വിനയം വിശ്വാസിയുടെ മുഖമുദ്ര

വ്യക്തിത്വത്തിന്റെ ഏറ്റവും ഉന്നതമായ ഘടകമാണ് വിനയം. പെരുമാറ്റം ഏറ്റവും ഉത്കൃഷ്ടമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ മനസ്സിന്റെ അകത്തളങ്ങളില്‍ വിനയമുള്ളവനേ കഴിയൂ. അവര്‍ എപ്പോഴും സുസ്‌മേര വദനരായിരിക്കും. ദേഷ്യം, കുശുമ്പ്, വെറുപ്പ് തുടങ്ങിയ മാനസിക വികാരങ്ങള്‍ക്കവര്‍ വഴിപ്പെടുകയില്ല. നിറ പുഞ്ചിരിയോടെ അവര്‍ കാര്യങ്ങളെ സമീപിക്കുന്നു.
Posted on: June 10, 2018 9:02 am | Last updated: June 10, 2018 at 9:02 am
SHARE

വിജയത്തിന്റെ അനിവാര്യമായ ഗുണവിശേഷമാണ് വിനയം. അത് വിശ്വാസിയുടെ മുഖമുദ്രയാണ്. മറ്റുള്ളവരോടുള്ള പെരുമാറ്റ രീതിയില്‍ വിനയം കാത്തു സൂക്ഷിക്കാന്‍ നമുക്ക് കഴിയണം. ഞാന്‍ മറ്റുള്ളവരേക്കാള്‍ മുകളിലല്ല. സാമ്പത്തിക- ശാരീരിക കഴിവ് കൊണ്ടും മറ്റു പ്രവര്‍ത്തനങ്ങളെ കൊണ്ടും എന്നെക്കാള്‍ മുകളില്‍ പലരുമുണ്ട്. എന്ന ചിന്തയായിരിക്കണം വിശ്വാസിയിലുണ്ടാകേണ്ടത്. അങ്ങനെയുള്ളവരാണ് വിജയിക്കുക.
വിനയം പ്രസന്നതയാണ്. വിനയമുള്ളവരിലേക്ക് ജനങ്ങള്‍ ആകര്‍ഷിക്കപ്പെടും. അവര്‍ പൊതുസമ്മതരായിരിക്കും. പ്രശ്‌നപരിഹാരത്തിന് അവര്‍ക്ക് നിഷ്പ്രയാസം സാധിക്കും. അതുകൊണ്ട് തന്നെ അവന് സമൂഹത്തില്‍ ഉന്നതമായ സ്ഥാനമുണ്ടാകും. അത് സമൂഹം കല്‍പ്പിച്ചു നല്‍കുന്നതാണ്. അതിലേക്കാണ് ഖുര്‍ആനിക സൂക്തം സൂചന നല്‍കുന്നത്. അല്ലാഹു പറയുന്നു: തന്റെ സഹോദരനോട് താഴ്മ കാണിക്കുന്നവനെ അല്ലാഹു ഉന്നതനാക്കും. അഹങ്കാരം കാണിക്കുന്നവരെ ഇകഴ്ത്തുകയും ചെയ്യും.
അഹങ്കാരം തിന്മയാണ്. അത് ഇഹലോകത്തും പരലോകത്തും അപകടം ചെയ്യും. സ്വയം മേനി നടിച്ച് നടക്കുന്നത് അഹങ്കാരത്തിന്റെ ലക്ഷണമാണ്. അവര്‍ക്ക് അല്ലാഹു ഒരുക്കിയിട്ടുള്ളത് നരക ശിക്ഷയാണ്. ഖുര്‍ആന്‍ പറയുന്നു: അവരോട് പറയപ്പെടും. നിങ്ങള്‍ നരകത്തിന്റെ വാതിലുകളിലൂടെ പ്രവേശിക്കുക. അവിടെ നിങ്ങള്‍ നിത്യവാസികളായിരിക്കും. അഹങ്കാരികള്‍ക്കുള്ള താമസ സ്ഥലം വളരേ മോശമാണ്.
സ്വന്തത്തെ മനുഷ്യനായി ഉള്‍ക്കൊള്ളുന്നവര്‍ വിനയാന്വിതനാകാതെ തരമില്ല. കാരണം മനുഷ്യന്‍ അതിന്റെ ജന്മനാ തന്നെ നിരവധി കുറ്റങ്ങളുടെയും കുറവുകളുടെയും കൂടപ്പിറപ്പാണ്. എല്ലാം തികഞ്ഞവരായി ആരും ഉണ്ടാകില്ല. പിന്നെങ്ങനെയാണ് മനുഷ്യന്‍ അഹന്ത നടിച്ച് നടക്കുന്നത്. ലോകത്ത് എല്ലാം കൊണ്ടും പരിപൂര്‍ണനായ മുഹമ്മദ് നബി (സ്വ) കാണിച്ച വിനയത്തിന്റെ മാതൃക ഉള്‍ക്കൊണ്ട് നാം ജീവിക്കണം. ഒരിക്കല്‍ നബി (സ്വ)യും അനുചരന്മാരും ഒരു യാത്രാവേളയില്‍ വിശ്രമത്തിനായി ഒരിടത്ത് തമ്പടിച്ചു. ഒരാടിനെ അറുത്ത് പാകം ചെയ്യാന്‍ തീരുമാനിച്ചു. സ്വഹാബികളില്‍ ഒരാള്‍ പറഞ്ഞു. മൃഗത്തെ അറുക്കുന്ന കാര്യം ഞാന്‍ ചെയ്യാം. മറ്റൊരു സ്വഹാബി പറഞ്ഞു. ഇറച്ചി ഞാന്‍ വൃത്തിയാക്കിത്തരാം. മറ്റൊരാള്‍ പറഞ്ഞു. ഞാനാണത് പാകം ചെയ്യുക. ഇങ്ങനെ ഓരോ പണിയും ഓരോരുത്തരായി തിരഞ്ഞെടുത്തു. അപ്പോള്‍ നബി (സ്വ) പറഞ്ഞു: എന്നാല്‍ ഞാനാണ് വിറക് കൊണ്ടുവരിക. അനുചരന്മാര്‍ അത് വേണ്ടെന്ന് പറഞ്ഞെങ്കിലും നബി (സ്വ) അവരോട് പറഞ്ഞു. സ്വഹാബികളേ വിറക് കൊണ്ടുവരുന്ന കാര്യം നിങ്ങള്‍ ചെയ്യുമെന്ന് എനിക്കറിയാം. പക്ഷേ ഇത് ഞാനാണ് ചെയ്യുക. കാരണം നിങ്ങളെക്കാള്‍ ഉയര്‍ന്നവനായി നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സുഹൃത്തുക്കളേക്കാള്‍ സ്വയം ഉയര്‍ന്നവനായി നടക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. ഇതും പറഞ്ഞ് നബി (സ്വ) വിറക് ശേഖരിക്കാന്‍ പോയി. വലിയ നേതാവായിട്ടും ഇരിപ്പിടത്തിലിരുന്ന് അണികളോട് കല്‍പ്പിക്കുന്നതിന് പകരം അവിടുന്ന് ചെയ്തത് എത്രമാത്രം താഴ്മ നിറഞ്ഞ പ്രവര്‍ത്തനമാണെന്ന് ഓര്‍ത്തുനോക്കൂ. മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ നബി (സ്വ) പറയുന്നു: അല്ലാഹുവിന് വേണ്ടി വിനയം കാണിക്കുന്നവനെ അവന്‍ ഉന്നതനാക്കും.
വ്യക്തിത്വത്തിന്റെ ഏറ്റവും ഉന്നതമായ ഘടകമാണ് വിനയം. പെരുമാറ്റം ഏറ്റവും ഉത്കൃഷ്ടമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ മനസ്സിന്റെ അകത്തളങ്ങളില്‍ വിനയമുള്ളവനേ കഴിയൂ. അവര്‍ എപ്പോഴും സുസ്‌മേര വദനരായിരിക്കും. ദേഷ്യം, കുശുമ്പ്, വെറുപ്പ് തുടങ്ങിയ മാനസിക വികാരങ്ങള്‍ക്കവര്‍ വഴിപ്പെടുകയില്ല. നിറ പുഞ്ചിരിയോടെ അവര്‍ കാര്യങ്ങളെ സമീപിക്കുന്നു. പുഞ്ചിരി താഴ്മയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ്. നിറപുഞ്ചിരി ധര്‍മമാണെന്നാണല്ലോ നബി (സ്വ) പഠിപ്പിച്ചത്. സഹോദരനോടുള്ള പുഞ്ചിരി സ്വദഖയാണെന്നാണ് നബി വചനം. ഒരാള്‍ തന്റെ സമ്പത്തില്‍ നിന്ന് പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന സ്വദഖയുടെ പ്രതിഫലം കേവലം ഒരു പുഞ്ചിരിയിലൂടെ ഇസ്‌ലാം നല്‍കുന്നു. പുഞ്ചിരിക്ക് എത്രമാത്രം സ്ഥാനമാണ് ഇസ്‌ലാം നല്‍കിയിട്ടുള്ളതെന്ന് ഇതില്‍ നിന്ന് വ്യക്തമാകും.
ചിരിക്കാന്‍ കഴിവുള്ള ഏക ജീവിയാണ് മനുഷ്യന്‍. ഒരു ചിരിയിലൂടെ മറ്റുള്ളവരുടെ മാനസികനില മാറ്റിമറിക്കാന്‍ മനുഷ്യന് കഴിയും. മലപോലെ വരുന്ന വലിയ പ്രശ്‌നങ്ങളെ ഒതുക്കാനും ചിരി കൊണ്ട് സാധിക്കുന്നു. ഇങ്ങോട്ട് ചിരിച്ചാല്‍ പോലും തിരിച്ചങ്ങോട്ട് ചിരിക്കാന്‍ പിശുക്ക് കാണിക്കുന്നവര്‍ ഉണ്ട്. താന്‍ ചെറുതായിപ്പോകുമോ എന്നവര്‍ ഭയപ്പെടുന്നു.
സ്വന്തം സുഹൃത്തുക്കള്‍ക്കിടയിലും കുടുംബത്തിനിടയിലും സമൂഹത്തിലും വലിയ ആളുകളായി നടിക്കുന്നവരാണവര്‍. അത് അഹങ്കാരത്തിന്റെ ലക്ഷണമാണ്. മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുക എന്നതാണ് യഥാര്‍ഥ മനുഷ്യന്റെ ധര്‍മം. വിനയമുള്ളവനാണ് ഇത് നിര്‍വഹിക്കാന്‍ സാധിക്കുക.

തയ്യാറാക്കിയത് : അനസ് സഖാഫി ക്ലാരി

LEAVE A REPLY

Please enter your comment!
Please enter your name here