യു എസ് ഇറക്കുമതി തീരുവ; പ്രതിസന്ധി രൂക്ഷമാകുന്നു

ജി7 ഉച്ചകോടി സംയുക്ത പ്രസ്താവന തള്ളി ട്രംപ്
Posted on: June 11, 2018 6:01 am | Last updated: June 10, 2018 at 10:43 pm
SHARE

പാരീസ്: അമേരിക്ക ഏര്‍പ്പെടുത്തിയ അധിക ഇറക്കുമതി തീരുവയെ ചൊല്ലിയുള്ള പ്രതിസന്ധികളുടെ ആഴം വര്‍ധിപ്പിച്ച് ജി7 ഉച്ചകോടി സമാപിച്ചു. തെറ്റായ പ്രസ്താവന എന്ന് ചൂണ്ടിക്കാട്ടി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ് അവതരിപ്പിച്ച സംയുക്ത പ്രമേയത്തെ അമേരിക്ക തള്ളുകയും ചെയ്തു. സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലിരുന്നാണ് സംയുക്ത പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്. കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ് ബലഹീനനാണെന്നും വിശ്വസിക്കാന്‍ കൊള്ളില്ലെന്നും സംയുക്ത പ്രസ്താവനയില്‍ നിന്ന് പിന്മാറുന്നതായും ട്രംപ് ട്വീറ്റ് ചെയ്തു. കാനഡ അമേരിക്കന്‍ കര്‍ഷകര്‍ക്കും ജോലിക്കാര്‍ക്കും കമ്പനികള്‍ക്കും മേല്‍ ശക്തമായ ഇറക്കുമതി തീരുവയാണ് നിലവില്‍ ചുമത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് തൊട്ട് മുമ്പ്, ജി7 രാജ്യങ്ങളിലെ മുഴുവന്‍ അംഗങ്ങളും സംയുക്ത പ്രസ്താവനയെ പിന്തുണക്കുന്നതായി ജസ്റ്റിന്‍ ട്രൂഡ് അവകാശപ്പെട്ടിരുന്നു.

കഴിഞ്ഞ മാസം 31ന് സ്റ്റീലിനും അലൂമിനിയത്തിനും അധിക ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തോട് അതേ രീതിയില്‍ തിരിച്ചടിക്കുമെന്നും ഇതിനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും കാനഡ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംയുക്ത പ്രമേയത്തെ ഫ്രാന്‍സും യൂറോപ്യന്‍ യൂനിയനും പൂര്‍ണമായും അംഗീകരിക്കുന്നതായി ട്രംപിനോടുള്ള പ്രതികരണമെന്ന നിലയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും തുറന്നടിച്ചു. ദേശീയ സുരക്ഷയുടെ പേരില്‍ കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അലൂമിനിയത്തിനും സ്റ്റീലിനും അധിക ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ നടപടി രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ജസ്റ്റിന്‍ ട്രൂഡ് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. ഈ പരാമര്‍ശം ട്രംപിനെ പ്രകോപിപ്പിച്ചുവെന്നാണ് ഇപ്പോഴത്തെ പ്രതികരണത്തില്‍ നിന്ന് മനസിലാകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.