മഴ കനത്തു; വ്യാപക നാശം, ഏഴ് മരണം

Posted on: June 10, 2018 9:40 am | Last updated: June 10, 2018 at 11:37 am
SHARE
കോഴിക്കോട് കിണാശ്ശേരിയില്‍ വൈദ്യുതി ലൈനിലേക്ക് വീണ മരം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മുറിച്ചുമാറ്റുന്നു

തിരുവനന്തപുരം: ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. മരം കടപുഴകിയും വെള്ളക്കെട്ടില്‍ വീണും വ്യത്യസ്ത അപകടങ്ങളിലായി നാല് വയസ്സുകാരി ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. ചില മേഖലകളില്‍ രൂക്ഷമായ കടലാക്രമണവുമുണ്ട്. തെങ്ങ് കടപുഴകി വീണ് തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ദീപ (44), കോഴിക്കോട് ചാലിയം കപ്പലങ്ങാടി കുരിക്കല്‍കണ്ടി കദീജ (60), കണ്ണൂരില്‍ ഒടിഞ്ഞുവീണ മരം വെട്ടിമാറ്റുന്നതിനിടെയുണ്ടായ അപകടത്തില്‍ രവീന്ദ്രന്‍ (65), മതിലിടിഞ്ഞുവീണ് ചക്കരക്കല്‍ തലവില്‍ പടിഞ്ഞാറയില്‍ ഗംഗാധരന്‍ (65), എടത്വ തലവടിയില്‍ പമ്പാനദിയില്‍ കുളിക്കാനിറങ്ങിയ വിജയകുമാര്‍, കാസര്‍കോട് അഡൂരില്‍ ഒഴുക്കില്‍പ്പെട്ട് ചെനിയ നായിക്, കാസര്‍കോട് കാഞ്ഞങ്ങാട് വെള്ളക്കെട്ടില്‍ വീണ് നാല് വയസ്സുകാരി ഫാത്വിമ സൈനബ എന്നിവരാണ് മരിച്ചത്.

പലയിടത്തും അതിശക്തമായ മഴക്കൊപ്പം കനത്ത കാറ്റും തുടരുകയാണ്. കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് വെള്ളിയാഴ്ച രാത്രി മുതല്‍ പെയ്ത മഴയിലും കാറ്റിലും വ്യാപക കൃഷിനാശമുണ്ടായത്. തിരുവനന്തപുരത്തും ഇടുക്കിയിലും മരങ്ങള്‍ കടപുഴകി വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് വലിയ നാശനഷ്ടമുണ്ടായി. പലയിടത്തും വൈദ്യുതിബന്ധവും തകരാറിലായി. കട്ടപ്പന കല്‍ത്തൊട്ടി മേപ്പാറയില്‍ വീടിനു മുകളില്‍ മരം വീണ് നാല് പേര്‍ക്കും തങ്കമണിയില്‍ വീടിന് മുകളില്‍ കല്ല് ഉരുണ്ടുവീണ് മറ്റൊരാള്‍ക്കും പരുക്കേറ്റു. റെയില്‍വേ ട്രാക്കിലേക്ക് മരം കടപുഴകി വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു. കോഴിക്കോട് വള്ളിക്കുന്നിനും കടലുണ്ടിക്കും ഇടയിലാണ് ട്രാക്കില്‍ മരം വീണത്. പല ട്രെയിനുകളും വൈകിയോടുകയാണ്. തൃശൂര്‍ സ്വരാജ് റൗണ്ടില്‍ കൂറ്റന്‍ മരച്ചില്ല റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ജലനിരപ്പ് ഉയരുന്നതിനാല്‍ പത്തനംതിട്ട മണിയാര്‍ ഡാം തുറക്കാനിടയുണ്ടെന്നും പമ്പയുടെയും കക്കാട് ആറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

ബുധനാഴ്ച രാവിലെ വരെ സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഏഴ് മുതല്‍ 11 സെന്റീമീറ്റര്‍ വരെയുള്ള ശക്തമായ മഴക്ക് സാധ്യതയുണ്ട്. തിങ്കള്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ ചില സ്ഥലങ്ങളില്‍ 12 മുതല്‍ ഇരുപത് സെന്റീമീറ്റര്‍ വരെയുള്ള അത്യന്തം കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വരെയാകാനും കടല്‍പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 4.5 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകള്‍ ഉണ്ടാകാനാണ് സാധ്യതയെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here