമതലപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here