Connect with us

Articles

പ്രണാബിന്റെ മെയ്‌വഴക്കങ്ങള്‍, കോണ്‍ഗ്രസിന്റെയും

Published

|

Last Updated

രാഷ്ട്രീയത്തില്‍ മെയ്‌വഴക്കം പ്രധാനമാണ്. അത് നന്നായി അറിയുന്നയാളാണ് മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി. രാഷ്ട്രീയ ജീവിതത്തിലൊരിക്കലേ മെയ്‌വഴക്കത്തിനൊപ്പിച്ച് അടവ് ഒക്കാതിരുന്നുള്ളൂ. 1984ല്‍ ഇന്ദിരാ ഗാന്ധിയുടെ വധത്തിന് ശേഷം. അക്കാലം ധനവകുപ്പ് കൈകാര്യം ചെയ്തിരുന്ന മുഖര്‍ജി, ഇനി പ്രധാനമന്ത്രി സ്ഥാനത്തേക്ക് താന്‍ തന്നെ യോഗ്യന്‍ എന്ന് നിശ്ചയിച്ചു. ഇന്ദിരയുടെ മകന്‍ രാജീവിനൊപ്പമേ പാര്‍ട്ടി നില്‍ക്കൂവെന്ന് ധരിച്ചില്ല. കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടിയുണ്ടാക്കി. അഞ്ച് വര്‍ഷത്തിന് ശേഷം, അത് കോണ്‍ഗ്രസില്‍ ലയിപ്പിച്ച് വഴക്കം വിട്ടിട്ടില്ലെന്ന് ഉറപ്പിച്ചു. പിന്നീടൊരിക്കലും മെയ്‌വഴക്കമില്ലാത്തതുകൊണ്ട് അടവ് തെറ്റിയിട്ടില്ല പ്രണാബ് മുഖര്‍ജിക്ക്. 1984ല്‍ ധനകാര്യ മന്ത്രിയായിരിക്കെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണറായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ്, 1991ല്‍ ധനമന്ത്രിയായപ്പോള്‍ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്റെ സ്ഥാനം വിമ്മിട്ടം കൂടാതെ സ്വീകരിക്കാന്‍ പ്രണാബ് മുഖര്‍ജി തയ്യാറായത് അതുകൊണ്ടാണ്. 2004ല്‍ ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായപ്പോള്‍ കാബിനറ്റില്‍ രണ്ടാം സ്ഥാനം സ്വീകരിച്ചതിന്റെ കാരണവും മറ്റൊന്നല്ല. ഇടയാന്‍ വെമ്പി നിന്ന ഇടതുപക്ഷത്തെ നാല് കൊല്ലക്കാലം കൂടെ നിര്‍ത്തിക്കൊണ്ട് സാമ്പത്തിക പരിഷ്‌കരണ നടപടികളുമായി മുന്നോട്ടുപോകാന്‍ ഒന്നാം യു പി എ സര്‍ക്കാറിനെ പ്രാപ്തമാക്കിയതും അമേരിക്കയുമായി ആണവ സഹകരണ കരാറിന്റെ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോയതും ഈ മെയ്‌വഴക്കം തന്നെ. പ്രധാനമന്ത്രി സ്ഥാനത്ത് ഡോ. മന്‍മോഹന്‍ സിംഗും യു പി എ അധ്യക്ഷ സ്ഥാനത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുമിരിക്കെ, ദേശീയ രാഷ്ട്രീയത്തിന്റെ കേന്ദ്ര സ്ഥാനത്ത് പ്രണാബ് കുമാര്‍ മുഖര്‍ജി വിരാജിച്ചു.

കാളീ പൂജ മുടക്കാത്ത ബ്രാഹ്മണ്യമാണ് ഇപ്പോഴും. അതുപക്ഷേ രാഷ്ട്രീയത്തിലുണ്ടാകരുതെന്ന നിഷ്ഠയുണ്ടായിരുന്നു. അതുകൊണ്ടാണ് സ്വന്തം പാര്‍ട്ടിയെന്ന പരീക്ഷണം പരാജയമെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയത്. സംഘ് പരിവാര്‍ രാഷ്ട്രീയത്തിലേക്ക് ഒരിക്കലും ചാഞ്ഞിരുന്നില്ല. ബി ജെ പിയെ അധികാരത്തിന് പുറത്തിരുത്താന്‍ സകല പാര്‍ട്ടികളെയും കൂട്ടിക്കെട്ടാന്‍ മുന്‍കൈ എടുത്തത്, മതനിരപേക്ഷ രാഷ്ട്രീയത്തില്‍ അടിയുറച്ചതുകൊണ്ടാണ്. പ്രധാനമന്ത്രി സ്ഥാനം നല്‍കാന്‍ സാധിക്കാതെ പോയതിന്റെ ഖേദം, രാഷ്ട്രപതി സ്ഥാനം നല്‍കി തീര്‍ത്തു കോണ്‍ഗ്രസ്. അതിനു പകരം പ്രണാബിനെ പ്രധാനമന്ത്രിയാക്കിയിരുന്നുവെങ്കില്‍ ഇത്ര കനത്ത പരാജയം കോണ്‍ഗ്രസിനും യു പി എക്കും ഏല്‍ക്കേണ്ടിവരുമായിരുന്നില്ലെന്ന് അന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പാടി. അത്രക്കുണ്ടായിരുന്നു പ്രണാബിനെക്കുറിച്ചുള്ള മതിപ്പ്.

രാഷ്ട്രപതി ഭവനില്‍ നിന്ന് അടിത്തൂണ്‍ പറ്റിയാല്‍ പിന്നെ, സജീവ രാഷ്ട്രീയം പതിവില്ല. അതാണ് ഇന്ത്യന്‍ യൂനിയനിലെ നാട്ടുനടപ്പ്. ശിഷ്ടകാലം ചിന്തയും എഴുത്തും ഉദ്‌ബോധനവും. അതിലൊട്ടും പിന്നിലല്ല പ്രണാബ് മുഖര്‍ജി. നാഗ്പൂരില്‍ രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ആസ്ഥാനത്തെത്തി പ്രചാരകരെ ഉദ്‌ബോധിപ്പിക്കാമെന്ന് തീരുമാനിച്ചത് അതുകൊണ്ടാകണം. അതോ തന്നെ ആസ്ഥാനത്തേക്ക് ക്ഷണിക്കാന്‍ ആര്‍ എസ് എസ് തീരുമാനിച്ചത്, ഒരു ബഹുമതിയായി കണക്കാക്കിയുണ്ടാകുമോ? രണ്ടായാലും നേട്ടമുണ്ടായത് സംഘ്പരിവാരത്തിനാണെന്ന് നിസ്സംശയം പറയാം. രാജ്യത്തിന്റെ ബഹുസ്വര പാരമ്പര്യത്തെക്കുറിച്ചും അത് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സഹിഷ്ണുത പുലര്‍ന്നു കാണേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചുമൊക്കെയാണ് സംസാരിച്ചത്. ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുള്ള ജനാധിപത്യ സമ്പ്രദായത്തിന്റെ മനോഹാരിതയെക്കുറിച്ച്, അതിനെ അര്‍ഥ സമ്പുഷ്ടമാക്കുന്ന ഭരണഘടനയെക്കുറിച്ച്, ജനങ്ങളുടെ സന്തോഷം ഭരണകൂടത്തിന്റെ സന്തോഷമാകുന്ന ഉദാത്ത സങ്കല്‍പ്പത്തെക്കുറിച്ച് ഒക്കെ ഉദ്‌ബോധിപ്പിച്ചു. ഏതാണ്ട് വിശാലമായിത്തന്നെ. അതുകൊണ്ട് എന്ത് കാര്യം? പോത്തിന്റെ ചെവിയില്‍ വേദമോതിയിട്ട് എന്തു കാര്യമെന്ന് പണ്ടുള്ളവര്‍ ചോദിച്ചിരുന്നത്, പോത്തുകളോടുള്ള സകല ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് ചോദിക്കേണ്ടി വരും.

ഇവിടുത്തെ വേദമോതല്‍ കൊണ്ട്, നേരിട്ട് കേട്ടവര്‍ക്കൊന്നും മാറ്റമുണ്ടാകാനില്ല. സമുഹത്തെ വര്‍ഗീയമായി വിഭജിച്ച്, ഹിന്ദു രാഷ്ട്ര സ്ഥാപനമെന്ന ലക്ഷ്യം നേടിയെടുക്കാനുള്ള ശ്രമം അവര്‍ തുടരുക തന്നെ ചെയ്യും. വര്‍ഗീയ ധ്രുവീകരണം സാധ്യമാക്കുന്നതിന് സ്വീകരിക്കാവുന്ന ഏത് മാര്‍ഗവും സ്വീകരിക്കും. നുണ പ്രചരിപ്പിക്കുന്നതില്‍ തുടങ്ങി വംശഹത്യാ ശ്രമം വരെയുള്ള വിവിധ മാര്‍ഗങ്ങള്‍. ആ മാര്‍ഗം സ്വീകരിക്കാന്‍ പാകത്തില്‍ സംഘടനയെ സജ്ജമാക്കിയ നേതാവിനെ മഹാത്മാവായ ഇന്ത്യക്കാരനെന്ന് വിശേഷിപ്പിക്കുമ്പോള്‍, ആറ് പതിറ്റാണ്ട് പിന്നിട്ട മതനിരപേക്ഷ രാഷ്ട്രീയത്തെ സ്വയം റദ്ദുചെയ്യുകയാണ് പ്രണാബ് കുമാര്‍ മുഖര്‍ജി. കാളീ പൂജ മുടക്കാത്ത ബ്രാഹ്മണ്യം മൃദു ഹിന്ദുത്വത്തിന്റേതു കൂടിയായിരുന്നുവെന്ന് ലോകത്തെ അറിയിക്കുകയാണ്. ഈ അറിയിക്കലാണ് ആര്‍ എസ് എസ് ലക്ഷ്യമിട്ടത്. വേദമോതലല്ല, നാഗ്പൂരിലെ ആസ്ഥാനത്തെ സാന്നിധ്യമാണ് ജനത്തെ സ്വാധീനിക്കുന്ന ആയുധമെന്ന് അവര്‍ നേരത്തെ മനസ്സിലാക്കി.

താന്‍ എന്ത് പറയുന്നുവെന്നത് മാത്രമല്ല, ഏത് വേദിയില്‍ നിന്ന് പറയുന്നുവെന്നത് കൂടി പ്രധാനമാണെന്ന് മനസ്സിലാക്കാനുള്ള രാഷ്ട്രീയ ബോധം ഇല്ലാത്തയാളാണോ പ്രണാബ് മുഖര്‍ജി? അല്ലെന്ന് നിസ്സംശയം പറയാം. ആര്‍ എസ് എസിന്റെ ക്ഷണം സ്വീകരിച്ചതിനെ കോണ്‍ഗ്രസിലെ നേതാക്കള്‍ തന്നെ വിമര്‍ശിച്ചപ്പോള്‍ താനവിടെ എന്താണ് പറയുന്നത് എന്ന് കേട്ടിട്ട് നിശ്ചയിക്കൂ എന്നായിരുന്നു മറുപടി. നാഗ്പൂരിലെ തന്റെ സാന്നിധ്യം, സംഘ്പരിവാറിന് എത്ര ശക്തമായ പ്രചാരണായുധമാണ് നല്‍കുക എന്ന് മനസ്സിലാകാത്തയാളുമല്ല പ്രണാബ് മുഖര്‍ജി. എന്നിട്ടും ആര്‍ എസ് എസ് ആസ്ഥാനത്ത് പോകാന്‍ തീരുമാനിച്ചപ്പോള്‍, രാജ്യത്തെ പ്രധാനപ്പെട്ട സാംസ്‌കാരിക കേന്ദ്രങ്ങളിലൊന്നാണ് നാഗ്പൂരിലേത് എന്ന് ജനത്തോട് പറയുകയായിരുന്നു അദ്ദേഹം. വിരുദ്ധാഭിപ്രായങ്ങളെപ്പോലും സഹിഷ്ണുതയോടെ സ്വീകരിക്കാന്‍ സന്നദ്ധമാകുന്ന ഇടമാണ് ആര്‍ എസ് എസ് ആസ്ഥാനമെന്നും പറയാതെ പറഞ്ഞു പ്രണാബ് മുഖര്‍ജി. സന്ദര്‍ശനത്തെ ഏത് വിധത്തിലായിരിക്കും സംഘ്പരിവാരം ഉപയോഗിക്കുക എന്ന് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി മുന്‍കൂര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അവ്വിധം തന്നെ കാര്യങ്ങള്‍ നടന്നുവെന്ന് സംഘശീലങ്ങളനുസരിച്ചുന്ന പ്രണാബിന്റെ ചിത്രം ഫോട്ടോഷോപ്പിലൂടെ സൃഷ്ടിച്ച് പ്രചരിപ്പിച്ചപ്പോള്‍ ബോധ്യമായിട്ടുണ്ടാകും. അത്തരം പ്രചാരണങ്ങളുണ്ടാകുമെന്ന് അറിയാതെ പോയവര്‍ക്കല്ലേ വൈകിയുള്ള ബോധ്യപ്പെടലിന്റെ ആവശ്യമുള്ളൂ.

ഭഗത് സിംഗ് മുതല്‍ അംബേദ്കര്‍ വരെയുള്ളവരെ സംഘ് ബന്ധുക്കളോ നേതാക്കളോ ആയി അവതരിപ്പിക്കാന്‍ മടിക്കാത്തവരുടെ കൈയിലെ പാവയാകാന്‍ തീരുമാനമെടുക്കുമ്പോള്‍, അതങ്ങനെ അബദ്ധത്തില്‍ സംഭവിക്കുന്നതല്ല, ആ വേദിയില്‍ പോയി സ്വന്തം നിലപാട് ഉറപ്പിച്ചുപറയുന്നത് വീരത്വമാണെന്ന മിഥ്യാ ധാരണ കൊണ്ടുമല്ല. മതനിരപേക്ഷ വ്യക്തിത്വത്തില്‍ ചെളിതെറിക്കാതെ തന്നെ സംഘ് പരിവാറിനൊരു സഹായം ചെയ്യുക എന്ന തന്ത്രമായി മാത്രമേ പ്രണാബിന്റെ നാഗ്പൂര്‍ സന്ദര്‍ശനത്തെയും ഹെഡ്‌ഗേവാര്‍ പ്രശംസയെയും കാണാനാകൂ. ജനാധിപത്യം, സഹിഷ്ണുത, ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം, ബഹുസ്വരതയുടെ നിലനില്‍പ്പ് എന്നിവയെക്കുറിച്ചൊക്കെ വാചാലനാകുമ്പോഴും ദേശം, ദേശീയത, ദേശസ്‌നേഹം എന്നിത്യാദികളെ നിര്‍വചിക്കാനാണ് മുന്‍ രാഷ്ട്രപതി ആദ്യം ശ്രമിച്ചത്. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ നേതാക്കള്‍ കാലങ്ങളായി നല്‍കുന്ന നിര്‍വചനത്തോട് ഏറെയൊന്നും ഭിന്നമായിരുന്നില്ല, മുന്‍ രാഷ്ട്രപതിയുടേത് എന്നത് പ്രത്യേകം ഓര്‍ക്കണം. ദേശം, ദേശീയത, ദേശസ്‌നേഹം എന്നിവയെ നിര്‍വചിച്ച ശേഷം പ്രണാബ് നല്‍കിയ ഉപദേശ നിര്‍ദേശങ്ങളൊക്കെ, സംഘ്പരിവാര്‍ ലക്ഷ്യമിടുന്ന രാഷ്ട്രത്തിന് എതിരെ പ്രവര്‍ത്തിക്കുന്നവരെ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നാണ് ഇപ്പോള്‍ നടത്തുന്ന പ്രചാരണം. അതായത്, ഭൂരിപക്ഷ സമുദായത്തിന്റെയാകെ പ്രതിനിധികളെന്ന് അവകാശപ്പെട്ട് സംഘ്പരിവാര്‍ നടപ്പാക്കുന്ന വര്‍ഗീയ അജന്‍ഡകളെ എതിര്‍ക്കുന്നതാണ് അസഹിഷിണുതയെന്നും അത്തരം സംഗതികളില്‍ സഹിഷ്ണുത വേണമെന്നാണ് മുന്‍ രാഷ്ട്രപതി ആഹ്വാനം ചെയ്തതെന്നുമാണ് വ്യാഖ്യാനം. ഈ വ്യാഖ്യാന സാധ്യതക്ക് വേണ്ടിയാണ് അവര്‍ പ്രണാബിനെ ക്ഷണിച്ചതും.

ഇതൊരു ഒറ്റപ്പെട്ട സംഗതിയാണെന്ന് കരുതുക വയ്യ, പ്രത്യേകിച്ച് പ്രണാബിന്റെ കോണ്‍ഗ്രസ് പാരമ്പര്യം കണക്കിലെടുക്കുമ്പോള്‍. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ സൃഷ്ടിയിലേക്ക് നയിച്ച ഹിന്ദുത്വ ആശയങ്ങള്‍ ഉരുവമെടുക്കുന്നത് കോണ്‍ഗ്രസില്‍ നിന്നാണ്. ഹിന്ദുക്കളിലെ വരേണ്യ വിഭാഗത്തിന് ആധിപത്യമുള്ള അധികാര ഘടന പാര്‍ട്ടിയില്‍ (കോണ്‍ഗ്രസില്‍) ഉണ്ടാകണമെന്ന ഒരു വിഭാഗത്തിന്റെ (അതില്‍ തീവ്രവും മൃദുവുമൊക്കെയുണ്ട്) നിര്‍ബന്ധ ബുദ്ധിയുടെ തുര്‍ച്ചയായി വേണം ഹിന്ദു രാഷ്ട്രമെന്ന സങ്കല്‍പ്പം മുന്‍നിര്‍ത്തിയുള്ള വര്‍ഗീയ ഫാസിസത്തെ കാണാന്‍. അത് മനസ്സിലാക്കിയ ശേഷവും അതിനൊപ്പം നില്‍ക്കുകയോ അതിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കുകയോ വളര്‍ച്ചക്കുള്ള വിഘാതങ്ങളെ ഇല്ലാതാക്കിക്കൊടുക്കുകയോ ചെയ്തവര്‍ കുറവല്ല. ഗോവിന്ദ് വല്ലഭ് പന്ത് മുതല്‍ സര്‍ദാര്‍ പട്ടേല്‍ വരെയുള്ളവരുടെ സംഭാവനകള്‍ ചെറുതല്ല.

അധികാരത്തിനായി മൃദു ഹിന്ദുത്വ നിലപാട് സ്വീകരിച്ചതായിരുന്നു അധികാരമുള്ള കാലത്തോളം കോണ്‍ഗ്രസിന്റെ ചരിത്രം. ഹിന്ദുക്കള്‍ക്ക് ആരാധന നടത്താന്‍ ബാബ്‌രി മസ്ജിദ് തുറന്നുകൊടുത്ത രാജീവ് ഗാന്ധിയും കര്‍സേവയെന്ന പേരില്‍ മസ്ജിദ് തകര്‍ക്കാന്‍ അവസരമുണ്ടാക്കിയ പി വി നരസിംഹ റാവുവും ഭിന്നരല്ല. ഏറ്റവുമൊടുവില്‍ 2014ലെ തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തിയപ്പോള്‍ എ കെ ആന്റണി കണ്ടെത്തിയത്, ന്യൂനപക്ഷ പ്രീണനം നടത്തുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ് ചിത്രീകരിക്കപ്പെട്ടത് പരാജയകാരണമായെന്നാണ്. നരേന്ദ്ര മോദിയുടെ വിജയം ഭാരതീയതയുടെ വിജയമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി വിലയിരുത്തുമ്പോഴും ലീനമായിരിക്കുന്ന ഹിന്ദുത്വ വികാരമാണ് പുറത്തേക്ക് വരുന്നത്. ഏറ്റവുമൊടുവില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ക്ഷേത്രങ്ങളില്‍ നിന്ന് തുടങ്ങാന്‍ തീരുമാനിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ചെയ്യുന്നതും മറ്റൊന്നല്ല. തീവ്ര ഹിന്ദുത്വ അജന്‍ഡയെ, അതിലൂടെ പ്രാബല്യത്തില്‍ വരുത്താന്‍ ലക്ഷ്യമിടുന്ന വര്‍ഗീയ ഫാസിസത്തെ, ജനങ്ങളെ ബോധ്യപ്പെടുത്തി സംഘ്പരിവാരത്തെ അധികാരത്തിന് പുറത്തിരുത്താന്‍ ത്രാണിയില്ലാത്ത പാര്‍ട്ടിയും അതിന്റെ നേതാക്കളും മൃദു ഹിന്ദുത്വത്തെ കൂട്ടുപിടിച്ച് അധികാരമുറപ്പാക്കാന്‍ ശ്രമിക്കും. അത് ഭാവിയില്‍ ഉണ്ടാക്കാന്‍ ഇടയുള്ള വലിയ അപകടത്തെ (ആ അപകടത്തിന്റെ അത്ര ലഘുവല്ലാത്ത രൂപമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്) അവര്‍ക്ക് കണക്കിലെടുക്കാനാകില്ല.

കോണ്‍ഗ്രസിന്റെ ആ മെയ്‌വഴക്കം കൂടി പ്രകടിപ്പിക്കുകയാണ് പ്രണാബ് മുഖര്‍ജി. സംഘ്പ്രചാരകര്‍ക്ക് വേദമോതിക്കൊടുത്തുവെന്ന സംതൃപ്തി അദ്ദേഹത്തിന്. ആ സാന്നിധ്യം സമ്മാനിച്ച പ്രചാരണായുധത്തിന്റെ തിളക്കം ആര്‍ എസ് എസ്സിന്. ഇനിയങ്ങോട്ട് സ്ഥാനങ്ങളൊന്നും മോഹിക്കാനില്ലാത്തതിനാല്‍ മുന്‍ രാഷ്ട്രപതിയുടേതൊരു നിസ്വാര്‍ഥ സേവനമെന്ന് നിസ്സംശയം പറയാം.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest