ഇനി ഈ ഭീമന്‍ ഫാനുകള്‍ ഗ്രാന്റ് മസ്ജിദിനെ കുളിരണിയിക്കും

Posted on: June 10, 2018 11:58 pm | Last updated: June 12, 2018 at 11:36 am
മലപ്പുറം സ്വലാത്ത് നഗര്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ സ്ഥാപിച്ച ഭീമന്‍ ഫാനുകള്‍

മലപ്പുറം: മഅ്ദിന്‍ ഗ്രാന്റ് മസ്ജിദിനകത്ത് നൂറ് ഫാനുകള്‍ക്ക് പകരം ഈ രണ്ട് ഭീമന്‍മാര്‍ കറങ്ങിയാല്‍ മതി. അതേ സമയം പത്ത് ഫാനിന്റെ വൈദ്യുതി ചാര്‍ജേ ആവശ്യമാവൂ. പതിനെട്ട് അടി വ്യാസത്തില്‍ കറങ്ങുന്ന ഈ ഫാന്‍ വിദേശ നിര്‍മിതമാണ്. കുറഞ്ഞ കറക്കവും കൂടുതല്‍ കാറ്റുമാണ് ഇതിന്റെ കണ്‍സപ്റ്റ്. ഈ ഫാനിട്ടാല്‍ പള്ളിയുടെ എല്ലാ ഭാഗത്തേക്കും കാറ്റെത്തുമെന്നതാണ് ഇതിന്റെ പ്രത്യേകത. സാധാരണ ഫാനുകളില്‍ നിന്ന് ലഭിക്കുന്ന കാറ്റില്‍ നിന്ന് വ്യത്യസ്തമായി കടലോരത്തും മലനിരകളിലും അനുഭവപ്പെടുന്ന കാറ്റാണ് താഴെ നില്‍ക്കുന്നവര്‍ക്ക് അനുഭവപ്പെടുക.

കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളില്‍ ഇത്തരത്തിലുള്ള ഫാന്‍ ആദ്യത്തേതാണെന്ന് ടെക്‌നിക്കല്‍ വിദഗ്ധര്‍ പറഞ്ഞു. ഇന്ന് മഅ്ദിന്‍ അക്കാദമിയില്‍ നടക്കുന്ന റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളനത്തോടെ ഈ ഭീമന്‍മാര്‍ ഗ്രാന്റ് മസ്ജിദില്‍ കറങ്ങിത്തുടങ്ങും. സാധാരണ പള്ളികളില്‍ നിന്ന് വ്യത്യസ്തമായി മഅ്ദിന്‍ ഗ്രാന്റ് മസ്ജിദിന്റെ മിഹ്‌റാബിന് ഉയരം കൂടുതലായതിനാലാണ് മഅ്ദിന്‍ അക്കാദമി ആറ് ലക്ഷം രൂപ വില വരുന്ന ഈ ഇറ്റാലിയന്‍ ഫാന്‍ ഘടിപ്പിച്ചിരിക്കുന്നത്.