Connect with us

Editorial

പോലീസ് കാര്യക്ഷമമാകാന്‍

Published

|

Last Updated

പോലീസിനെ നന്നാക്കാന്‍ ഡി ജി പി വീണ്ടും വടിയെടുക്കുകയാണ്. പ്രവര്‍ത്തനം സുതാര്യമാക്കാനും പെരുമാറ്റം മാന്യമാക്കാനും പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പോലീസിനെതിരെ നിരന്തര പരാതികള്‍ ഉയരുകയും ആഭ്യന്തരവകുപ്പിനെ പ്രതിരോധത്തിലാക്കുകയും സര്‍ക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഡി ജി പിയുടെ ഇടപെടല്‍. പോലീസ് വീഴ്ചകള്‍ സംഭവിച്ചപ്പോഴെല്ലാം ഇത്തരം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നതാണ്. എന്നിട്ടും പോലീസിനെതിരായ പരാതികള്‍ വര്‍ധിച്ചുവരുന്നത് കണക്കിലെടുത്താണ് പുതിയ നിര്‍ദേശങ്ങള്‍.

എടപ്പാള്‍ തിയേറ്ററിലെ പീഡനം, കോട്ടയത്തെ കെവിന്റെ മരണം, വരാപ്പുഴ കസ്റ്റഡി മരണം, എടത്തല പോലീസ് മര്‍ദനം തുടങ്ങി പോലീസിനെ പ്രതികൂട്ടിലാക്കിയ സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇതില്‍ മൂന്ന് സംഭവങ്ങളിലും പോലീസ് കൈക്കൂലി വാങ്ങിയെന്ന പരാതി ഉയര്‍ന്നിരുന്നു. ഇത് കൂടി പരിഗണിച്ചാണ് പോലീസ് സ്റ്റേഷനുകളിലെ അഴിമതി ഒഴിവാക്കാന്‍ എസ് പിമാര്‍ നേരിട്ട് ഇടപെടണമെന്ന് ഡി ജി പി ഇറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരിക്കുന്നത്. എസ് പിമാര്‍ പോലീസ് സ്റ്റേഷനുകളില്‍ രഹസ്യസന്ദര്‍ശനം നടത്തി അഴിമതിയുടെ സാധ്യതകള്‍ പരിശോധിച്ച് നടപടിയെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളില്‍ നിന്നും വാദികളില്‍ നിന്നും കൈക്കൂലി വാങ്ങി അന്വേഷണം വഴിതിരിച്ചുവിടുന്നത് തടയാന്‍ ഇത് സഹായിക്കും. വരാപ്പുഴ സംഭവത്തില്‍ പരാതിക്കാരില്‍ നിന്നും കെവിന്‍ കൊലപാതകത്തില്‍ ഭാര്യ നീനുവിന്റെ ബന്ധുക്കളില്‍ നിന്നും കൈക്കൂലി വാങ്ങിയതായി ആക്ഷേപമുയര്‍ന്നിരുന്നു. കെവിന്‍ കൊലപാതകത്തില്‍ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

സ്റ്റേഷനുകളിലെ സേവനങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ ഡി വൈ എസ് പി, എസ് പിമാരെ ബന്ധപ്പെടാന്‍ നിര്‍ദേശിക്കുന്ന പോസ്റ്ററുകള്‍ എല്ലാ സ്റ്റേഷനിലും പതിക്കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി പരാതി നല്‍കാനുള്ള വെബ്‌സൈറ്റ് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള മറ്റുരണ്ടു പോസ്റ്ററുകളും സ്റ്റേഷനില്‍ പതിക്കും. പരാതികളില്‍ കാര്യക്ഷമമായ നടപടിയെടുക്കാതെ ഒഴിവുകഴിവു പറയുന്നത് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കങ്ങള്‍.

പോലീസ് സ്റ്റേഷനുകളുടെ ചുമതല സി ഐമാര്‍ക്ക് നല്‍കിയതിനെ തുടര്‍ന്നുണ്ടായ അവ്യക്തതകള്‍ നീക്കാനും ഡി ജി പിയുടെ സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. പകുതിയിലധികം സ്റ്റേഷനുകളുടെ ചുമതല ഇതിനകം സി ഐ മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ എസ് ഐമാര്‍ തന്നെയാണ് സ്റ്റേഷന്‍ ചാര്‍ജ് വഹിക്കുന്നത്. ഇത്തരം സ്റ്റേഷനുകളുടെ മേല്‍നോട്ട ചുമതല ഡി വൈ എസ് പിമാര്‍ക്കായിരിക്കുമെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

കുറ്റകൃത്യങ്ങള്‍ തടയാന്‍ പട്രോളിംഗ് കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. കാല്‍ നടയായുള്ള പട്രോളിംഗ് മോട്ടോര്‍ സൈക്കിള്‍ പട്രോളിങ്, ജീപ്പ് പട്രോളിംഗ് തുടങ്ങിയവ ഫലപ്രദമാക്കണം. പട്രോളിംഗ് വേളകളില്‍ പൊതുജനങ്ങളോടുള്ള പെരുമാറ്റം പോലീസിനെപ്പറ്റി മതിപ്പ് വര്‍ധിപ്പിക്കും വിധമാകണം. ഡി വൈ എസ് പി, ജില്ലാ പോലീസ് മേധാവി തലങ്ങളില്‍ ഈ പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും സര്‍ക്കുലറിലുണ്ട്.

ഓരോ പ്രദേശത്തും പോലീസ് സാന്നിധ്യം ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ നിരന്തര പട്രോളിംഗ് സഹായിക്കും. ഇത് കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ ഇടവരുത്തുകയും ചെയ്യും. ചെറിയ യോഗങ്ങള്‍, ജാഥകള്‍, ഉത്സവങ്ങള്‍ എന്നിവിടങ്ങളിലും, ജനങ്ങള്‍ കൂടുന്ന കേന്ദ്രങ്ങളിലും, വിദ്യാലയങ്ങള്‍, ജംഗ്ഷനുകള്‍ എന്നിവിടങ്ങളിലും ക്രമസമാധാനപാലനത്തിനും പൊതുജനങ്ങള്‍ക്ക് ശല്യം ഉണ്ടാക്കുന്ന കേസുകള്‍ കണ്ടെത്തുന്നതിനും പകല്‍ സമയത്ത് രണ്ട് ഉദ്യോഗസ്ഥരടങ്ങുന്ന മോട്ടോര്‍ സൈക്കിള്‍ പട്രോളിംഗ് ഉപയോഗപ്പെടുത്തുക. ഗ്രാമീണ മേഖലകളില്‍ മറ്റ് പട്രോളിംഗിനൊപ്പം പട്ടണപ്രദേശങ്ങളിലും രാത്രികാല മോട്ടോര്‍ സൈക്കിള്‍ പട്രോളിംഗ് നടത്തുക-തുടങ്ങിയ നിര്‍ദേശങ്ങളും ഡി ജി പി മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രധാന കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്പപ്പോള്‍ എസ് പിമാരെ അറിയിക്കണമെന്നും ഇക്കാര്യത്തില്‍ വീഴ്ച്ച വരുത്തുന്നവരുടെ വിവരങ്ങള്‍ പോലീസ് മേധാവിയെ നേരിട്ട് അറിയിക്കണമെന്നും സര്‍ക്കുലറിലുണ്ട്. കെവിന്‍ കേസുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു നിര്‍ദേശം. കെവിനെ കാണാനില്ലെന്ന് ഭാര്യ നീനു പരാതി നല്‍കിയ സംഭവം തന്നില്‍ നിന്ന് മറച്ചുവെച്ചെന്ന് കോട്ടയം എസ് പിയായിരുന്ന മുഹമ്മദ് റഫീഖ് പരാതിപ്പെട്ടിരുന്നു.

കാണാതാകുന്നവരെക്കുറിച്ചുള്ള പരാതി ലഭിച്ചാല്‍ അന്വേഷണം ഉടന്‍ ആരംഭിക്കുന്നതിനൊപ്പം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് മറ്റൊരു സുപ്രധാന നിര്‍ദേശം. പരാതികളില്‍ അന്വേഷണം വൈകുന്നത് വലിയ തിരിച്ചടിയുണ്ടാക്കും. അന്വേഷണത്തിലെ കാലതാമസം പ്രതികള്‍ രക്ഷപ്പെടാനും ഇരക്ക് നീതി ലഭിക്കാതിരിക്കാനും കാരണമാകും.

കാണാതായതു സംബന്ധിച്ച പരാതികള്‍ ലഭിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഫോട്ടോയടക്കം കേരളത്തിന് അകത്തും പുറത്തുമുള്ള എല്ലാ സ്‌റ്റേഷനുകളിലും അറിയിക്കുകയും സൈബര്‍ സെല്ലിന്റേയും മറ്റ് സാങ്കേതികവിദ്യയുടേയും സഹായത്തോടെയുള്ള കുറ്റമറ്റ അന്വേഷണം നടത്തണമെന്നും ഡി ജി പി നിര്‍ദേശിക്കുന്നു. ഗംഭീരമായ നിര്‍ദേശങ്ങളാണിവ. അവ പ്രാവര്‍ത്തികമായാല്‍ പോലീസിന്റെ മുഖച്ഛായ തന്നെ മാറും.

Latest