Connect with us

International

ജോര്‍ദാന്‍ പ്രതിസന്ധിക്ക് പരിഹാരം തേടി അറബ് രാജ്യങ്ങള്‍ ഒരുമിക്കുന്നു

Published

|

Last Updated

അമ്മാന്‍: ജോര്‍ദാനിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തില്‍ അറബ് രാജ്യങ്ങള്‍ ഉച്ചകോടി വിളിച്ചുചേര്‍ക്കുന്നു. സഊദി അറേബ്യയായിരിക്കും ഉച്ചകോടിക്ക് ആഥിത്യം വഹിക്കുക. ഇന്‍കം ടാക്‌സ് വര്‍ധിപ്പിച്ച വിഷയത്തില്‍ ജോര്‍ദാനില്‍ ലക്ഷക്കണക്കിന് പേര്‍ പ്രതിഷേധ പരിപാടികളില്‍ ഏര്‍പ്പെട്ടിരിന്നു. ഈ ബില്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച മുന്‍ പ്രധാനമന്ത്രി ഹാനി മുല്‍കി രാജിവെക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു. ഇതിന് ശേഷം ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത ഉമര്‍ അല്‍റസ്സാസ് വിവാദമായ ഈ ബില്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ അറബ് രാജ്യങ്ങള്‍ ഉച്ചകോടിക്കൊരുങ്ങുന്നത്.

സഊദിയുടെ സല്‍മാന്‍ രാജാവ്, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍, കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ്, അബൂദാബി രാജകുമാരന്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ എന്നിവര്‍ ഉച്ചകോടിയില്‍ സംബന്ധിക്കും. ജോര്‍ദാന്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ആ രാജ്യത്തിന് സഹായകമാകുന്ന പദ്ധതികള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും. നേരത്തെ ജി സിസിയില്‍ നിന്ന് ജോര്‍ദാന് സഹായ ഫണ്ട് ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ ലഭ്യമായിട്ടില്ല. സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നും ഇന്‍കം ടാക്‌സ് ബില്‍ പരിഷ്‌കരിക്കാനുള്ള പദ്ധതിയില്‍ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസമായി ജോര്‍ദാനിലെങ്ങും പ്രതിഷേധം അരങ്ങേറിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹാനി മുല്‍ക് രാജിവെച്ച് പുറത്തുപോയത്.