കിംഗ് നദാല്‍

Posted on: June 10, 2018 10:06 pm | Last updated: June 11, 2018 at 12:11 am
SHARE

പാരിസ്: കളിമണ്‍ കോര്‍ട്ടിലെ ഇതിഹാസം റാഫേല്‍ നദാല്‍ പതിനൊന്നാം തവണയും ഫ്രഞ്ച് ഓപണ്‍ ഗ്രാന്‍സ്ലാമില്‍ ചുംബിച്ചു. ഫൈനലില്‍ ഡൊമിനിക് തീമിനെ നേരിട്ട സെറ്റുകള്‍ക്ക് (6-4,6-3,6-2) പരാജയപ്പെടുത്തി. മുപ്പത്തിരണ്ടാം വയസിലാണ് നദാല്‍ കരിയറിലെ പതിനേഴാം ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയത്. 20 ഗ്രാന്‍സ്ലാമുകള്‍ നേടിയ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ ആണ് മുന്നിലുള്ളത്.

ഒരു ഗ്രാന്‍സ്ലാം ടൂര്‍ണമെന്റ് ഏറ്റവും കൂടുതല്‍ ജയിച്ച ആസ്‌ത്രേലിയയുടെ മാര്‍ഗരെറ്റ് കോര്‍ട്ടിന്റെ റെക്കോര്‍ഡിനൊപ്പമെത്തി നദാല്‍.
ഫ്രഞ്ച് ഓപണില്‍ 88 മത്സരങ്ങളില്‍ രണ്ട് തോല്‍വി മാത്രമാണ് നദാലിന്റെ എക്കൗണ്ടിലുള്ളത്. കളിമണ്‍ പ്രതലത്തില്‍ നടക്കുന്ന ഏക ടെന്നീസ് ഗ്രാന്‍സ്ലാം ടൂര്‍ണമെന്റാണ് ഫ്രഞ്ച് ഓപണ്‍. പതിനൊന്നാം കിരീടം നേടിക്കൊണ്ട് കളിമണ്‍ കോര്‍ട്ടിലെ എക്കാലത്തേയും ഇതിഹാസമെന്ന് നദാല്‍ ഒരിക്കല്‍ കൂടി അടയാളപ്പെടുത്തി.

ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള നദാല്‍ വിരലിനേറ്റ പരുക്ക് വകവെക്കാതെയാണ് ഫൈനല്‍ പൂര്‍ത്തിയാക്കിയത്. 1968 ല്‍ പ്രഥമ ഫ്രഞ്ച് ഓപണ്‍ ജേതാവായ ആസ്‌ത്രേലിയയുടെ കെന്‍ റോസ് വാളാണ് നദാലിന് ട്രോഫി സമ്മാനിച്ചത്. ഏറ്റുവാങ്ങുമ്പോള്‍ നദാല്‍ വിതുമ്പി. ഇത് പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത വികാരമാണ്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഫോമില്‍ കളിച്ചത് ഫൈനലിലാണ്. ഇത് എന്നെ അത്ഭുതപ്പെടുത്തി, ഞാന്‍ സന്തോഷവാനാണ് – നദാല്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here