നിതി ആയോഗില്‍ നിന്ന് സ്മൃതിയെ പുറത്താക്കി

നടപടി പ്രധാനമന്ത്രിയുടെ അറിവോടെ
Posted on: June 10, 2018 8:24 pm | Last updated: June 10, 2018 at 11:26 pm
SHARE

ന്യൂഡല്‍ഹി: വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്ന് നീക്കിയതിന് പിന്നാലെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് വീണ്ടും തിരിച്ചടി. നിതി ആയോഗിലെ പ്രത്യേക ക്ഷണിതാവ് എന്ന പദവിയില്‍ നിന്ന് സ്മൃതി ഇറാനിയെ നീക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മതത്തോടെയാണ് സ്മൃതിയെ മാറ്റിയത്. മോദിയുടെ അധ്യക്ഷതയില്‍ 17ന് നിതി ആയോഗിന്റെ യോഗം നടക്കാനിരിക്കെയാണ് സമൃതി ഇറാനിയെ മാറ്റിയത്.

സ്മൃതിക്ക് പകരം മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേക്കറിനെയാണ് നിതി ആയോഗിന്റെ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗതാഗത, സാമൂഹിക നീതി വകുപ്പ് മന്ത്രിമാരും പ്രത്യേക ക്ഷണിതാക്കളായി ഉണ്ടാകുമെന്ന് ക്യാബിനെറ്റ് സെക്രട്ടേറിയറ്റ് പുറത്തുവിട്ട ഔദ്യോഗിക ഉത്തരവില്‍ വ്യക്തമാക്കുന്നു.

റാവു ഇന്ദ്രജിത്ത് സിംഗിനെ എക്സ് ഒഫീഷ്യോ അംഗമായും ഉള്‍പ്പെടുത്തി. ധനം, റെയില്‍വേ, കൃഷി മന്ത്രിമാരും ആസൂത്രണ സഹമന്ത്രിമാരും എക്‌സ് ഓഫിഷ്യോയായി തുടരും.

വാര്‍ത്താ വിനിമയ മന്ത്രാലയത്തില്‍ നിന്ന് പുറത്താക്കി തന്റെ ഡെപ്യൂട്ടിയായി ജോലി ചെയ്തിരുന്ന രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന് മന്ത്രാലയ ചുമതല നല്‍കി ഒരുമാസം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് സ്മൃതിക്കെതിരെ പുതിയ നടപടി വരുന്നത്. മെയ് 14നായിരുന്നു വാര്‍ത്താ വിനിമയ മന്ത്രാലയത്തില്‍ നിന്ന് സമൃതിക്ക് പുറത്തുപോകേണ്ടിവന്നത്. താരതമ്യേന പ്രാധാന്യം കുറഞ്ഞ ടെക്‌സ്റ്റൈല്‍സ് മന്ത്രാലയത്തിന്റെ ചുമതലയാണ് സ്മൃതിക്ക് ലഭിച്ചത്. ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണത്തിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് തൊട്ടു പിന്നാലെയായിരുന്നു ഈ സ്ഥാന ചലനം. മാനവ വിഭവശേഷി മന്ത്രിയായി മന്ത്രിസഭയിലെത്തിയ സ്മൃതിക്ക് ബിരുദ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു ആ സ്ഥാനം നഷ്ടമായത്.

മാനവ വിഭവ ശേഷി മന്ത്രിയായിരിക്കുമ്പോഴാണ് സ്മൃതി ഇറാനിയെ നീതി ആയോഗില്‍ പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തിയത്. മാനവവിഭവശേഷി മന്ത്രാലയത്തില്‍ നിന്ന് മാറിയപ്പോഴും സ്മൃതി നിതി ആയോഗില്‍ പ്രത്യേക ക്ഷണിതാവായി തുടരുകയായിരുന്നു. അതിനാണ് ഇപ്പോള്‍ മാറ്റം വന്നത്.

നിതി ആയോഗിലെ സ്ഥാനം നഷ്ടമായതിന് പിന്നാലെ സ്മൃതി ഇറാനിക്കെതിരെ വ്യാപകമായ പരിഹാസമാണഅ സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നത്. നേരത്തെയും സാമൂഹിക മാധ്യമങ്ങളില്‍ വിവാദ കഥാപാത്രമായിരുന്ന സ്മൃതിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം ഉയര്‍ന്നിരുന്നു.

നയരൂപവത്കരണ സമിതിയായ പ്ലാനിംഗ് കമ്മീഷന് പകരം മോദി സര്‍ക്കാര്‍ കൊണ്ടു വന്നതാണ് നിതി ആയോഗ്. മോദി ചെയര്‍മാനായ ഏജന്‍സിയുടെ വൈസ് ചെയര്‍മാന്‍ രാജീവ് കുമാറാണ്. ബിബേക് ദെബ്‌റോയ്, വി കെ സരസ്വത്, രമേഷ് ചന്ദ്, വിനോദ് പോള്‍ എന്നിവര്‍ അംഗങ്ങളാണ്. അമിതാഭ് കന്താണ് സി ഇ ഒയും ദിനേഷ് അറോറ ഡയറക്ടറുമാണ്.