Connect with us

Gulf

നിപ്പാ വൈറസ്: ഗള്‍ഫിലേക്കുളള കാര്‍ഗോ കയറ്റുമതി നിയന്ത്രണം പിന്‍വലിക്കാന്‍ കാലതാമസമെടുക്കും

Published

|

Last Updated

അബുദാബി: നിപ്പാ വൈറസ് നിയന്ത്രണ വിധേയമായ സാഹചര്യത്തിലും ഗള്‍ഫിലേക്കുളള കാര്‍ഗോ കയറ്റുമതി നിയന്ത്രണം പിന്‍വലിക്കാന്‍ കാലതാമസമെടുക്കും. നിയന്ത്രണം ഏര്‍പ്പെടുത്തിയ രാജ്യങ്ങളിലെ കസ്റ്റംസ് – ആരോഗ്യ വകുപ്പ് അടക്കം ഇടപെട്ട് കര്‍ശന പരിശോധന നടത്തി സര്‍ട്ടിഫൈ ചെയ്താല്‍ മാത്രമേ നിയന്ത്രണം പിന്‍വലിക്കാനാവൂ. ഇത് കാര്‍ഗോ ഏജന്‍സികള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തും. നിപ്പാ വൈറസ് ബാധയും അതേത്തുടര്‍ന്നുള്ള മരണങ്ങളും വിദേശ രാജ്യങ്ങളിലും ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഇന്ത്യക്കാരായ പ്രവാസികള്‍ കൂടുതലായും ജോലി ചെയ്യുന്നത് ഗള്‍ഫ് രാജ്യങ്ങളിലാണെന്നുള്ളതിനാലാണ് ഈ ആശങ്ക.

കേരളത്തില്‍ നിന്നെത്തുന്ന പഴം പച്ചക്കറി വിപണിക്ക് വരെ ഇതുവഴി ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കേര്‍പെടുത്തി. കുവൈത്ത് വിമാനത്താവളത്തില്‍ യാത്രക്കാരെ തെര്‍മല്‍ സ്‌കാനിങിന് വിധേയമാക്കുന്നുമുണ്ട്. കുവൈത്ത്, ബഹ്റൈന്‍ രാജ്യങ്ങളാണ് ആദ്യം കേരളത്തില്‍ നിന്നുള്ള കാര്‍ഗോ നിര്‍ത്തലാക്കിയത്.

മൂന്ന് ദിവസത്തിന് ശേഷം ദുബൈ, ഷാര്‍ജ, അബുദാബി എന്നീ നഗരങ്ങളിലും ഇറക്കുമതിക്ക് നിരോധനമേര്‍പെടുത്തി.
ഇത് പെരുന്നാള്‍ സീസണ്‍ സമയത്തെ കാര്‍ഗോ കയറ്റുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. ഭക്ഷ്യേതര ഉല്‍പന്നങ്ങളാണ് നിലവില്‍ കാര്‍ഗോ കയറ്റുമതിയില്‍ തുടരുന്നത്.

കാര്‍ഗോ കയറ്റുമതി ഇടിഞ്ഞു

കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്നായി വിദേശ രാജ്യങ്ങളിലേക്ക് 150 മുതല്‍ 200 വരെ ടണ്‍ ഉല്‍പന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നത്. കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ സര്‍വീസില്ലാത്തതിനാല്‍ നെടുമ്പാശ്ശേരിയില്‍ നിന്നാണ് കാര്‍ഗോ കൂടുതല്‍ കയറ്റുമതിയുളളത്. മൂന്ന് വിമാനത്താവളങ്ങളില്‍ നിന്നായി യു എ ഇ, സൗദി മേഖലയിലേക്ക് കൂടുതല്‍ കയറ്റുമതി. ഇതില്‍ യു എ ഇയിലേക്ക് പൂര്‍ണമായും കയറ്റുമതി നിര്‍ത്തിവെച്ചിരിക്കുകയാണ്.

പെരുന്നാള്‍, ഓണം, വിഷു ആഘോഷവേളകളിലാണ് ഗള്‍ഫില്‍ സാധനങ്ങള്‍ക്ക് ആവശ്യക്കാരേറുന്നത്. കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴിയുള്ള പഴം-പച്ചക്കറി ഭക്ഷ്യ ഉല്‍പന്നങ്ങളുടെ കയറ്റുമതി ഇക്കാലയളവിലാണ് വര്‍ധിക്കുന്നത്. പതിവ് യാത്രാ വിമാനങ്ങള്‍ക്ക് പുറമെ കാര്‍ഗോ വിമാനങ്ങളും സര്‍വീസ് നടത്താറുണ്ട്.

ഗള്‍ഫിലേക്ക് വിമാനങ്ങള്‍ ഏറെയുളള കൊച്ചി വഴിയാണ് കാര്‍ഗോ കയറ്റുമതി കൂടുതലുള്ളത്. ദിനേന കൊച്ചിയില്‍ നിന്ന് 100 മുതല്‍ 150 ടണ്‍ വരെ കാര്‍ഗോ കയറ്റി അയച്ചിരുന്നത് ഇപ്പോള്‍ 50 മുതല്‍ 75 വരെയായി. കരിപ്പൂരില്‍ 50 ടണ്ണില്‍ നിന്ന് 20 ലേക്ക് താഴ്ന്നു.

വലിയ വിമാനങ്ങളില്ലാത്ത കരിപ്പൂരില്‍ നിലവിലുളള ചെറിയ വിമാനങ്ങളാണ് കാര്‍ഗോ കൊണ്ടുപോകുന്നത്. പച്ചക്കറികള്‍ വിമാനത്താവള പരിസരങ്ങളിലെ ഗോഡൗണുകളിലെത്തിച്ച് പ്രത്യേകം പാക്ക് ചെയ്താണ് ഗള്‍ഫിലേക്ക് കയറ്റി അയക്കുന്നത്.

കാര്‍ഗോ മേഖലയിലും കൊള്ള

കേരളത്തില്‍ ഗള്‍ഫിലേക്കുളള കാര്‍ഗോ കയറ്റുമതിക്ക് നിയന്ത്രണം വന്നതോടെ തൃശ്ശിനാപ്പള്ളി, മുബൈ വിമാനത്താവളങ്ങളില്‍ നിന്ന് കയറ്റുമതി ചെയ്യുന്നവരുമുണ്ട്. കേരളത്തില്‍ നിന്നുളള പച്ചക്കറികള്‍ ഒഴിവാക്കിയാണ് കയറ്റുമതിക്കാര്‍ തൃശ്ശിനാപ്പള്ളി, മുംബൈ വിമാനത്താവളങ്ങള്‍ വഴി കയറ്റി അയക്കുന്നത്. എന്നാല്‍ കേരളത്തിലെ നിയന്ത്രണം വിമാനക്കമ്പനികള്‍ മുതലെടുക്കുകയാണെന്ന് ഏജന്റുമാര്‍ പറയുന്നു.

ഒരു കിലോ ഉല്‍പന്നത്തിന് 13 രൂപ വരെ അധികമാണ് തമിഴ്‌നാട്ടിലെ വിമാനത്താവളത്തില്‍ ഈടാക്കുന്നത്. നഷ്ടം സഹിച്ചും ഗള്‍ഫിലെ ഏജന്‍സി നഷ്ടപ്പെടാതിരിക്കാന്‍ ഇവര്‍ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുകയാണ്. കേരളത്തില്‍ ഒറ്റയടിക്ക് കാര്‍ഗോ നിലച്ചത് കനത്ത സാമ്പത്തിക ബാധ്യതയും വരുത്തിയതായി ഏജന്റുമാര്‍ പറയുന്നു. നേരത്തെ കയറ്റി അയച്ച ഉല്‍പന്നങ്ങളുടെ വില ഇതുവരെ ലഭിച്ചിട്ടില്ല. ലക്ഷങ്ങളാണ് ഇതോടെ ബ്ലോക്കായി നില്‍ക്കുന്നതെന്ന് കേരളത്തിലെ പ്രമുഖ കയറ്റുമതി ഏജന്റ് പറഞ്ഞു.

കേരളത്തില്‍ നിപ്പാ വൈറസ് നിയന്ത്രണ വിധേയമായാലും ഗള്‍ഫിലേക്കുളള കാര്‍ഗോ കയറ്റുമതി നിയന്ത്രണം പിന്‍വലിക്കാന്‍ കാലതാമസമെടുക്കും. നിയന്ത്രണം ഏര്‍പെടുത്തിയ രാജ്യങ്ങളിലെ കസ്റ്റംസ് – ആരോഗ്യ വകുപ്പ് അടക്കം ഇടപെട്ട് കര്‍ശന പരിശോധന നടത്തി സര്‍ട്ടിഫൈ ചെയ്താല്‍ മാത്രമേ നിയന്ത്രണം പിന്‍വലിക്കാനാവൂ. ഇത് കാര്‍ഗോ ഏജന്‍സികള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തും. കാര്‍ഗോ കയറ്റുമതിക്ക് പിറകെ യാത്രക്കാര്‍ക്കും നിയന്ത്രണങ്ങളും പരിശോധനയുമുണ്ട്. കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് കയറ്റി അയക്കുന്ന പഴം, പച്ചക്കറികള്‍ കൂടുതലും കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്നതല്ലെന്നാണ് വസ്തുത. സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലേക്കും കൂടുതല്‍ പച്ചക്കറി എത്തുന്നത് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുമാണ്. പൊള്ളാച്ചി, കോയമ്പത്തൂര്‍, കാരമട, തേനി, ബാംഗ്ലൂര്‍, മൈസൂര്‍, മധുരയിലെ ഒട്ടച്ചത്രം മാര്‍ക്കറ്റ് തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ് പച്ചക്കറികള്‍ എത്തുന്നത്. നേന്ത്രക്കായ, ചെറിയ വാഴപ്പഴം, ചേമ്പ്, ചേന തുടങ്ങിയവയാണ് കേരളത്തില്‍ നിന്ന് ശേഖരിക്കുന്നത്.

ശേഷിക്കുന്നവയല്ലാം അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. സഊദി, യു എ ഇ, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ പഴം, പച്ചക്കറി പൂര്‍ണമായും നിര്‍ത്തിയതോടെ ഇവിടങ്ങളിലേക്ക് ഭക്ഷ്യേതര കാര്‍ഗോ മാത്രമാണ് വിമാനങ്ങളില്‍ കയറ്റി അയക്കുന്നത്. ഭാഗികമായെങ്കിലും സൗദി അറേബ്യയിലേക്കാണ് പ്രധാനമായും നിലവില്‍ കയറ്റുമതിയുള്ളത്. നേരത്തെ കേരളത്തില്‍ നിന്നുളള കറിവേപ്പിലയില്‍ വിഷത്തിന്റെ അംശം കൂടുതലെന്ന് പറഞ്ഞ് അതും നിര്‍ത്തലാക്കിയിരുന്നു.

സഊദി അറേബ്യ കൂടി കയറ്റുമതിക്ക് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ കേരളത്തിന്റെ കയറ്റുമതി രംഗം അതീവ സങ്കീര്‍ണമാകും. കേരളത്തില്‍ 20 അയാട്ട ഏജന്‍സികളും 60 ലേറെ കയറ്റുമതി ഏജന്റുമാരുമുണ്ട്. ഇവര്‍ക്ക് കീഴില്‍ ആയിരത്തിലേറെ തൊഴിലാളികളും. ഗള്‍ഫ് നാടുകളിലേക്കുള്ള നിയന്ത്രണം തൊഴില്‍ മേഖലയിലും കനത്ത തിരിച്ചടിയായിരിക്കുകയാണ്.

---- facebook comment plugin here -----

Latest