എല്ലാ കണ്ണുകളും ഛേത്രിയില്‍; ഇന്ത്യ-കെനിയ കലാശപ്പോര് ഇന്ന്

Posted on: June 10, 2018 12:28 pm | Last updated: June 10, 2018 at 12:28 pm
SHARE

മുംബൈ: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളില്‍ കിരീടം തേടി ഇന്ത്യയും കെനിയയും ഇന്ന് മുഖാമുഖം. ലീഗ് റൗണ്ടില്‍ ആഫ്രിക്കന്‍ ടീമിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇന്ത്യ തോല്‍പ്പിച്ചിരുന്നു.

ഈയൊരു മുന്‍തൂക്കം ആതിഥേയര്‍ക്കുണ്ട്. ചൈനീസ് തായ്‌പേയിക്കെതിരെ ഹാട്രിക്കും തന്റെ നൂറാം രാജ്യാന്തര മത്സരത്തില്‍ കെനിയക്കെതിരെ ഇരട്ട ഗോളുകളും നേടിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഫോം ഇന്ത്യയെ കിരീട ഫേവറിറ്റുകളാക്കുന്നു. ടൂര്‍ണമെന്റിലുടനീളം ആക്രമണ ഫുട്‌ബോള്‍ കെട്ടഴിച്ച ഇന്ത്യ ഫൈനലിലും അതേ ബ്രാന്‍ഡ് ഗെയിം ആവര്‍ത്തിക്കുമെന്ന് കോച്ച് കോണ്‍സ്റ്റന്റൈന്‍ വ്യക്തമാക്കി. അതേസമയം ടൂര്‍ണമെന്റില്‍ ഇന്ത്യയെ തോല്‍പ്പിച്ച ഏക ടീമായ ന്യൂസിലാന്‍ഡിനെ വീഴ്ത്തിയതും ചൈനീസ് തായ്‌പേയിക്കെതിരെ 4-0ന് ജയിക്കാനായതും കെനിയക്ക് പ്രചോദനമാണ്.

എന്നാല്‍, ന്യൂസിലാന്‍ഡിനെതിരെ പ്രമുഖ കളിക്കാര്‍ക്ക് വിശ്രമം നല്‍കിയ കോച്ച് ഏഴ് മാറ്റങ്ങളോടെയാണ് ടീമിനെ കളത്തിലിറക്കിയത്.
ഫൈനലില്‍, ആദ്യ രണ്ട് കളിയും ജയിച്ച സ്റ്റാര്‍ട്ടിംഗ് ലൈനപ്പിനെ തിരികെ കൊണ്ടുവരും.
62 ഗോളുകളുമായി രാജ്യാന്തര ഫുട്‌ബോളില്‍ ലയണല്‍ മെസിയുടെ റെക്കോര്‍ഡിന് ഭീഷണി ഉയര്‍ത്തുകയാണ് സുനില്‍ ഛേത്രി. ജെജെ ലാല്‍പെഖുല, ഉദാന്ത സിംഗ്, അനിരുദ്ധ ഥാപ, പ്രനയ് ഹാല്‍ദര്‍, ഹാലിചരണ്‍ നര്‍സാരി എന്നീ ഫോമിലുള്ള താരങ്ങള്‍ കെനിയക്ക് ഭീഷണിയാകും.
കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവും ഇന്നിറങ്ങും.

കെനിയന്‍ കോച്ച് സെബാസ്റ്റിയന്‍ മിഗ്നെയുടെ പ്രതീക്ഷയത്രയും ഒവെല ഓചിയാംഗ്, പിസ്റ്റന്‍ മുതാംബ എന്നീ സ്‌ട്രൈക്കര്‍മാരിലാണ്. ലീഗ് റൗണ്ടിലെ തോല്‍വിക്ക് പകരം വീട്ടണമെങ്കില്‍ ഇവര്‍ തിളങ്ങണം.