Connect with us

Ongoing News

കപ്പുയര്‍ത്തി ഇന്ത്യ

Published

|

Last Updated

മുംബൈ: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യ ചാമ്പ്യന്‍മാര്‍. ഫൈനലില്‍ കെനിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് രണ്ട് ഗോളുകളും നേടിയത്. നൂറ്റിരണ്ടാം അന്താരാഷ്ട്ര മത്സരത്തില്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയ ഛേത്രി അന്താരാഷ്ട്ര ഗോളടിയില്‍ മെസിയുടെ റെക്കോര്‍ഡിനൊപ്പമെത്തി. ടൂര്‍ണമെന്റില്‍ ഇന്ത്യ നേടിയ പതിനൊന്ന് ഗോളുകളില്‍ എട്ടും നേടിയത് ഛേത്രിയാണ്.

തൊട്ട് മുന്നിലുള്ളത് ദ്രോഗ്ബ

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ മെസിക്കൊപ്പമെത്തി ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രി. ഫൈനലില്‍ രണ്ട് ഗോളുകള്‍ നേടിയതോടെ ഛേത്രി 64 ഗോളുകളായി.

ഇന്റര്‍കോണ്ടിനെന്റല്‍ ടൂര്‍ണമെന്റില്‍ ഛേത്രി ഹാട്രിക്ക് ഉള്‍പ്പടെ ഏഴ് ഗോളുകളാണ് നേടിയത്. ഛേത്രിയുടെ നൂറ്റിരണ്ടാമത് രാജ്യാന്തരമത്സരമായിരുന്നു ഇത്.

സജീവ ഫുട്‌ബോളിലുള്ളവരില്‍ 150 മത്സരങ്ങളില്‍ നിന്ന് 81 ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഇവര്‍ക്ക് മുന്നിലുള്ളത്. 104 മത്സരങ്ങളില്‍ 65 ഗോളുകള്‍ നേടിയ ഐവറികോസ്റ്റ് സ്‌ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്ബയാണ് തൊട്ട് മുന്നിലുള്ളത്.

മത്സരവും ഗോളുകളും തമ്മിലുള്ള ശരാശരിയില്‍ മെസിയേക്കാള്‍ മുന്നിലാണ് ഛേത്രി. ഒരു മത്സരത്തില്‍ 0.62 ഗോള്‍ എന്നതാണ് ഛേത്രിയുടെ കണക്കെങ്കില്‍ മെസിയുടേത് 0.52 ആണ്. ക്രിസ്റ്റിയാനോയുടേത് 0.54 ആണ്.

ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍ സുനില്‍ ഛേത്രിയുടെ ലോകകപ്പ് അഭിമുഖം…

ലോകകപ്പ് ഫുട്‌ബോള്‍ നല്‍കുന്ന ഓര്‍മകള്‍…

കുടുംബത്തോടൊപ്പമാണ് മത്സരങ്ങള്‍ കണ്ടത്. കഴിഞ്ഞ കുറച്ച് ലോകകപ്പുകള്‍ അങ്ങനെയല്ലായിരുന്നു. 1998 ലോകകപ്പ് ഒരിക്കലും മറക്കില്ല. സിദാന്റെ രണ്ട് മനോഹരമായ ഗോളുകള്‍ ഫ്രാന്‍സിനെ ചാമ്പ്യന്‍മാരാക്കി. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു ആ ലോകകപ്പ്. അച്ഛനും അമ്മക്കും ഒപ്പമിരുന്നായിരുന്നു കളി കണ്ടത്. നല്ല നിമിഷങ്ങള്‍, ഓര്‍മകള്‍.

കപ്പ് ആര് നേടും ?

ജര്‍മനി, സ്‌പെയിന്‍, ബ്രസീല്‍, ഇംഗ്ലണ്ട് ഈ നാല് ടീമുകളാണ് എന്റെ ഫേവറിറ്റ്. ഫ്രാന്‍സിനും ബെല്‍ജിയത്തിനും മികച്ച സ്‌ക്വാഡുണ്ട്. പോര്‍ച്ചുഗലിനും അര്‍ജന്റീനക്കും ലോകത്തിലെ മികച്ച കളിക്കാരുണ്ട്. അട്ടിമറികളോടെ മറ്റൊരു ടീം വരാന്‍ സാധ്യതയില്ല. വന്നാല്‍, അതൊരു വലിയസംഭവമാകും.

ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറാകാന്‍ മെസിക്ക് ലോകകപ്പ് നേടേണ്ടതുണ്ടോ ?

അതിലെ യുക്തി മനസിലാകുന്നില്ല. ഒരിക്കല്‍ ലോകകപ്പ് ഫൈനലില്‍ മെസി പരാജയപ്പെട്ടു. ഇത്തവണ, വീണ്ടും കിരീടസ്വപ്‌നവുമായി അദ്ദേഹം വരുന്നു. എന്ത് സംഭവിച്ചാലും അയാള്‍ ലോകത്തിലെ മികച്ച ഫുട്‌ബോള്‍ താരമല്ലാതാകുന്നില്ല.

ഇന്ത്യ എന്തു കൊണ്ട് ലോകകപ്പ് കളിക്കുന്നില്ല…

നമ്മള്‍ ഇപ്പോഴും ലോകകപ്പ് നിലവാരത്തിലെത്തിയിട്ടില്ല എന്നതാണ് എന്റെ മറുപടി. മികച്ച കാഴ്ചപ്പാടുകളോടെ പുതിയ ലക്ഷ്യങ്ങള്‍ നമുക്കുണ്ടാകണം. ഏഷ്യയിലെ ടോപ് 10 റാങ്കില്‍ കയറണം. അങ്ങനെ ഒരുപാട് കാര്യങ്ങള്‍.

ഏഷ്യയിലെ മികച്ച ടീമുകളുമായി ഇന്ത്യ ഇപ്പോഴും കളിക്കുന്നില്ല…

2011ല്‍ ദക്ഷിണ കൊറിയ, ആസ്‌ത്രേലിയ, ബഹ്‌റൈന്‍ ടീമുകളെ നേരിട്ടിരുന്നു. അതിന് ശേഷം കളിച്ചിട്ടില്ല. എന്ന് കരുതി, അതിന് ശേഷം നമ്മള്‍ക്കെതിരായ കളിച്ചവര്‍ മോശക്കാരാകുന്നില്ല.

ഖത്തര്‍, ലെബനന്‍, യു എ ഇ, തുര്‍ക്‌മെനിസ്ഥാന്‍ തുടങ്ങീ ടോപ് ലെവല്‍ ടീമുകളുമായി കളിച്ചു. തായ്‌ലന്‍ഡിനെ നോക്കൂ.
ആറേഴ് വര്‍ഷം മുമ്പ് തുല്യനിരവാരത്തിലായിരുന്ന തായ്‌ലന്‍ഡ് ഇപ്പോള്‍ എത്രയോ ഉയരത്തിലെത്തി. അവര്‍ ലോകകപ്പ് യോഗ്യത എന്ന ലക്ഷ്യത്തോട് വളരെ വേഗം അടുത്തു കൊണ്ടിരിക്കുന്നു.