Connect with us

Gulf

വിശുദ്ധ മാസത്തില്‍ ദുബൈ പോലീസിന് ലോകോത്തര നേട്ടം

Published

|

Last Updated

ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍മര്‍റി ഇഫ്താര്‍ വിരുന്നില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ വിപുലിനെ ആദരിക്കുന്നു

ദുബൈ: ഏറ്റവും വലിയ സമൂഹ നോമ്പുതുറയുടെ പെരുമ ഇനി ദുബൈക്ക് സ്വന്തം. വ്രതവിശുദ്ധിയുടെ പുണ്യമാസത്തില്‍ ആത്മീയനിറവും സാമൂുഹിക പ്രതിബദ്ധതയും വിശ്വാസ സമര്‍പണവും സംഗമിച്ചപ്പോള്‍ ദുബൈയുടെ മണ്ണില്‍ പിറന്നത് മറ്റൊരു ലോകോത്തര നേട്ടം.

സാമൂഹിക സുരക്ഷക്കൊപ്പം സേവനത്തിലും ലോകോത്തര മാതൃകയായ ദുബൈ പോലീസാണ് റമസാനിലെ അവസാന വെള്ളിയാഴ്ച നോമ്പുതുറ സവിശേഷമാക്കിയത്. ഇരുപതിനായിരത്തോളം പേര്‍ക്ക് സമുഹ നോമ്പുതുറക്കുള്ള സൗകര്യമൊരുക്കിയാണ് അസാധ്യങ്ങളുടെ സാധ്യത പട്ടികയില്‍ ഒരു ദൗത്യം കൂടി വിജയകരമായി പൂര്‍ത്തിയാക്കി ഗിന്നസ് ബുക്കില്‍ ദുബൈ ഇടംപിടിച്ചത്.

ദുബൈ ജബല്‍ അലിയിലെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെ ആറു കിലോ മീറ്ററില്‍ നാലു വരിയായി ആളുകളെ ഇരുത്തിയാണ് ബൃഹദ് ഇഫ്താര്‍ സംഗമം ദുബൈ പോലീസ് സംഘടിപ്പിച്ചത്. 12,850 പേരാണ് ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനായി രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും ഇഫ്താറില്‍ 18,500 പേര്‍ക്ക് ഭക്ഷണപ്പൊതികള്‍ വിളമ്പി.


ദുബൈ പോലീസ് തൊഴിലാളികള്‍ക്ക് ഒരുക്കിയ മെഗാ ഇഫ്താര്‍

18,500 പേര്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തതായി ഗിന്നസ് ബുക്ക് അധികൃതര്‍ സ്ഥിരീകരിച്ചോടെ പുതിയ ലോക റെക്കോര്‍ഡ് പിറന്നു.
ഒരു വേദിയില്‍ ഇത്രയും പേര്‍ ഒരുമിച്ച് നോമ്പുതുറയില്‍ പങ്കെടുക്കുന്നതിനാല്‍ വന്‍ സന്നാഹമാണ് ദുബൈ പോലീസ് ഒരുക്കിയത്. സന്നദ്ധ സംഘടനകള്‍ പോലീസിനൊപ്പം തയ്യാറെടുപ്പുകള്‍ക്ക് അണിനിരന്നു. പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍മര്‍റി മുഖ്യാതിഥിയായിരുന്നു. ജനറല്‍ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഡോ. സലാല്‍ സെയ്ദ് അല്‍ ഫലസി, മീഡിയ ആന്‍ഡ് സെക്യുരിറ്റി മേധാവി ഫൈസല്‍ റാസ അല്‍ ഖാസിം എന്നിവരും പങ്കെടുത്തു. മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റിയും മേജര്‍ ജനറല്‍ ഡോ. സലാല്‍ സെയ്ദ് അല്‍ ഫലസിയും ഒരു കിലോ മീറ്ററോളം നടന്ന് സുരക്ഷാ ഒരുക്കങ്ങള്‍ നോമ്പുതുറക്ക് മുമ്പായി വിലയിരുത്തി.

ബ്രിഗേഡിയര്‍ യൂസുഫ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ വന്‍നിരയാണ് സമൂഹ നോമ്പുതുറയുടെ സംഘാടനത്തിന് അണി നിരന്നത്.മേജര്‍ നാസര്‍, കേണല്‍ മുഹമദ് സലാം അല്‍ മുഹൈരി, ഡോ. ഇബ്‌റാഹീം അബ്ദുല്ല, ക്യാപ്റ്റന്‍ ഇബ്‌റാഹീം, ക്യാപ്റ്റന്‍ ഹമിദ് അബ്ദുല്ല എന്നിവരാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

ഒരോ 400 മീറ്ററിലും കുടിവെള്ളം, ജ്യൂസ് തുടങ്ങിയവ ഒരുക്കിയ ടെന്റുകളും സജ്ജമായിരുന്നു, ഇത്രയും പേര്‍ക്കുള്ള വിഭവസമൃദ്ധമായ ഇഫ്താര്‍ ഭക്ഷണം ഒരുക്കാന്‍ ദുബൈയിലെ വിവിധ റെസ്റ്റോറന്റുകളുടെ പങ്കാളിത്തവുമുണ്ടായിരുന്നു. ആംബുലന്‍സ്, ഫയര്‍ എഞ്ചിനുകള്‍ എന്നിവ ഉള്‍പ്പെടെ അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിന് പോലീസ് വന്‍ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു.

ഇന്ത്യ, പാക്കിസ്ഥാാന്‍, ബംഗ്ലാദേശ്, ചൈന, ശ്രീലങ്ക, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. ദുബൈ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറല്‍ വിപുല്‍, ലേബര്‍ കോണ്‍സുലര്‍ സുമതി വാസുദേവ് എന്നിവരും സന്നിഹിതരായിരുന്നു. കോണ്‍സുലേറ്റ് പ്രതിനിധികളെ മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി ആദരിച്ചു.