Connect with us

Articles

റമസാന്‍ വ്രതത്തിന്റെ സത്ത

Published

|

Last Updated

പ്രപഞ്ചനാഥനായ അല്ലാഹുവിന് ആരാധിക്കാനല്ലാതെ മാനവകുലത്തെയും ജിന്ന് വംശത്തെയും സൃഷ്ടിച്ചിട്ടില്ലെന്ന് ഖുര്‍ആന്‍ ശരീഫിലൂടെ അല്ലാഹു അറിയിച്ചിട്ടുണ്ട്. ആരാധനയുടെ കാതലായ ഭാഗം തഖ്‌വയാണ്; അഥവാ ദോഷബാധയെ സൂക്ഷിച്ചുകൊണ്ടുള്ള ഭയഭക്തി. ഇത് ഉളവാകുന്നത് അല്ലാഹുവിന്റെ ആജ്ഞകളെയും നിരോധനങ്ങളെയും ശിരസ്സാ വഹിക്കലിലൂടെയാണ്. വെള്ളിയാഴ്ച ദിവസം ഖുതുബയുടെ നിര്‍ബന്ധ ഘടകങ്ങളിലൊന്ന് ഖത്തീബുള്‍പ്പെടെയുള്ള മാനവ സമൂഹം തഖ്‌വയുള്ളവരാകണം എന്ന് നിര്‍ദേശിക്കലാണ്. ഇത് ആഴ്ചതോറും ഓര്‍മിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

മതിമറന്ന് പോകുന്ന സുഖലോലുപതയില്‍ നിന്ന് മുക്തമായാലേ തഖ്‌വ സംജാതമാകുകയുള്ളൂ. “റമസാന്‍ വ്രതം നിങ്ങളുടെ മുന്‍ഗാമികള്‍ക്കുള്ളതു പോലെ നിങ്ങള്‍ക്കും നിര്‍ബന്ധമാക്കിയത് നിങ്ങള്‍ തഖ്‌വയുള്ളവരാകാന്‍ വേണ്ടിയാണ്” എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. എങ്ങനെയാണ് വ്രതത്തിലൂടെ ഭയഭക്തിയുളവാകുന്നത്? ഇഷ്ടാനുസൃതം ഭുജിക്കുകയും പാനം ചെയ്യുകയും ചെയ്തിരുന്ന മനുഷ്യര്‍ പകല്‍ മുഴുവന്‍ അവ ത്യജിക്കുക. വൈകാരിക ആഗ്രഹങ്ങള്‍ വ്രത സമയത്ത് ത്യജിക്കുക. ഇങ്ങനെ ശരീരേച്ഛകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനാല്‍ തഖ്‌വ ഉളവാകുന്നു. അങ്ങനെ ആത്മവിനും കൂടി സംസ്‌കാരം കൈവരുന്നു.

അഞ്ച് നേരം നിര്‍ബന്ധമായുള്ള നിസ്‌കാരം നോക്കൂ. വ്രതം നഷ്ടപ്പെടുന്ന ഏത് പ്രവൃത്തിയാലും നിസ്‌കാരം നഷ്ടപ്പെടുന്നു. അപ്പോള്‍ നിസ്‌കാരത്തിലും ഈ വ്രതത്തിന്റെ അവസ്ഥ നിലനില്‍ക്കുന്നു എന്ന് പറയാം. ഇത് നിത്യേന അഞ്ച് സമയങ്ങളിലും അനുഭവപ്പെടുന്നു.

എങ്കില്‍ സുഖലോലുപതക്ക് കടിഞ്ഞാണിടുന്നതിന് കൂടി അല്ലാഹു(സു) മനുഷ്യന് അവതരിപ്പിച്ചതാണ് ഖുര്‍ആന്‍ ശരീഫ്. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട പരിശുദ്ധ മാസം പകല്‍ സമയമാസകലം വ്രതം അനുഷ്ഠിക്കുക വഴി തഖ്‌വ നിലനില്‍ക്കുന്നു.

നിസ്‌കാരത്തിന്റെ പ്രാരംഭത്തില്‍ തഖ്ബീറത്തുല്‍ ഇഹ്‌റാമില്‍ അല്ലാഹു അക്ബര്‍(അല്ലാഹു ഏറ്റവും വലിയവന്‍) എന്ന് ഉച്ചരിക്കുമ്പോള്‍ നിസ്‌കരിക്കുന്ന ഈ ഞാന്‍ ഏറ്റവും ദാസന്‍ എന്ന് സമ്മതിക്കുകയാണ്. അതുകൊണ്ടത്രേ നിസ്‌കാരത്താല്‍ മനുഷ്യന്‍ തെറ്റുകുറ്റങ്ങളില്‍ മുക്തമാകുമെന്ന് പറയുന്നത്. ഇത് അല്ലാഹു തന്നെ പഠിപ്പിച്ചിട്ടുണ്ട്. “”നിശ്ചയം ശരിയായ നിസ്‌കാരം നിഷിദ്ധകാര്യങ്ങളില്‍ നിന്നും ദുഷ്‌ചെയ്തികളില്‍ നിന്നും നിങ്ങളെ മുക്തമാക്കും.”

ഭയഭക്തിയില്‍ അധിഷ്ഠിതമായ വ്രതം, നിസ്‌കാരം തുടങ്ങിയവ നിര്‍വഹിക്കാന്‍ ആഹാര സമ്പാദനത്തിനുള്ള തൊഴില്‍, വ്യാപാരം, നിദ്ര, വിശ്രമം, ആദിയായവ കൂടിയേ കഴിയൂ എന്ന് വരുമ്പോള്‍ അതും ആരാധന തന്നെ. പക്ഷേ, നിയ്യത്ത് നന്നാകണമെന്ന് മാത്രം. “ഇവയെല്ലാം നിനക്കാരാധിക്കാനാണ് ഞാന്‍ ചെയ്യുന്നത്” എന്ന് തന്നെ കരുതുകയും വേണം. ഇവയിലെല്ലാം സുഖലോലുപതയില്ലെന്ന ശ്രദ്ധ അനിവാര്യം.
അല്ലാഹു നാമേവരെയും ഭയത്തിലഷ്ഠിതമായ വ്രതാനുഷ്ഠാനികളും അതിന്റെ ഫലം പാരത്രിക ലോകത്ത് ആസ്വദിക്കുന്നവരുമായ സൗഭാഗ്യരില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ… ആമീന്‍.

Latest