ആ തോക്ക് അടുത്ത ഇരയെ തേടുന്നു

ഗൗരി വധത്തിന് മറ്റു കൊലപാതകങ്ങളുമായി സാമ്യമുണ്ടെന്നതിനുള്ള തെളിവുകള്‍ പുറത്തുവരുന്നതിനിടെയാണ് ഗൗരിയുടെ ഘാതകര്‍ കര്‍ണാടകയിലെ കൂടുതല്‍ പേരെ വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായുള്ള വിവരവും പുറത്തുവന്നിരിക്കുന്നത്. ഗൗരിയെ കൊലപ്പെടുത്തിയവരുടെ പട്ടികയില്‍പെട്ട മഹാരാഷ്ട്ര സ്വദേശി അമോല്‍ കാലെയുടെ പൂനെയിലെ വസതിയില്‍ നിന്ന് കണ്ടെടുത്ത ഡയറിയിലാണ് ഈ വിവരമുള്ളത്. പുരോഗമന വാദികളും എഴുത്തുകാരുമായ കെ എസ് ഭഗവാന്‍, ഗിരീഷ് കര്‍ണാട്, ചന്ദ്രശേഖര്‍ പാട്ടീല്‍, ബറഗൂരു രാമചന്ദ്രപ്പ, ബി ടി ലളിതനായ്ക് എന്നിവരുടെ കൂടി പേരുകളുള്ളതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
Posted on: June 10, 2018 9:06 am | Last updated: June 10, 2018 at 9:07 am
SHARE


‘എഴുത്തുകാരന്റെ അഭിപ്രായങ്ങള്‍ തങ്ങള്‍ക്കനുകൂലമല്ലെങ്കില്‍, അതിനെതിരെ വിമര്‍ശിക്കാം, വിശദീകരണം നടത്താം, ആശയ പ്രചാരണം നടത്താം. ജനം നല്ലത് സ്വീകരിക്കുമെന്ന വിശാലമായ നിലപാട് എടുക്കുന്നതിന് പകരം, വിരുദ്ധമായ അഭിപ്രായത്തെ കായിക, ആയുധ, അധികാര ശക്തി കൊണ്ട് നേരിടുന്നത് പ്രാകൃതമാണ്. ആശയം ഒരിക്കലും തോല്‍ക്കില്ല. എഴുത്തുകാരനെ ഇല്ലാതാക്കാനോ ദ്രോഹിക്കാനോ കഴിഞ്ഞെന്ന് വരാം’
-ഹെമിംഗ് വേ
ആവിഷ്‌കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മര്‍മപ്രധാനമായ ഘടകമായാണ് ഇന്ത്യന്‍ ജനത എന്നും കണക്കാക്കിവരുന്നത്. എന്നാല്‍ ഇത് ധ്വംസിക്കപ്പെടുന്ന സാഹചര്യം പൊതുസമൂഹത്തില്‍ വളര്‍ന്നുപന്തലിക്കുന്നുവെന്ന ആപത്കരമായ സാഹചര്യം നാം കാണാതിരുന്നുകൂടാ. തങ്ങള്‍ക്ക് ഹിതകരമല്ലാത്ത കാര്യങ്ങള്‍ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന എഴുത്തുകാരെ ആശയങ്ങള്‍ കൊണ്ട് പ്രതിരോധിക്കുകയും നേരിടുകയും ചെയ്യുന്നതിന് പകരം ശാരീരികമായി ഇല്ലാതാക്കുക എന്നത് ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്നതിന് തുല്യമാണ്. ഫാസിസത്തിന്റെ പിന്‍വാതില്‍ പ്രവേശമായി ഇതിനെ കരുതേണ്ടിയിരിക്കുന്നു. അത്തരത്തില്‍ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന ഗൗരി ലങ്കേഷും നരേന്ദ്ര ദാബോല്‍കറും ഗോവിന്ദ് പന്‍സാരെയും ഡോ. എം എം കല്‍ബുര്‍ഗിയും പാടാന്‍ വേദി നിഷേധിക്കപ്പെട്ട ഗുലാം അലിയും എഴുത്ത് നിര്‍ത്തേണ്ടി വന്ന പെരുമാള്‍ മുരുകനുമൊക്കെ ഇത്തരം പ്രതിലോമ ശക്തികളുടെ ഭീഷണികള്‍ക്ക് ഇരയായവരാണ്.

ആവിഷ്‌കാര സ്വാതന്ത്ര്യം അതിന്റെ എല്ലാ സീമകളും ലംഘിച്ച് ഹനിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയാണ് ഇല്ലാതാക്കുന്നത്. ഭരണകൂട ഭീകരതയെയും അധികാര കേന്ദ്രങ്ങള്‍ നടത്തുന്ന കൊടിയ ചൂഷണത്തെയും അഴിമതികളെയും സ്വാതന്ത്ര്യ നിഷേധത്തെയും അടിമത്തത്തെയും എഴുത്തുകാരന്‍ എന്നും ചോദ്യം ചെയ്ത ചരിത്രമാണുള്ളത്. അവര്‍ ഉന്നയിക്കുന്ന വിമര്‍ശനത്തെ ഉള്‍ക്കൊള്ളാനും തിരുത്താനും തയ്യാറാകുന്നതിന് പകരം, അവരെ കായികമായി ഇല്ലാതാക്കുന്നത് ആപത്കരമാണ്.
യുക്തിബോധമുള്ള ചിന്ത ഉയര്‍ത്തിപ്പിടിക്കുകയും വര്‍ഗീയ ഫാസിസത്തെ എതിര്‍ക്കുകയും ചെയ്യുന്ന പുരോഗമന വാദികളുടെയും എഴുത്തുകാരുടെയും കൊലപാതകങ്ങള്‍ തുടര്‍ക്കഥയാവുന്നത് ശക്തിയുക്തം പ്രതിരോധിക്കേണ്ട സന്ദര്‍ഭമാണിത്. നരേന്ദ്ര ധാബോല്‍കറെ വെടിവെച്ചു കൊന്നതിലൂടെയാണ് പൈശാചികമായ ഈ കൃത്യത്തിന് തുടക്കമായത്. യുക്തിവാദ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതിലും മഹാരാഷ്ട്രയില്‍ അന്ധ് ശ്രദ്ധാ നിര്‍മൂല സമിതി (അന്ധവിശ്വാസത്തെ ഇല്ലാതാക്കാനുള്ള കമ്മിറ്റി) രൂപവത്കരിക്കുന്നതിലും സജീവമായിരുന്നു ധാബോല്‍കര്‍. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനായി സമര്‍പ്പിക്കപ്പെട്ട വ്യക്തിത്വമായിരുന്ന ഗോവിന്ദ പന്‍സാരെ യുക്തിബോധത്തോടെയുള്ള ചിന്തയെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ധീരമായ നിലപാടെടുക്കുകയും ചെയ്തു. ബ്രാഹ്മണിക മൂല്യങ്ങളെ എതിര്‍ത്ത യുക്തിവാദ പണ്ഡിതനായിരുന്നു ഡോ. എം എം കല്‍ബുര്‍ഗി. സാമൂഹിക സമത്വത്തിനായി കഠിനാധ്വാനം ചെയ്ത ബസവേശ്വരന്റെ ദര്‍ശനങ്ങള്‍ക്കാണ് അദ്ദേഹം പ്രാധാന്യം നല്‍കിയത്. ബ്രാഹ്മണ്യത്തിന്റെ പിടിയില്‍ നിന്ന് അകന്നുനില്‍ക്കുന്ന പ്രാചീന ഹിന്ദു മതത്തിന് കീഴിലുള്ള ലിംഗായത്ത് വിഭാഗത്തെ മതന്യൂനപക്ഷമായി പരിഗണിക്കണമെന്ന് അദ്ദേഹം വാദിച്ചിരുന്നു.
നിര്‍ഭയ മാധ്യമ പ്രവര്‍ത്തകയായ ബെംഗളൂരുവിലെ ഗൗരി ലങ്കേഷിന്റെ കൊലപാതകമാണ് ഈ പരമ്പരയിലെ മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിച്ച മറ്റൊരു സംഭവം. ഹിന്ദു ദേശീയ രാഷ്ട്രീയത്തെ അതിന്റെ ഉറവിട കേന്ദ്രത്തില്‍ വെച്ച് തന്നെ നഖശിഖാന്തം എതിര്‍ക്കാന്‍ ഗൗരി ലങ്കേഷ് തയ്യാറായി. മതന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് അവസാന ശ്വാസം വരെയും പോരാടിയവരില്‍ ഒരാളായിരുന്നു ഗൗരി ലങ്കേഷ്. ലിംഗായത്ത് വിഭാഗത്തെ മതന്യൂനപക്ഷമായി അംഗീകരിക്കണമെന്ന ആവശ്യം ഉയര്‍ത്തിപ്പിടിച്ചവരില്‍ ഗൗരിയുമുണ്ടായിരുന്നു. ഹിന്ദുത്വത്തേയും ഹിന്ദു ദൈവങ്ങളേയും ആധാരമാക്കി എഴുതുകയും പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിന്റെ പേരില്‍ ഗൗരി ലങ്കേഷിന് കടുത്ത എതിര്‍പ്പാണ് പലപ്പോഴായി നേരിടേണ്ടി വന്നത്.

തന്റെ ജീവന് നേരെ പലപ്പോഴായി ഉയര്‍ന്നുവന്ന ഭീഷണികള്‍ അതിജീവിച്ചാണ് അവര്‍ സാമൂഹിക തിന്മകള്‍ക്കെതിരെ എഴുതുകയും പോരാടുകയും ചെയ്തത്. ഗൗരി ഉള്‍പ്പെടെയുള്ള പുരോഗമന എഴുത്തുകാരുടെയും യുക്തിവാദികളുടെയും കൊലപാതകങ്ങള്‍ക്ക് പരസ്പരം സമാനതകളുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഗൗരി ലങ്കേഷും എം എം കല്‍ബുര്‍ഗിയും വധിക്കപ്പെട്ടത് ഒരേ തോക്കുപയോഗിച്ചാണെന്ന് വ്യക്തമാക്കുന്ന ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണ്. ഗൗരി വധത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക സംഘം ബെംഗളൂരു കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിനൊപ്പമാണ് ഈ റിപ്പോര്‍ട്ടുള്ളത്. 7.65 എം എം നാടന്‍ തോക്കാണ് ഇരുവരെയും വധിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്. രണ്ട് പേരുടെയും കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരേ സംഘമാണെന്നതിനും രണ്ട് കൊലപാതകങ്ങളും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്നതിനും ആദ്യത്തെ ഔദ്യോഗിക തെളിവ് കൂടിയാണിത്. 2017 സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരു രാജരാജേശ്വരി നഗറിലെ വസതിയില്‍ വെടിയേറ്റ് മരിച്ചത്. ഇതിന് രണ്ട് വര്‍ഷം മുമ്പ് 2015 ആഗസ്റ്റ് 30ന് ആണ് കല്‍ബുര്‍ഗി വെടിയേറ്റ് കൊല്ലപ്പെട്ടത്. ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ മൂന്ന് വെടിയുണ്ടകളും കല്‍ബുര്‍ഗിയുടെ ശരീരത്തില്‍ രണ്ട് വെടിയുണ്ടകളുമാണ് കണ്ടെത്തിയത്. 2015 ഫെബ്രുവരിയില്‍ കോലാപ്പൂരില്‍ ഇടത് ചിന്തകനും പണ്ഡിതനുമായ ഗോവിന്ദ് പന്‍സാരെയും ഭാര്യയും കൊല്ലപ്പെട്ടത് സമാനമായ 7.65 എം എം വെടിയുണ്ടയേറ്റാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പൂനെയില്‍ 2013 ആഗസ്റ്റില്‍ ധാബോല്‍ക്കറും സമാനമായ തോക്കില്‍നിന്നുള്ള വെടിയേറ്റാണ് മരിച്ചത്.

ഗൗരി വധത്തിന് മറ്റു കൊലപാതകങ്ങളുമായി സാമ്യമുണ്ടെന്നതിനുള്ള തെളിവുകള്‍ പുറത്തുവരുന്നതിനിടെയാണ് ഗൗരിയുടെ ഘാതകര്‍ കര്‍ണാടകയിലെ കൂടുതല്‍ പുരോഗമന വാദികളെ വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായുള്ള വിവരവും പുറത്തുവന്നിരിക്കുന്നത്. ഗൗരിയെ കൊലപ്പെടുത്തിയവരുടെ പട്ടികയില്‍പെട്ട മഹാരാഷ്ട്ര സ്വദേശി അമോല്‍ കാലെയുടെ പൂനെയിലെ വസതിയില്‍ നിന്ന് കണ്ടെടുത്ത ഡയറിയിലാണ് ഈ വിവരമുള്ളത്. പുരോഗമന വാദികളും എഴുത്തുകാരുമായ കെ എസ് ഭഗവാന്‍, ഗിരീഷ് കര്‍ണാട്, ചന്ദ്രശേഖര്‍ പാട്ടീല്‍, ബറഗൂരു രാമചന്ദ്രപ്പ, ബി ടി ലളിതനായ്ക് എന്നിവരുടെ കൂടി പേരുകളുള്ളതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. കര്‍ണാടകയിലെ അറിയപ്പെടുന്ന പുരോഗമനവാദിയും യുക്തിവാദി നേതാവുമായ കെ എസ് ഭഗവാന് നേരെ ഹിന്ദുത്വ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നു എന്ന് ആരോപിച്ച് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ നിരന്തരം വധഭീഷണി ഉയര്‍ത്തിയിരുന്നു. ഭഗവദ്ഗീതയെ കുറിച്ച് പ്രൊഫ. ഭഗവാന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ സംഘ്പരിവാര്‍ സംഘടനകളെ കുറച്ചൊന്നുമല്ല പ്രകോപിപ്പിച്ചത്. ഭഗവദ്ഗീതയിലെ ചില വരികള്‍ കത്തിക്കേണ്ടതാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്. ദളിത് യുവാവിന്റെ വിരല്‍ ജന്മി അറുത്തെടുത്തതിനെതിരെ ഭഗവാന്‍ ശക്തമായി പ്രതികരിച്ചതും സംഘ്പരിവാര്‍ സംഘടനകള്‍ ഇദ്ദേഹത്തിനെതിരെ തിരിയാന്‍ കാരണമായി. കല്‍ബുര്‍ഗിയെ വെടിവെച്ച് കൊന്നതിന് പിന്നാലെ അടുത്ത ഇര കെ എസ് ഭഗവാനാണെന്ന് മനസ്സിലാക്കിയതോടെയാണ് കര്‍ണാടക സര്‍ക്കാര്‍ അദ്ദേഹത്തിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്താന്‍ തയ്യാറായത്.

ഗൗരി ലങ്കേഷ് ഹിന്ദു വിരുദ്ധയായതിനാലാണ് കൊലപ്പെടുത്തിയതെന്നുള്ള ഒന്നാം പ്രതിയും ഹിന്ദുജനജാഗ്രതി സമിതി പ്രവര്‍ത്തകനുമായ കെ ടി നവീന്‍കുമാറിന്റെ മൊഴി നിസ്സാരമായി കാണേണ്ട ഒന്നല്ല. പുരോഗമന ആശയത്തിലൂന്നി എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ ടാര്‍ജറ്റ് ചെയ്ത് കൊണ്ടിരിക്കുന്നുവെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായി വേണം ഇതിനെ നോക്കിക്കാണാന്‍. ഗൗരിലങ്കേഷ് ഹിന്ദു വിരുദ്ധയാണെന്ന് കൊലയാളികള്‍ തന്നോട് പറഞ്ഞതിനെ തുടര്‍ന്നാണ് വെടിയുണ്ടകള്‍ താന്‍ കൈമാറിയതെന്നാണ് നവീന്‍ നല്‍കിയ മൊഴി. ഹിന്ദുജനജാഗ്രതി സമിതിയുടെ യോഗത്തിനെത്തിയപ്പോഴാണ് ഗൗരിയുടെ കൊലയാളിയായ പ്രവീണിനെ താന്‍ പരിചയപ്പെട്ടതെന്നും പ്രവീണ്‍ വീട്ടിലെത്തിയാണ് വെടിയുണ്ടകള്‍ ആവശ്യപ്പെട്ടതെന്നും നവീന്‍ പറയുന്നുണ്ട്. 2018 മാര്‍ച്ച് രണ്ടിനാണ് കേസില്‍ നവീന്‍ കുമാര്‍ അറസ്റ്റിലായത്. 2014ല്‍ സ്ഥാപിച്ച ഹിന്ദു യുവസേന എന്ന സംഘടനയിലെ അംഗമായ നവീന്‍കുമാര്‍, വിദ്യാര്‍ഥിയായിരുന്ന കാലത്ത് തന്നെ വലതുപക്ഷ പ്രത്യയശാസ്ത്രത്തില്‍ ആകൃഷ്ടനാവുകയും കോളജ് പഠനം അവസാനിപ്പിക്കുകയും ചെയ്ത വ്യക്തിയാണ്. ഇയാള്‍ അടക്കം അഞ്ച് പേര്‍ക്കെതിരെയാണ് ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പോലീസ് കുറ്റപത്രം തയ്യാറാക്കിയിട്ടുള്ളത്. നവീന്‍കുമാര്‍ നിയമവിധേയമായല്ല ആയുധവ്യാപാരം നടത്തുന്നതെന്നതും സനാതന്‍ സന്‍സ്ത, ഹിന്ദു ജനജാഗ്രതി സമിതി എന്നീ തീവ്രസ്വഭാവമുള്ള സംഘടനകളില്‍പ്പെട്ടവരാണ് ഗൗരി കേസില്‍ അറസ്റ്റിലായ എല്ലാ പ്രതികളുമെന്നതും സംഭവത്തിന്റെ ഗൗരവ സ്വഭാവമാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. ആര്‍ ആര്‍ നഗറിലെ ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നും ഓഫീസിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും മനോഹര്‍ യാദവ് കൂട്ടാളിയായ നവീന്‍ കുമാറിനൊപ്പം ഗൗരിയെ പിന്തുടര്‍ന്നതായും ഈ വിവരങ്ങള്‍ യഥാസമയം ദാദ എന്നറിയപ്പെടുന്ന നിഹാലിനെ അറിയിക്കുകയും ചെയ്തതായും കുറ്റപത്രത്തിലുണ്ട്. 2017 ജൂണിലാണ് ഗൗരിയെ കൊലപ്പെടുത്താന്‍ ബെലഗാവിയിലെ ഹോട്ടലില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത്. അമോല്‍ കാലേ, നിഹാല്‍, മനോഹര്‍ യാദവ് എന്നിവര്‍ ഗൂഢാലോചനയില്‍ പങ്കാളികളായി. ഗൗരി ഹിന്ദുവിരുദ്ധയാണെന്നും അതുകൊണ്ട് തന്നെ അവര്‍ കൊല്ലപ്പെടേണ്ടവള്‍ തന്നെയാണെന്നുമുള്ള നവീനിന്റെ മൊഴി തന്നെ കൊലക്ക് പിന്നില്‍ ഏത് കരങ്ങളാണ് പ്രവര്‍ത്തിച്ചതെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഇന്ത്യന്‍ മാധ്യമ മേഖലയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഗൗരി ലങ്കേഷിന്റെ നിഷ്ഠൂരമായ കൊലപാതകം.

കേരളത്തിലും മാസങ്ങളോളം ഇതിനെതിരെയുള്ള പ്രതിഷേധം ആളിക്കത്തുകയുണ്ടായി. ആഗോളതലത്തില്‍ തന്നെ മാധ്യമ പ്രവര്‍ത്തകര്‍ സുരക്ഷിതരല്ലെന്ന് തെളിയിക്കുന്ന പുതിയ കണക്കുകള്‍ പുറത്തുവന്നത് മാധ്യമ ലോകം ഏറെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഇന്ത്യയില്‍ കൊല്ലപ്പെടുന്ന മാധ്യമപ്രവര്‍ത്തകരുടെ എണ്ണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍. 2007-11 കാലത്ത് 316 മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നത്. വിവിധങ്ങളായ അഭിപ്രായങ്ങളും ആശയങ്ങളും തുറന്ന മനസ്സോടെ ചര്‍ച്ചചെയ്യുമ്പോഴാണ് ജനാധിപത്യ ഭരണ സംവിധാനത്തിന്റെ മുന്നോട്ടുള്ള പോക്കിന് കൂടുതല്‍ കരുത്ത് ലഭിക്കുന്നത്. ഉന്നതമായ ജനാധിപത്യ മൂല്യങ്ങളെ ബഹുമാനിക്കുന്നതിന് പകരം ഉന്‍മൂലനം ചെയ്യുക എന്നതാണ് വര്‍ഗീയ പ്രത്യയ ശാസ്ത്രത്തിന്റെ എക്കാലത്തെയും അജന്‍ഡ. അതുകൊണ്ട് തന്നെ ആശയ പ്രചാരകരെ ശാരീരികമായി ഉന്മൂലനം ചെയ്യുക എന്നതിനായിരിക്കും അവര്‍ കോപ്പൊരുക്കുക. ഇത് തിരിച്ചറിഞ്ഞ് ഇനിയൊരു ഗൗരി ആവര്‍ത്തിക്കാതിരിക്കാനും ഇത്തരം പ്രവണതകളെ തുടച്ചുനീക്കാനുമുള്ള ചടുലവും ദീര്‍ഘവീക്ഷണത്തോടെയുമുള്ള ഇടപെടലുകളാണ് പുതിയ കാലം ആവശ്യപ്പെടുന്നത്.