തൊട്ടിലില്‍ കിടന്ന കുഞ്ഞ് കനത്ത കാറ്റില്‍ മേല്‍ക്കൂരക്കൊപ്പം പറന്നുപോയി

Posted on: June 10, 2018 2:50 pm | Last updated: June 10, 2018 at 2:50 pm

തിരുവനന്തപുരം: വെങ്ങാനൂരിലെ കുമാര്‍-ഷീബ ദമ്പതികള്‍ ഇപ്പോഴും ഞെട്ടലില്‍നിന്നും മോചിതരായിട്ടില്ല. കനത്ത കാറ്റില്‍ തങ്ങളുടെ രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞ് തൊട്ടിലുള്‍പ്പെടെ പറന്നുപോയതും കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടതും ഇവര്‍ക്കുമാത്രമല്ല നാട്ടുകാര്‍ക്കും ഞെട്ടലോടെയെ ഓര്‍ക്കാനാവുന്നുള്ളു.

വീടന്റെ ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയിലെ കമ്പിയിലാണ് തൊട്ടില്‍ കെട്ടിയിരുന്നത്. കുഞ്ഞ് തൊട്ടിലില്‍ ഉറങ്ങവെ ആഞ്ഞ് വീശിയ കാറ്റില്‍ തൊട്ടിലുള്‍പ്പെടെ മേല്‍ക്കൂര പറന്നു പോവുകയായിരുന്നു. കാറ്റെടുത്ത മേല്‍ക്കൂര തൊട്ടടുത്ത തെങ്ങില്‍ തട്ടിനിന്നു. ഈ സമയത്ത് കുഞ്ഞ് തൊട്ടിലില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. കുമാറിന്റേയും ഷീബയുടേയും കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കോണി ഉപയോഗിച്ച് മുകളില്‍ കയറി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കുഞ്ഞിനെ പ്രാഥമിക ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ കുഴപ്പമില്ലെന്ന് ആശുപത്രി അധിക്യതര്‍ പറഞ്ഞു.