Connect with us

Gulf

വന്‍തുക സമ്മാനമടിച്ചെന്ന് വ്യാജ സന്ദേശം; ദുബൈയിലും അജ്മാനിലും 43 ഏഷ്യക്കാര്‍ അറസ്റ്റില്‍

Published

|

Last Updated

ദുബൈ: യു എ ഇയിലെ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനികളില്‍ നിന്ന് വന്‍തോതിലുള്ള ക്യാഷ് പ്രൈസ് ലഭിച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശമയച്ച് പണം തട്ടുന്ന സംഘത്തെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു.
43 ഏഷ്യക്കാരടങ്ങുന്ന രണ്ട് സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. സമ്മാനമായി ലഭിച്ച പണം ലഭിക്കാന്‍ തങ്ങളുടെ അക്കൗണ്ടിലേക്ക് ആദ്യം കുറച്ച് പണം നല്‍കണം എന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയിരുന്നത്. ദുബൈയില്‍ നിന്നും അജ്മാനില്‍ നിന്നുമാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.

ദേരയിലെ ഒരു ഫഌറ്റില്‍ നിരവധി ഏഷ്യക്കാര്‍ വന്നുപോയിക്കൊണ്ടിരിക്കുന്നുവെന്ന് റാശിദിയ്യ പോലീസ് സ്റ്റേഷനില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഈ ഫഌറ്റ് നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്ന് ആന്റി എകണോമിക് ക്രൈം ടീമുമായി ചേര്‍ന്ന് അപ്പാര്‍ട്‌മെന്റ് റെയ്ഡ് ചെയ്തു. ഇവിടെ നിന്നാണ് 14 പേരെ അറസ്റ്റ് ചെയ്തത്. 90 മൊബൈല്‍ ഫോണുകളും 70 സിം കാര്‍ഡുകളും ഇവരുടെ പക്കല്‍ നിന്ന് പിടികൂടി.
സംഘത്തെ ചോദ്യം ചെയ്തതില്‍ നിന്നാണ് അജ്മാന്‍ കേന്ദ്രീകരിച്ച് മറ്റൊരു തട്ടിപ്പ് സംഘവും പ്രവര്‍ത്തിക്കുന്നതറിഞ്ഞത്. തുടര്‍ന്ന് അജ്മാന്‍ പോലീസുമായി ചേര്‍ന്ന് ദുബൈ പോലീസ് നടത്തിയ റെയ്ഡില്‍ 19 പേരെ കൂടി അറസ്റ്റ് ചെയ്തു.

പിടിയിലായവരില്‍ അധികവും യു എ ഇയിലേക്ക് സന്ദര്‍ശക വിസയിലെത്തിയവരാണെന്ന് ആന്റി എകണോമിക് ക്രൈംസ് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഉമര്‍ ബിന്‍ ഹമ്മാദ് പറഞ്ഞു.

കഴിഞ്ഞ ജനുവരി മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ ഇത്തരത്തിലുള്ള 12 കേസുകളാണ് റാശിദിയ്യ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇക്കാലയളവില്‍ 780,000 ദിര്‍ഹമാണ് തട്ടിപ്പുകാര്‍ കവര്‍ന്നത്. ഇത്തരം മെസേജുകള്‍ ലഭിച്ചാല്‍ 901 നമ്പറില്‍ വിവരമറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

Latest