Connect with us

International

ഹൂത്തി മിസൈല്‍ ആക്രമണം; സഊദിയിലെ ജിസാനില്‍ മൂന്ന് പേര്‍ മരിച്ചു

Published

|

Last Updated

റിയാദ്: ആഭ്യന്തര സംഘര്‍ഷം തുടരുന്ന യമനില്‍ നിന്ന് ഹൂത്തി വിമതര്‍ വിക്ഷേപിച്ച മിസൈലുകള്‍ പൊട്ടിത്തെറിച്ച് തെക്കന്‍ സഊദി അറേബ്യയിലെ ജിസാന്‍ പ്രവിശ്യയില്‍ മൂന്ന് പേര്‍ മരിച്ചു. സഊദി മാധ്യമങ്ങള്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. വിമതര്‍ക്കെതിരെ രൂപവത്കരിച്ച അറബ് സഖ്യ സൈന്യത്തിന്റെ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികിയും മൂന്ന് സാധാരണക്കാരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പൗരന്മാരെ ലക്ഷ്യമാക്കി യമനിലെ ഹൂത്തികള്‍ സഊദിക്ക് നേരെ നിരന്തരം മിസൈലുകള്‍ വിക്ഷേപിക്കുന്നത് തുടരുകയാണെന്നും ഇവര്‍ക്ക് ഇറാനിലെ ശിയാ ഭരണകൂടത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ടെന്നും തുര്‍ക്കി അല്‍മാലികി ചൂണ്ടിക്കാട്ടി.

കുറച്ചു മാസങ്ങളായി സഊദിയെ ലക്ഷ്യമാക്കി ഹൂത്തികള്‍ മിസൈലുകള്‍ വിക്ഷേപിക്കുന്നത് അധികരിച്ചിട്ടുണ്ട്. ഇവയില്‍ പലതും സഊദി സൈന്യത്തിന്റെ മിസൈല്‍വേധ ഉപകരണങ്ങള്‍ വഴി ആകാശത്ത് വെച്ച് തന്നെ നശിപ്പിക്കുകയായിരുന്നു. ചില മിസൈലുകള്‍ തലസ്ഥാനമായ റിയാദില്‍ വരെ എത്തിയിരുന്നു.

സഊദിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച അറബ് സഖ്യ സൈന്യം 2015 മാര്‍ച്ച് മുതല്‍ യമനിലെ ശിയാ പിന്തുണയുള്ള ഹൂത്തികള്‍ക്കെതിരെ ആക്രമണം നടത്തിവരികയാണ്. അതേസമയം, വ്യോമാക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുന്നതിനാല്‍ സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സൈന്യത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ വിമര്‍ശവും ഉയരുന്നുണ്ട്. യമനിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ ഇതുവരെ പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.

Latest